ഷാഹിന ഇ.കെയുടെ ഫാന്റം ബാത്തിന് ഒരാമുഖം
Daily News
ഷാഹിന ഇ.കെയുടെ ഫാന്റം ബാത്തിന് ഒരാമുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2017, 1:49 pm

ഏത് പുസ്തകത്തിന്റെയും ആദ്യ വായന എന്നത് ഒരു സാഹസികത കൂടിയാണ്. സി അന്തപ്പായിയുടെ അവതാരികകളെക്കുറിച്ച് പറയുമ്പോള്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവതാരിക എഴുത്തുകാരെ വള്ളത്തില്‍ യാത്രക്കാരെ വിളിച്ചു കയറ്റുന്ന ദല്ലാള്‍ മാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അന്തപ്പായിയോടുള്ള വിരോധമാണ് സ്വദേശാഭിമാനിയൊക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെങ്കിലും അതിലൊരു മൗലികമായ സത്യമുണ്ട്.

യാത്രക്കാര്‍ക്ക് പോവാനുള്ള വഴിയേ പോകുന്ന വള്ളമാണോ, മറ്റു വഴിയിലൂടെ ഈ വള്ളത്തിന് പോകാന്‍ പറ്റുമോ എന്നതൊക്കെ അറിഞ്ഞോ അറിയാതെയോ ഓരോ അവതാരികകളിലും മറച്ചു വെക്കപ്പെടുന്നുണ്ടാവാം. പുസ്തകം പരിചയപ്പെടുത്തല്‍ പ്രസംഗം എന്ന കലാരൂപം അന്നു വികസിച്ചിരുന്നുവെങ്കില്‍ അവരെക്കുറിച്ചും സ്വദേശാഭിമാനി ഇത് പറഞ്ഞേനേ. അത്തരമൊരു സാഹസികതയ്ക്ക് സംഭവിക്കാവുന്ന എല്ലാ തെറ്റുകുറ്റങ്ങളും സ്വയം ഏറ്റു കൊണ്ടാണ് ഞാനീ പുസ്തകത്തിന്റെ വായനയിലേക്ക് കടക്കുന്നത്.

ഷാഹിനയുടെ കഥകളുടെ പൊതു സവിശേഷത കഥ പറയാന്‍ ഉപയോഗിക്കുന്ന ഭാഷയുടെ മൃദുത്വമാണ്. ഒട്ടുമേ ആലങ്കാരികമല്ലാത്ത മൃദുവും പേലവുമായ ഒരു ഭാഷാ സ്വരൂപമാണ് ഷാഹിന പൊതുവെ പിന്തുടരുന്നത്. ഹിംസാത്മകമല്ല എന്നര്‍ത്ഥം. പരിചിതവും അകഥാപരവുമായ സന്ദര്‍ഭങ്ങളില്‍ നിന്ന് കഥയെ കണ്ടെടുക്കുന്നതിനുള്ള മിടുക്കാണ് മറ്റൊന്ന്.

ഷാഹിന ഇ.കെ

നാടകീയതകള്‍ ഒട്ടുമില്ലാത്തതും സംഭവപരമ്പരകളോ ക്രിയാംശത്തിന്റെ അതിദ്രുതത്തിലുള്ള വിന്യാസമോ ഇല്ലാത്ത മന്ദമായ ഒരൊഴുക്ക്. അതിനാല്‍ തന്നെ അനായാസമാണ് ഷാഹിനയുടെ എഴുത്തു രീതി എന്നു തോന്നാം. പുതിയ കഥാസമാഹാരമായ ഫാന്റം ബാത്തും ഈയൊരു പരിസരത്ത് തന്നെയാണ് ഉരുവം കൊണ്ടിട്ടുള്ളത്.

മേല്‍പ്പറഞ്ഞ പൊതു സമീപനങ്ങള്‍ ഷാഹിനയുടെ കഥന രീതി മാത്രമല്ല, പൊതുവെ ഉത്തരാധുനിക കഥയുടെ രീതി പദ്ധതികള്‍ വികസിക്കുന്നത് ഈയൊരു പരിസരത്തു തന്നെയാണ്. അത് രാജേഷ് ആര്‍ വര്‍മ്മയ്ക്കും വി എം ദേവദാസിനും അബിന്‍ ജോസഫിനും ഒക്കെ ചേരുന്ന വിശേഷണങ്ങള്‍ തന്നെയാണ്.

