ഡി വില്ലിയേഴ്‌സിന് ശേഷം ഇതുപോലെ ഒരു കളിക്കാരനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; പുകഴ്ത്തി ഹര്‍ഭജന്‍ സിങ്
IPL
ഡി വില്ലിയേഴ്‌സിന് ശേഷം ഇതുപോലെ ഒരു കളിക്കാരനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; പുകഴ്ത്തി ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 3:50 pm

 

 

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹോം ടീമിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും ചെറുത്തുനില്‍പാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം പാളി. ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായപ്പോള്‍ അഞ്ച് പന്തില്‍ നാല് റണ്‍സ് നേടിയാണ് രോഹിത് ശര്‍മ തിരിച്ചുനടന്നത്. വണ്‍ ഡൗണായെത്തിയ നമന്‍ ധിര്‍ ആകട്ടെ ഒമ്പത് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ പുറത്തായി.

എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. തിലക് വര്‍മയെ ഒരറ്റത്ത് നിര്‍ത്തി സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചു.

ടി-20 ഫോര്‍മാറ്റിലെ ആറാം സെഞ്ച്വറിയും ഐ.പി.എല്ലിലെ രണ്ടാം സെഞ്ച്വറിയും നേടിയാണ് സ്‌കൈ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. 51 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് താരം സ്വന്തമാക്കിയത്. 12 ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ മികച്ച ഇന്നിങ്‌സിന് പിന്നാലെ സൂര്യകുമാറിനെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. എ.ബി ഡി വില്ലിയേഴ്‌സിന് ശേഷം ഇതുപോലെ ഒരു താരത്തെ കണ്ടിട്ടില്ല എന്നാണ് ഭാജി പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘എ.ബി. ഡി വില്ലിയേഴ്‌സിന് ശേഷം ഇതുപോലെ ഒരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. അവന്‍ ഞങ്ങളുടെ 360 ഡിഗ്രി ബാറ്ററാണ്. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു. സണ്‍റൈസേഴ്‌സിനെതിരെ ആര്‍ക്കും തടുക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു അവന്റെ ബാറ്റിങ്. ഒരു ബൗളറിന് പോലും അവനെ പരീക്ഷിക്കാന്‍ സാധിച്ചില്ല. നിലവില്‍ അവനെ പോലെ ഒരു താരം വേറെയില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ മുംബൈക്കായി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ.

മെയ് 11നാണ് മുംബൈയുടെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

 

 

Content highlight: IPL 2024: MI vs SRH: Harbhajan Singh Praises Suryakumar Yadav