തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ല. രഹസ്യരേഖയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവിടില്ലെന്ന് അറിയിച്ചിരിക്കുന്നത്.
തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ല. രഹസ്യരേഖയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവിടില്ലെന്ന് അറിയിച്ചിരിക്കുന്നത്.
മനോരമ ന്യൂസ് നല്‍കിയ വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ എം.ആര്‍. അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
റിപ്പോര്‍ട്ട് പൊലീസിലെ ഒരു രഹസ്യവിഭാഗമായാണ് കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ തന്നെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് മറുപടി.
ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, പൊലീസ് മേധാവി എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയെന്ന വിവരവും വിവരവകാശത്തില്‍ പറയുന്നു. ഇക്കാരണത്താല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. കൂടാതെ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ പോലും ഡി.ജി.പി ഇതുവരെ തയ്യാറായിട്ടില്ല.
ഒക്ടോബര്‍ മൂന്നിനാണ് പൂരം അലങ്കോലമാക്കിയതില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു നടപടി. പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നായിരുന്നു ഉത്തരവ്.
ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ ഒക്ടോബര്‍ അഞ്ചിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ അടുത്ത ആഴ്ചയോടെ ഉത്തരവിറങ്ങുമെന്നും ഇന്ന് (ഞായറാഴ്ച) ഡി.ജി.പിയുടെ ശുപാര്‍ശ ലഭിക്കുമെന്നും ആഭ്യന്തരവകുപ്പ് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് വിവരാവകാശ മറുപടി ലഭിക്കുന്നത്.
Content Highlight: Investigation report on Thrissur Pooram defacement will not be released