കഥയുടെ തൊങ്ങലുകളും ആല ഭാരങ്ങളും മുറിച്ചു കളയുകയും ഒട്ടും നാടകീയതയില്ലാത്ത, അകാല്‍പ്പനിക ഭാഷയില്‍, പരിചിത സന്ദര്‍ഭങ്ങളില്‍ നിന്നു കഥ മെനയുകയുമാണ് ഇവരെല്ലാം ചെയ്തു വരുന്നത്. സ്ഥൂലവും പൊതുവായതുമായ അമൂര്‍ത്തതയില്‍ നിന്ന് സൂക്ഷ്മവും അനന്യവുമായ മൂര്‍ത്തതയിലേക്കുള്ള രാഷ്ട്രീയ മാറ്റം കൂടിയാവാമീ സങ്കേത പരിചരണം. മൂര്‍ത്തത എല്ലായ്‌പ്പോഴും അരികുകളെ നിര്‍മ്മിക്കുകയോ അദൃശ്യവത്കരിക്കുകയോ ചെയ്യുന്നുണ്ടല്ലോ.

ഷാഹിനയുടെ പുതിയ സമാഹാരത്തിന്റെ മുന്നുരയായി ചേര്‍ക്കപ്പെട്ടിട്ടുള്ളത് ഴാങ് പോള്‍ സാര്‍ത്രെയുടെ വളരെ പ്രസിദ്ധമായ പ്രസ്താവനകളിലൊന്നാണ്. “Every Word has consequences, Every silence too… ” (ഉച്ചരിക്കപ്പെട്ട എല്ലാ വാക്കുകള്‍ക്കും പരിണിത ഫലങ്ങളുണ്ട്, എല്ലാ മൗനങ്ങള്‍ക്കും…).

സാര്‍ത്രെ ഇതെഴുതുന്നത് 1945ലാണ്. രണ്ടാം ലോകയുദ്ധ കാലത്ത് ലിബറല്‍ ബുദ്ധി ജീവികള്‍ പുലര്‍ത്തിപ്പോന്ന നിശബ്ദതക്കെതിരായ രാഷ്ട്രീയ ആക്രമണം കൂടിയായിരുന്നു സാര്‍ത്രെയുടെത്. എഴുത്തുകാരുടെ മൗനമെന്ന രാഷ്ട്രീയ ശരികേടിനെതിരായ രൂക്ഷമായ ആക്രമണം.

The writer is situated in his time എന്നാരംഭിക്കുന്ന വാചകം ഫ്‌ളോബറും ഗോണ്‍കോര്‍ട്ടും പാരീസ് കമ്യൂണ്‍ന്റെ അടിച്ചമര്‍ത്തലിനെതിരെ പുലര്‍ത്തിയിരുന്ന കനത്ത നിശബ്ദതയെ ചൂണ്ടിക്കാട്ടി കമ്യൂണിന്റെ തകര്‍ച്ചയില്‍ അവര്‍ക്ക് കൂടി പങ്കുണ്ടെന്ന് കുറ്റപത്രം നല്‍കിയാണവസാനിപ്പിക്കുന്നത്.

 

യാദൃശ്ചികമായാണ് സാര്‍ത്രിന്റെ മൗനത്തെക്കുറിച്ചുള്ള നിരീക്ഷണം ഷാഹിന തന്റെ കഥയുടെ പുറം വാതിലായി അവതരിപ്പിക്കുന്നത് എന്ന് കരുതിക്കൂടാ. ജര്‍മ്മനിയില്‍ അക്കാലത്തുണ്ടായിരുന്ന ഫാഷിസത്തിന് സമാനമായ ഒരു രാഷ്ട്രീയ അന്തരീക്ഷം നിറയുന്ന ഘട്ടത്തില്‍, ഇഷ്ടവാചകങ്ങളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമാവാതിരിക്കാന്‍ തരമില്ല. ആ അര്‍ത്ഥത്തില്‍ ഫാന്റം ബാത്ത് വായിച്ചു തുടങ്ങുന്നതിനു മുമ്പേ തന്നെ രാഷ്ട്രീയമാവുന്നുണ്ട്.

