ലഖ്‌നൗ തോറ്റാല്‍ സ്ഥാനം പോകും; നൈറ്റ് റൈഡേഴ്‌സ് ജയിച്ചാല്‍ ഒപ്പം തോല്‍ക്കുക രാജസ്ഥാന്‍ റോയല്‍സും
IPL
ലഖ്‌നൗ തോറ്റാല്‍ സ്ഥാനം പോകും; നൈറ്റ് റൈഡേഴ്‌സ് ജയിച്ചാല്‍ ഒപ്പം തോല്‍ക്കുക രാജസ്ഥാന്‍ റോയല്‍സും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th May 2024, 8:46 pm

ഐ.പി.എല്‍ 2024ലെ 54ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മറ്റ് മത്സരങ്ങളിലേതെന്ന പോലെ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ഫില്‍ സോള്‍ട്ടും കൊല്‍ക്കത്തക്ക് നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് കെ.കെ.ആര്‍ നേടിയത്.

14 പന്തില്‍ 32 റണ്‍സടിച്ച ഫില്‍ സോള്‍ട്ടിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് സോള്‍ട്ട് മടങ്ങിയത്.

ഫില്‍ സോള്‍ട്ടിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ ആംഗ്ക്രിഷ് രഘുവംശിയെ ഒപ്പം കൂട്ടി നരെയ്ന്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ്.

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 110ന് ഒന്ന് എന്ന നിലയിലാണ് കൊല്‍ക്കത്ത. നരെയ്ന്‍ 30 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ 16 പന്തില്‍ 22 റണ്‍സാണ് രഘുവംശി അടിച്ചെടുത്തത്.

സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവുമായി 14 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഈ മത്സരത്തില്‍ വിജയിച്ചാല്‍ കൊല്‍ക്കത്തക്ക് 16 പോയിന്റാകും.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും 16 പോയിന്റാണുള്ളത്. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെയാണ് പിങ്ക് ആര്‍മി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ലഖ്‌നൗവിനെ പരാജയപ്പെടുത്തിയാല്‍ നൈറ്റ് റൈഡേഴ്‌സിന് പോയിന്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടക്കാന്‍ സാധിക്കില്ലെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ അതിന് സാധിക്കും. നിലവില്‍ ഏറ്റവുമധികം റണ്‍ റേറ്റുള്ളതും കൊല്‍ക്കത്തക്കാണ്. ലഖ്‌നൗവിനെതിരെ വിജയിച്ചാല്‍ റണ്‍ റേറ്റ് വര്‍ധിക്കുമെന്നുറപ്പാണ്.

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആഷ്ടണ്‍ ടര്‍ണര്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

 

Content highlight: IPL 2024: KKR vs LSG: If Kolkata wins the match, they will surpass Rajasthan Royals in points table