കോഴിക്കോട്: ഫറോഖ് സ്‌റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്. കമ്മീഷണര്‍ എ.വി. ജോര്‍ജാണ് ഉത്തരവിട്ടത്. സര്‍വീസില്‍ ഇത്രയും നാളും ഉമേഷ് നടത്തിയിട്ടുള്ള അച്ചടക്ക ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ വനിതാ സുഹൃത്തിന് വീട് വാടകയ്ക്ക് എടുത്തു നല്‍കിയെന്ന് ആരോപിച്ച് ഉമേഷിനെ എ.വി ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു ഇത്. ഉമേഷ് നല്‍കിയ പരാതിയില്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തെക്കുറിച്ച് ഐ.ജി തല അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. ഉത്തരമേഖലാ ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
സസ്‌പെന്‍ഷനെതിരെ പ്രതികരിച്ചുകൊണ്ട് ഉമേഷ് ഫേസ്ബുക്കിലെഴുതിയിരുന്നു. കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഉമേഷിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഉത്തരവില്‍ പരാമര്‍ശിപ്പിക്കപ്പെടുന്ന യുവതിയും പരാതി നല്‍കിയിരുന്നു.
യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നല്‍കിയിരുന്നത്. ഈ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനും ഉമേഷ് വള്ളിക്കുന്നിനെതിരെ നേരത്തെയും നടപടിയെടുത്തിരുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ, യു.എ.പി.എ ചുമത്തിയ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ചും അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പൊലീസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തില്‍ നിരന്തരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും ഈ കാരണം കാണിക്കല്‍ മെമ്മോയില്‍ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ നടപടി തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമത്തിന്റെ ഭാഗമാണെന്നാണ് ഉമേഷിന്റെ പ്രതികരണം. കോഴിക്കോട് ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.