സാര്‍ത്രിന്റെ നീരീക്ഷണം പുറത്ത് വന്നത് Les temps Moderns (The Modern times) എന്ന ഫ്രഞ്ച് ജേണലിന്റെ ആദ്യ പതിപ്പിലാണ്. ലിബറല്‍ എഴുത്തു വാരികകള്‍ക്കും ജേണലുകള്‍ക്കുമെതിരായ ഇടതുപക്ഷ പ്രതിനിധാനം എന്ന നിലയില്‍ സാര്‍ത്രിന്റെ മുഖ്യ ഇടപെടലില്‍ പുറത്ത് വന്ന ഈ ജേണല്‍ ചാപ്‌ളിന്റെ വിഖ്യാതമായ സിനിമയില്‍ നിന്ന് കടം കൊണ്ട ശീര്‍ഷകമായിരുന്നു സ്വീകരിച്ചത്.

അക്കാലത്തെ ഫ്രഞ്ച് ഇടതു ബുദ്ധിജീവികള്‍ മിക്കവരും സഹകരിച്ച ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ മര്‍ലോ പോണ്ടിയും സിമോണ്‍ ദി ബുവെയമുണ്ടായിരുന്നു. കൗതുകകരമായ ഒരു കാര്യം രണ്ടാം തരംഗ ഫെമിനിസത്തിന്റെ ബൈബിള്‍ എന്നു വിളിക്കപ്പെടുന്ന സിമോണ്‍ ദി ബുവെയുടെ ദ സെക്കന്‍ഡ് സെക്‌സ് എന്ന 1949 ലിറങ്ങിയ വിഖ്യാത ഗ്രന്ഥത്തിലെ പ്രബന്ധങ്ങളുടെ കരടു രൂപം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതും Modern Times ന്റെ ആദ്യ പതിപ്പിലായിരുന്നു എന്നതാണ്.

“One is not born, but rathar become a women ” (ആരും സ്ത്രീയായി ജനിക്കുകയല്ല സ്ത്രീയായി മാറുകയാണ് ചെയ്യുന്നത് ) എന്ന ബുവെയുടെ പ്രസ്താവന വന്ന പതിപ്പില്‍ നിന്നു തന്നെയാണ് ഷാഹിന തന്റെ ആരംഭ വാചകം കണ്ടെടുത്തത് എന്നത് വീണ്ടുമാ കഥാസമാഹാരത്തെ രാഷ്ട്രീയമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നു.

പന്ത്രണ്ട് കഥകളാണ് ഫാന്റം ബാത്തിലുള്ളത്. ഇവയെ പൊതുവായി ഘടിപ്പിക്കുന്നതോ ആന്തരികമായി തുടര്‍ച്ചയുണ്ടാക്കുന്നതോ ആയ ഒന്നും കഥകളിലില്ല. പ്രമേയ, ഭാവ, രൂപ പരമായി പന്ത്രണ്ട് കഥകളും വ്യതിരക്തമായി നില്‍ക്കുന്നു. ഒരു പൊതു ചരടിനാല്‍ കൂട്ടിക്കെട്ടി നിര്‍ത്താന്‍ പറ്റാത്ത, ഓരോ ക്രമീകരണത്തെയും ആന്തരികമായി അപ്പോള്‍ തന്നെ റദ്ദ് ചെയ്യുന്ന ചിതറല്‍ സ്വഭാവം കഥകള്‍ക്ക് പൊതുവായുണ്ട്.

മറ്റൊരര്‍ത്ഥത്തില്‍ ബഹുസ്വരാത്മകമാണ് ഫാന്റം ബാത്തിന്റെ പൊതു സവിശേഷത എന്നു പറയാം. വിഭജനങ്ങളെയും കീറിമുറിക്കലുകളെയും പൊതുവായി സാധ്യമാക്കാന്‍ കഴിയാത്ത തരം സവിശേഷ സ്വഭാവം ഓരോ കഥകളുമുള്‍ക്കൊള്ളുന്നു എന്നു സാരം.

ന്യൂ ജനറേഷന്‍ എന്ന തലക്കെട്ടിലുള്ള ആദ്യ കഥ ജനറേഷന്‍ ഗ്യാപ് എന്ന് പൊതുവെ വിളിച്ചു പോരുന്ന സൗന്ദര്യപരവും ഭാവുകത്വപരവുമായ വിഛേദങ്ങളിലെ പകപ്പിനെ ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. കഥാകാരി സാമ്പ്രദായികതയോട് പക്ഷം പ്രഖ്യാപിച്ചു കൊണ്ടാണ് നില്‍പ്പുറപ്പിച്ചിട്ടുള്ളത്.

