നേരത്തെ ടോസ് നേടിയ ലഖ്നൗ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. മുമ്പ് നടന്ന മത്സരങ്ങളുടെ റിപ്പീറ്റെന്ന പോലെ സുനില്‍ നരെയ്‌നും ഫില്‍ സോള്‍ട്ടും തകര്‍ത്തടിച്ചു. മത്സരത്തിലെ ആദ്യ പന്ത് മുതല്‍ക്ക് തന്നെ സോള്‍ട്ടും നരെയ്‌നും നയം വ്യക്തമാക്കി.
14 പന്തില്‍ 32 റണ്‍സടിച്ച ഫില്‍ സോള്‍ട്ടിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് സോള്‍ട്ട് മടങ്ങിയത്.
എന്നാല്‍ പുറത്താകുന്നതിന് മുമ്പ്, ആദ്യ ഓവറില്‍ തന്നെ സോള്‍ട്ട് ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു. സീസണില്‍ ആദ്യ ഓവറില്‍ നിന്നുമായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് സോള്‍ട്ട് റെക്കോഡിട്ടത്.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ മാര്‍കസ് സ്റ്റോയ്‌നിസിനെ ബൗണ്ടറി കടത്തിയാണ് താരം തുടങ്ങിയത്. രണ്ടാം പന്ത് ഡോട്ട് ആയെങ്കിലും മൂന്നാം പന്തില്‍ മറ്റൊരു ബൗണ്ടറിയും താരം നേടി. നാലാം പന്തില്‍ സിംഗിള്‍ നേടിയ സോള്‍ട്ട് സ്‌ട്രൈക്ക് നരെയ്‌ന് കൈമാറി. ശേഷിക്കുന്ന രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സാണ് പിറന്നത്.
ആദ്യ ഓവറില്‍ നിന്നും ഒമ്പത് റണ്‍സ് കണ്ടെത്തിയതോടെയാണ് സോള്‍ട്ട് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.
ഫില്‍ സോള്‍ട്ടിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ ആംഗ്ക്രിഷ് രഘുവംശിയെ ഒപ്പം കൂട്ടി നരെയ്ന്‍ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് നരെയ്ന്‍ തിളങ്ങിയത്. 39 പന്തില്‍ ഏഴ് സിക്‌സറിന്റെയും ആറ് ബൗണ്ടറിയുടെയും അകമ്പടിയോടെ 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്. ഏകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇതാദ്യമായാണ് ഒരു ടീം 200 റണ്‍സ് മാര്‍ക് മറികടക്കുന്നത്.