Sports News
കൊടുങ്കാറ്റായി സ്റ്റാര്‍ക് ഇടിമിന്നലായി ഫാഫ്; ഹൈദരാബാദിനെ ചാരമാക്കി ദല്‍ഹിക്ക് രണ്ടാം വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 30, 01:31 pm
Sunday, 30th March 2025, 7:01 pm

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ വിജയം. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദല്‍ഹി വിജയിച്ചുകയറിയത്. മത്സരത്തില്‍ ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. 18.4 ഓവറില്‍ 163 റണ്‍സിനാണ് ഹൈദരാബാദിനെ ദല്‍ഹി തളച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി മൂന്ന് വിക്കറ്റ നഷ്ടത്തില്‍ 166 റണ്‍സ് നേടിയാണ് വിജയലക്ഷ്യം മറികടന്നത്.

27 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം 50 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസാണ് ദല്‍ഹിക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഫാഫിന് ശേഷം ഓപ്പണര്‍ ജാക് ഫ്രേസര്‍ മക്ഗര്‍ഗിനേയാണ് ദല്‍ഹിക്ക് നഷ്ടമായത്. 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടിയാണ് താരം പുറത്തായത്.

അതേസമയം സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫൈഫര്‍ നേട്ടമാണ് ഹൈദരാബാദിനെ പെട്ടന്ന് തകര്‍ക്കാന്‍ തുണയായത്. ആദ്യ ഓവറിന് എത്തിയ ദല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അവസാന പന്തില്‍ വിപ്രജ് നിഗം ഓപ്പണര്‍ അഭിഷേക് ശര്‍മയെ റണ്‍ ഔട്ടിലൂടെ പുറത്താക്കിയാണ് തുടങ്ങിയത്. ഒരു റണ്‍സിനാണ് താരം കൂടാരം കയറിയത്.

ശേഷം ഇറങ്ങിയ ഇഷാന്‍ കിഷനെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പറഞ്ഞയച്ച് വീണ്ടും സ്റ്റാര്‍ക്ക് തിളങ്ങി. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് തുടങ്ങിയ ഇഷാനെ രണ്ട് റണ്‍സിനാണ് സ്റ്റാര്‍ക്ക് മടക്കിയത്. നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെ പൂജ്യം റണ്‍സിന് പുറത്താക്കി സ്റ്റാര്‍ക്ക് വീണ്ടും സൂപ്പര്‍ സ്റ്റാറായി. തുടര്‍ന്ന് വിവിയന്‍ മുള്‍ഡര്‍ (9) ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെയും സ്റ്റാര്‍ക്ക് പറഞ്ഞയച്ചു.

ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അനികേത് വര്‍മയാണ്. 41 പന്തില്‍ നിന്ന് ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് താരം പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ബിഗ് ഷോട്ടിന് ശ്രമിച്ച താരത്തെ ബൗണ്ടറി ലൈനില്‍ നിന്ന് ജാക് ഫ്രേസര്‍ ഐതിഹാസികമായ ക്യാച്ചില്‍ കുരുക്കുകയായിരുന്നു.

മധ്യ നിരയില്‍ 32 റണ്‍സ് നേടിയാണ് ഹെന്റിച്ച് ക്ലാസന്‍ പുറത്തായത്. മോഹിത് ശര്‍മയ്ക്കാണ് വിക്കറ്റ്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 22 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. മത്സരത്തില്‍ സ്റ്റാര്‍ക്കിന് പുറമെ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും മോഹിത് ഒരു വിക്കറ്റും നേടി.

Content Highlight: IPL 2025: Delhi Capitals Won 7 Wicket Against S.R.H