മാറ്റങ്ങളുടെ ദ്രുത സ്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ശാരീരികമായ ഒരു ചൊറിച്ചിലായി അവയെ ഏറ്റുവാങ്ങേണ്ടി വരുന്ന രക്ഷാകര്‍ത്താവാണ് കഥയുടെ കര്‍തൃസ്ഥാനം, സമാഹാരത്തിന്റെ പേര് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫാന്റം ബാത്ത് എന്ന രണ്ടാമത്തെ കഥയാവട്ടെ പ്രതീതി യാഥാര്‍ത്ഥ്യ പരമായ പുതിയ സാമൂഹികാവസ്ഥയും സ്ത്രീയുടെ ഭൗതിക യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു കൂട്ടിയിടിക്കലാണ്.

അങ്ങേയറ്റം സ്വകാര്യമായ കുളി എന്ന പ്രവൃത്തി ചുവരിലോ ഷവറിന് കീഴെയോ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരൊറ്റക്കണ്‍ നോട്ടത്തിലൂടെ വിശാലമായ പ്രതീതിയാഥാര്‍ത്ഥ്യ ലോകത്തേക്ക് തുറക്കപ്പെടാമെന്ന അബോധ ആകുലതയെയാണ് കഥ ഉള്‍ക്കൊള്ളുന്നത്. വല്യേട്ടന്‍ നോക്കി നില്‍ക്കുന്നു (Big brother is watching you) എന്ന മാധ്യമീകൃത / സര്‍വൈലന്‍സ് പനാപ്റ്റികോണ്‍ സൃഷ്ടിക്കുന്ന ആകുലതകള്‍.

സ്ത്രീ ശരീരത്തെ ഉത്സവ ഭൂമിയായി നോക്കിക്കാണുന്ന ജാവേദ് എന്ന യുവാവിന്റെ യഥാര്‍ത്ഥ്യപ്പെടലാണ് ഉത്സവ ഭൂമിയെന്ന മൂന്നാമത്തെ കഥയുടെ പ്രമേയ പരിസരമാകുന്നത്.

“”ചെറ്റയാം വിടന്‍ കഷ്ടമിനിമേല്‍ ഞാനെങ്ങനെ കണ്ണാടി നോക്കു “മെന്ന വൈലോപ്പിളളിയുടെ മധ്യവര്‍ഗ നായകന്റെ പശ്ചാത്താപ വിവശതയിലേക്കാണ് ജാവേദും എത്തിപ്പെടുന്നത്, ധിഷണമോഹന്‍ വാര്‍ത്തകളുടെ മരണത്തിനു ശേഷ മെന്ന കഥ ചാനല്‍ റിപ്പോര്‍ട്ടറായ ഒരു യുവതിയുടെ ഇച്ഛയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള കൂട്ടിയിടിയാണെന്ന് കാണാം, സ്റ്റാറ്റസ് എന്ന അഞ്ചാമത്തെ കഥ ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സവിശേഷ സ്വഭാവം കൊണ്ടു കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്.
മരണാനന്തരമുള്ള കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രണയവും സൗഹൃദവുമെല്ലാം ഉപരിപ്ലവമാണെന്ന് തിരിച്ചറിയുന്ന ഒരു കൗമാരക്കാരനാണ് കഥയുടെ കേന്ദ്രം. അടഞ്ഞും തുറന്നും ചില കാറ്റു ജാലകങ്ങള്‍ എത്തുമ്പോഴാവട്ടെ കന്യമാര്‍ക്ക് നവാനുരാഗം കമ്രശോണ സഫടിക വളകള്‍ ഒന്നു പൊട്ടിയാല്‍ മറ്റൊന്നെന്ന ലാഘവത്വം കാണാം.

പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടതിന് പല പ്രണയം കൊണ്ട് പ്രതികാരം ചെയ്യുന്ന പെണ്‍കുട്ടിയാണ് കഥയുടെ കാതല്‍. സമുദ്രമെന്ന ഏഴാമത്തെ കഥയാവട്ടെ “മെനോപോസ് ” അവസ്ഥയെത്തുടര്‍ന്ന് മൂത്രമൊഴിക്കുന്നതില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത മധ്യവയസ്‌കയായ ഒരു സ്ത്രീശരീരവും പുറം ലോകവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ് ആവിഷ്‌കൃതമാകുന്നത്. ക്രിസ്ത്യാനി സാന്താക്ലോസിലെത്തുമ്പോള്‍ സ്‌കൂളില്‍ പോയി വരുന്ന കുട്ടി പൊടുന്നനവേ പുറം ലോകത്തിന്റെ വിഭാഗീയ സ്വഭാവം തിരിച്ചറിയുന്നതിനെക്കുറിച്ചു പറയുന്നു.

