മുംബൈ: ഐ.പി.എല്‍ പുതിയ സീസണിന് മുന്‍പ് ഓള് സ്റ്റാര്‍ ഗെയിം നടപ്പിലാക്കാന്‍ ബി.സി.സി.ഐ. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എല്ലാ ടീമിലേയും പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തി ഒരു മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐയും ഐ.പി.എല്‍ ഭരണസമിതിയും ഒരുങ്ങുന്നത്.
മാര്‍ച്ച് 25 നാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 നാണ് ഐ.പി.എല്‍ ഉദ്ഘാടന മത്സരം.
ഐ.പി.എല്ലിലെ വിവിധ മേഖലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. വടക്കു-കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്സ് ഇലവന് പഞ്ചാബ്, രാജസ്ഥാന് റോയല്‍സ്, ടീമുകളില്‍നിന്നാകും ഒരു ടീം രൂപീകരിക്കുക.
തെക്കു-പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളില്‍നിന്ന് രണ്ടാമതൊരു ടീമും രൂപീകരിക്കും.
ഇതോടെ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ നായകന്മാരായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവര്‍ ഒരു ടീമില്‍ കളിക്കും. ഇവര്‍ക്കൊപ്പം എ.ബി. ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുമുണ്ടാകും.