Advertisement
World News
ട്രംപിനും മസ്കിനും തിരിച്ചടി; വിസ്കോൺസിൻ സുപ്രീം കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിക്ക് ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 02, 06:35 am
Wednesday, 2nd April 2025, 12:05 pm

വാഷിങ്ടൺ: വിസ്കോൺസിൻ നടന്ന സുപ്രീം കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിക്ക് വിജയം. ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിയായ സൂസൻ ക്രോഫോർഡാണ് വിജയിച്ചത്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ജുഡീഷ്യൽ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക് കൺസർവേറ്റിവ് സ്ഥാനാർത്ഥിക്ക് വേണ്ടി ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ചിട്ടും ലിബറൽ സ്ഥാനാർഥിയായ സൂസൻ ക്രോഫോർഡ് വിജയിച്ചത് ട്രംപിനും മസ്കിനും വലിയ തിരിച്ചടിയായി.

ഡെയ്ൻ കൗണ്ടിയിൽ നിന്നുള്ള ലിബറൽ ജഡ്ജിയായ ക്രോഫോർഡ്, മുൻ റിപ്പബ്ലിക്കൻ അറ്റോർണി ജനറലും വൗകെഷ കൗണ്ടിയിൽ നിന്നുള്ള കൺസർവേറ്റീവ് ജഡ്ജിയുമായ ബ്രാഡ് ഷിമലിനെയാണ് പരാജയപ്പെടുത്തിയത്.

84 ശതമാനത്തിലധികം വോട്ടുകൾ നേടിയതോടെ, ക്രോഫോർഡ് ഷിമെലിനെ ഏകദേശം 10 ശതമാനം പോയിന്റുകൾക്ക് പിന്നിലാക്കുകയായിരുന്നു.

‘ഇന്ന് വിസ്കോൺസിനൈറ്റുകൾ നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തെ ചെറുത്തുനിന്നു. വിസ്കോൺസിൻ എഴുന്നേറ്റു നിന്ന് നീതിക്ക് വിലയിടാനാവില്ലെന്ന് ഉറക്കെ പറഞ്ഞു. നമ്മുടെ കോടതികൾ വിൽപ്പനയ്ക്കുള്ളതല്ല,’ മാഡിസണിൽ നടന്ന വിജയാഘോഷ പരിപാടിയിൽ ക്രോഫോർഡ് പ്രതികരിച്ചു.

ഇതോടെ സംസ്ഥാന സുപ്രീം കോടതിയിൽ ലിബറലുകൾ 4-3 ഭൂരിപക്ഷം നിലനിർത്തി. ഗർഭഛിദ്രം, കളക്റ്റീവ് ബാർഗൈനിങ് റൈറ്സ് എന്നിവയെക്കുറിച്ചുള്ള പ്രധാന കേസുകളിലെ വാദം കോടതി കേൾക്കുമെന്നതിനാൽ ആ ഭൂരിപക്ഷം വളരെ പ്രധാനമാണ്.

അതേസമയം വിസ്കോൺസിനിലെ ഏറ്റവും വലിയ നഗരമായ മിൽവാക്കിയിൽ വലിയ പോളിങ് റിപ്പോർട്ട് ചെയ്തു. വലിയ പോളിങ് കാരണം ഏഴ് പോളിങ് സ്ഥലങ്ങളിൽ ബാലറ്റുകൾ തീർന്നുവെന്ന് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തെരഞ്ഞെടുപ്പിനായി ആകെ 80 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2023ലെ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച 51 മില്യൺ ഡോളറിന്റെ മുൻ റെക്കോർഡ് ഇത്തവണ മറികടന്നു. എലോൺ മസ്‌കും അനുബന്ധ ഗ്രൂപ്പുകളും മാത്രം 20 മില്യൺ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. ട്രംപിനെ വിജയിപ്പിക്കാൻ ഉപയോഗിച്ച ചില തന്ത്രങ്ങൾ ഈ തെരഞ്ഞെടുപ്പിലും മസ്‌ക് ആവർത്തിച്ചു. ആക്ടിവിസ്റ്റ് ജഡ്ജിമാരെ എതിർക്കുന്ന ഒരു നിവേദനത്തിൽ ഒപ്പിടുന്ന ആളുകൾക്ക് 100 ഡോളർ വാഗ്ദാനം ചെയ്യുന്നത് മുതൽ വോട്ടർമാർക്ക് ഒരുമില്യൺ ഡോളർ ചെക്കുകൾ വാഗ്ദാനം ചെയ്യുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു.

മസ്‌കും അദ്ദേഹത്തിന്റെ ഡോഗും ഫെഡറൽ ഏജൻസികൾക്ക് നൽകിയ മോശം പ്രകടനത്തിൽ അസ്വസ്ഥരായ വോട്ടർമാരെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു.

 

Content Highlight: Wisconsin supreme court race: liberal Susan Crawford beats Musk-backed candidate