 

ഒമ്പതാമത്തെ കഥയായ റിയാലിറ്റി ഷോ സംസാരിക്കുന്നത് കൗമാരക്കാരായ കുട്ടികളുടെ നിഷേധരൂപമാര്‍ന്ന പ്രണയത്തിലേക്കുള്ള അമ്മയുടെ ഇടിച്ചു കയറലിനെക്കുറിച്ചാണ്. കനി ആവട്ടെ മെന്റലി ചാലഞ്ച് ഡായ ഒരു കുട്ടിക്ക് ആര്‍ത്തവമാരംഭിക്കുന്ന നിമിഷത്തിലെ അമ്മയുടെ നിസഹായതയെക്കുറിച്ച് പറയുന്നു, പ്രണയത്തില്‍ ചതിക്കപ്പെടുന്നതിന്റെ പ്രതികാരമായാണ് മൂര്‍ച്ച സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ അവസാന കഥയായ ബ്ലാക് വിഡോ ഒരു പെണ്ണുകാണല്‍ ചടങ്ങില്‍ അതിനെ രൂക്ഷമായി പരിഹസിച്ചു കൊണ്ട് സ്വത്വം പ്രഖ്യാപിക്കുന്ന പെണ്‍കുട്ടിയെ കാണാം.

ഇങ്ങനെ, പരസ്പരം ബന്ധിപ്പിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ ചിതറി നില്‍ക്കുന്ന പന്ത്രണ്ട് അനുഭവ പരിസരങ്ങളാണ് ഫാന്റം ബാതിന്റെ രൂപ സംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.ഏത് ക്രമപ്പെടുത്തലിനെയും മറ്റൊരു കഥ റദ്ദ് ചെയ്യുന്നത് കാണം.പ്രമേയപരമായി അവയെ വിലയിരുത്തുന്നത് പിഴവായി മാറാനുള്ള സാധ്യത അതിനാല്‍ തന്നെ അതിലടങ്ങിയിരുക്കുന്നു.

എങ്കിലും കഥാപരിസരങ്ങളെയോ സംഭവ പശ്ചാത്തലത്തെയോ മുന്‍ നിര്‍ത്തി അവയെ അകം കഥകള്‍ / പുറം കഥകള്‍ എന്നു വിഭജിക്കുക സാധ്യമാണ്. അത്തരമൊരു വര്‍ഗീകരണം പൗരസ്ത്യ കലാ സങ്കല്‍പ്പങ്ങളില്‍ ആഴത്തില്‍ വേരുള്ളതാണ് താനും. ദ്രാവിഡ സൗന്ദര്യ ശാസ്ത്രപരമായ കലാചിന്തയില്‍ സംഘ കാലം തൊട്ടേ അകം കാവ്യങ്ങള്‍ എന്നും പുറം കാവ്യങ്ങള്‍ എന്നും ഉള്ള വിഭജനം കാണാം.

താരതമ്യേന വൈയക്തികമോ വൈകാരികമോ ആയ വിഷയ സമീപനങ്ങളെ അകം എന്നും സാമൂഹ്യപരവും ഭരണ/സമ്പദ് / യുദ്ധ പരമായ വിഷയ സമീപനങ്ങള്‍ പുറം എന്നും വ്യവഹരിച്ചു പോന്നു. വിഷയ സമീപനത്തെ എന്നതിനെക്കാള്‍ കഥാപശ്ചാത്തലത്തെയാണ് ഫാന്റം ബാതിലെ വിഭജനത്തിനുള്ള അന്തരിക യുക്തിയായി സ്വീകരിക്കാന്‍ കഴിയുക.

ഗാര്‍ഹികവും കുടുംബാന്തരീക്ഷപരവുമായ കഥാപരിസങ്ങള്‍ ഉള്‍ക്കൊള്ളുന്നവയെ അകം കഥകള്‍ എന്നും, പുറം ലോകവും പൊതു ഇടവും പരിസരമാകുന്നവ പുറം കഥകളെന്നും വിഭജിക്കുക സാധ്യമാണ്. കൗതുകകരമായ ഒരു യാദൃശ്ചികത ഫാന്റം ബാതില്‍ നേര്‍ പകുതി വെച്ച് ഇവ രണ്ടുമുണ്ട് എന്നതാണ്.

ന്യൂ ജനറേഷന്‍, ക്രിസ്ത്യാനി സാന്താക്ലോസ്, റിയാലിറ്റി ഷോ, കനി, മൂര്‍ച്ച, ബ്ലാക് വിഡോ എന്നിവ അകം കഥകളിലാണ് ഉള്‍പ്പെടുന്നത്. ഇതില്‍ മൂര്‍ച്ച ഒഴികെ ബാക്കിയുള്ളവ മുഴുവന്‍ നാഗരിക മധ്യവര്‍ഗ അണുകുടുംബത്തിനകമേ സംഭവിക്കുന്നവയാണ്. എല്ലാ കഥകളും സാമ്പത്തികമായി സ്വയം പര്യാപ്തരും താരതമ്യേന വിദ്യാസമ്പന്നരുമായ കുടുംബ ഘടനയെ പ്രതിനിധീകരിക്കുന്നു.

എല്ലാ കഥകളിലെയും കുടുംബത്തില്‍ ഒരു കുട്ടി മാത്രമേ ഉള്ളൂ എന്നതും പ്രധാനമാണ്.പൊതുവെ നവലിബറല്‍ സാമ്പത്തിക നയങ്ങളും പുത്തന്‍ സാമൂഹിക ചുറ്റുപാടുകളും ചേര്‍ന്നു രൂപീകരിച്ച ഉത്തര തൊണ്ണൂറിയന്‍ നാഗരിക മധ്യവര്‍ഗ അണുകുടുംബങ്ങളാണിവയെല്ലാം.

പുറംകഥകള്‍ എന്ന് വിളിക്കാന്‍ പറ്റുന്ന ബാക്കി ആറെണ്ണത്തിലാവട്ടെ പുറത്തേക്കുള്ള യാത്രയാണ് കഥയായി മാറുന്നത്. മാധ്യമീകൃതവും പ്രതീതി യാഥാര്‍ത്ഥ്യപരവുമായ പുത്തന്‍ സാമൂഹികാന്തരീക്ഷത്തിലേക്കുള്ള യാത്രകളാണ് കഥാപരിസരം എന്നു സാരം.

ഫാന്റം ബാത് എന്ന കഥാസമാഹാരത്തിന്റെ രാഷ്ട്രീയമാവുന്നത് ഈ അകം/ പുറം സംഘര്‍ഷമാണെന്ന് കാണാം. ഇവ തമ്മിലുള്ള സംഘട്ടനമോ സംവാദമോ ആണ് ഫാന്റം ബാത് ഉള്‍ക്കൊള്ളുന്നത്. അകം/പുറം, വീട് / സമൂഹം ,സ്ത്രീ / പുരുഷന്‍ എന്നിങ്ങനെയുള്ള അസംഖ്യം ദ്വന്ദ്വ വൈരുധ്യങ്ങളുടെ ആഖ്യാനങ്ങളെക്കുറിച്ചാണ് സിമോണ്‍ ദി ബുവെ സ്ത്രീ ആയിത്തീരലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഊന്നിയത്.

കാര്‍ട്ടീഷ്യന്‍ ദ്വൈത്വചിന്തയെന്ന പുരുഷാധികാര ആധുനികതയുടെ അടിസ്ഥാന പ്രമാണങ്ങള്‍ തന്നെയാണ് ഷാഹിനയുടെ കഥകളുടെയും രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്.ആ അര്‍ത്ഥത്തിലാണ് ഫാന്റം ബാത് സ്ത്രീപക്ഷ കഥകളാവുന്നതും, കേവല പ്രമേയപരമായി മാത്രമല്ല എന്നര്‍ത്ഥം.

അകവും പുറവും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ചില കഥകള്‍ ഭാവനാത്മകമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് കാണാം. ഫാന്റം ബാത് എന്ന കഥയില്‍ ഈ സംഘര്‍ഷം താനെന്ന സാംസ്‌കാരിക സ്വത്വത്തിന്റെ പ്രത്യക്ഷ തെളിവായ മുഖത്തെ പരിചിതമായ ഒരു മിഥ്യയെ വെച്ച് മറയ്ക്കുന്ന സ്ത്രീയെ കാണാം.

ഉണ്മ (being), ആയിത്തീരലാവുന്നു (becoming) ഇവിടെ.മുഖം വെളിവാക്കുക എന്നത് സ്ത്രീ വിമോചനപരമായിരുന്ന ഒരു കാലത്ത് നിന്ന്, മുഖത്തെ ആവരണം ചെയ്യുന്നതിലൂടെ മാത്രം വിമോചിതമാവുന്ന സ്ത്രീ ശരീരമെന്നതിലേക്കുള്ള ഒരു മാറ്റം ഈ കഥയിലുണ്ട്.

ഫാന്റത്തിന്റെ മുഖം മൂടി ധരിക്കുന്നതിലൂടെ അധികാരത്തിന്റെ/ പുരുഷലോകത്തിന്റെ ഉണ്ടാകാന്‍ സാധ്യതയുള്ള സാന്നിധ്യത്തെ മറികടക്കുകയാണ് കഥയിലെ പെണ്‍കുട്ടി. അജ്ഞാതത്വം (Anonymtiy) എന്നതിലേക്കുള്ള കര്‍തൃപരമായ വിഛേദമാണത്. ശരീരത്തിന്റെ പുണ്യ/ പാപ ബോധങ്ങളല്ല മുഖം മറയ്ക്കുന്നതിലൂടെ സ്വതന്ത്ര്യമാകുന്ന ശരീരമെന്ന ബോധമാണ് പരിഹാരമായികഥയില്‍ നിറയുന്നത്.

 

 

ധിഷണമോഹന്‍ എന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ റാഡിക്കലായ ഒരു ഫെമിനിസ്റ്റ് പൊസിഷന്‍ സ്വീകരിച്ചു കൊണ്ടാണ് വൈരുധ്യങ്ങളെ മറികടക്കുന്നത്. തന്റെ ഇച്ഛയെ വെട്ടിയൊതുക്കി കീഴ്‌പ്പെടുത്തുന്ന ആണധികാരത്തോട് (ക്യാമറമാന്‍ സിനോജ്, എഡിറ്റര്‍) പ്രത്യക്ഷത്തില്‍ ഇടഞ്ഞ് സ്വതന്ത്ര്യമാവാന്‍ ധിഷണയ്ക്ക് കഴിയുന്നു.

അടഞ്ഞും തുറന്നു എത്തുമ്പോഴാവട്ടെ, പരിശുദ്ധമെന്നോ കളങ്കരഹിതമെന്നോ കരുതിപ്പോരുന്ന പ്രണയമെന്ന അനുഭൂതിയാവിഷ്‌കാരത്തെ, അതിന്റെ ആലവട്ടങ്ങളെയെല്ലാം കുടഞ്ഞു കളഞ്ഞ് സമര്‍ത്ഥമായ കളവാക്കി സംഘര്‍ഷങ്ങളെ മറികടക്കുന്ന പെണ്‍കുട്ടിയെയാണ് കാണാന്‍ പറ്റുക.

ശരീരരാഷ്ട്രീയം പ്രത്യക്ഷത്തില്‍ തന്നെ പറയുന്ന കഥയാണ് സമുദ്രം. മൂത്രമൊഴിക്കുക എന്ന പ്രാഥമിക അവകാശം നിഷേധിക്കപ്പെടുന്ന അധികാര രൂപമായി സമൂഹം ഹേമാംബികയെ കുരുക്കിട്ട് പിടിക്കുന്നുണ്ട്. തന്റെ ശാരീരികാവശ്യത്തെ നിറവേറ്റാന്‍ പറ്റാതെ നിസഹായയാവുന്ന സ്ത്രീ ശരീരം രൂപേഷ് പോളിന്റെ പെണ്‍കുട്ടി ഒരു രാഷ്ട്രമാണെന്ന കവിതയിലെ പോലെ സമുദ്രത്തിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.

പഞ്ചനക്ഷത്ര റസ്റ്റാറണ്ടില്‍
നമ്മുടെ /പ്രണയഭാഷണത്തിന്റെ
ആറു മണിക്കൂര്‍./
മെഴുകുതിരി വെളിച്ചത്തില്‍
നിന്റെ ഇമകളുടെ മന്ദാക്ഷം./ഗകചഏ എന്നെഴുതി വെച്ച
കക്കൂസിലേക്ക് ഞാന്‍
പല തവണ മൂത്രമൊഴിക്കാന്‍
പോയി./നീയോ, /മൂത്രാശയ രോഗങ്ങളുടെ ദേവതേ,
അപ്പോഴെല്ലാം /എനിക്കു വേണ്ടി നമ്ര മുഖിയായി /
ലജ്ജാവതിയായി /കാത്തിരുന്നു

ഹേമാംബികയുടേത് പ്രണയത്തിനു വേണ്ടിയുള്ള ത്യാഗങ്ങളല്ലെങ്കിലും മൂത്രമൊഴിക്കാന്‍ വഴി തെളിയാത്ത മഞ്ഞച്ച ശരീരം കഥയില്‍ നിറയുന്നത് കാണാം. ഒടുക്കം തന്റെ മേല്‍, സമൂഹം നിക്ഷേപിച്ചിട്ടുള്ള മുഴുവന്‍ സാംസ്‌കാരിക കെട്ടു ഭാണ്ഡങ്ങളെയും പൊട്ടിച്ചെറിഞ്ഞ് ആഞ്ഞു പെയ്യുന്ന മഴയില്‍ തുറന്ന വീഥിയില്‍ പരസ്യമായി മൂത്രമൊഴിച്ചാണ് ഹേമാംബിക രക്ഷ പ്രാപിക്കുന്നത്.

മഴ സ്ത്രീ ശരീരത്തിന്റെ തുറന്നിടലിനെ മറയ്ക്കാനുള്ള ഒന്നായി കൂടി മാറുന്നു ഇവിടെ. ഇക്കോഫെമിനസത്തിന്റെ രാഷ്ട്രീയം മുന്‍നിര്‍ത്തി വായിക്കപ്പെടാന്‍ എല്ലാ സാധ്യതകളുമുള്ള പൊള്ളുന്ന കഥകളിലൊന്നാണ് സമുദ്രം.

ബ്ലാക്ക് വിഡോയിലും ധിഷണാ മോഹന് സമാനമായ ധീരയായ ഒരു പെണ്‍കുട്ടിയുണ്ട്. പെണ്ണുകാണല്‍ ചടങ്ങിനെ കറുത്ത ഹാസ്യം കൊണ്ട് കോമാളിത്തരമാക്കുന്നതിലൂടെയാണ് ബ്ലാക് വിഡോയിലെ നേഹ സ്വയം ആവിഷ്‌കരിക്കുന്നത്.ഈ അഞ്ചു കഥകളും സ്ത്രീയുടെ സ്വത്വ പ്രഖ്യാപനമാണെന്ന് കാണാം.

നേരത്തെ പറഞ്ഞ അകം/പുറം സംഘര്‍ഷത്തില്‍ അധികാര സ്ഥാനത്തോട് ഇടയുന്ന സ്ത്രീകളാണ് ഇവര്‍ അഞ്ചു പേരും. അതില്‍ ധിഷണയും നേഹയുമൊഴിച്ച് ബാക്കിയുള്ളവര്‍ അധികാരത്തെ സമര്‍ത്ഥമായി കബളിപ്പിക്കുകയാണ് ചെയ്യുന്നത് എന്നത് കൗതുകമാണ്. കബളിപ്പിക്കലിലൂടെ നേടി എടുക്കുന്ന താല്‍ക്കാലിക സ്വാതന്ത്ര്യമാണവരുടെ പിടിവള്ളി.

നാനാ ഭാഗത്ത് നിന്നുള്ള സാമൂഹിക സമ്മര്‍ദ്ദത്തിനിടയ്ക്ക് പ്രത്യക്ഷത്തില്‍ വിമോചിതമെന്ന് തോന്നാത്ത നിലയെടുത്ത് വിമോചിതരാവുകയാണവര്‍. അധികാരത്തോടുള്ള ഒരു തരം നെഗോസിയേഷന്‍ എന്നു പറയാം.

റഫീഖ് ഇബ്രാഹീം

ബാക്കി കഥകളാവട്ടെ അകം/പുറം വൈരുധ്യത്തില്‍ പതറുകയോ നിസഹായരാവുകയോ ചെയ്യുന്നവരെക്കുറിച്ചാണ്. ന്യൂ ജനറേഷനില്‍ മകന്റെ പൊടുന്നെനെയുള്ള രൂപമാറ്റങ്ങളില്‍ പതറിപ്പോകുന്ന രക്ഷാകര്‍ത്താക്കളെ കാണാം. തങ്ങള്‍ക്കതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല തങ്ങളുടെ പ്രതിഷേധത്തെ അര്‍ത്ഥവത്തായി മകന്റെ മുമ്പില്‍ ആവിഷ്‌കരിക്കാന്‍ കഴിയാതെ അവര്‍ കുഴങ്ങിപ്പോവുകയും ചെയ്യുന്നു.

ചൊറിച്ചില്‍ എന്ന ശാരീരിക അസുഖത്തെ സ്വയം ഏറ്റുവാങ്ങി മകനു വേണ്ടി പീഢിതനാവുന്ന പിതാവായാണ് സഹദേവന്റെ നില്‍പ്, സ്റ്റാറ്റസില്‍ മരണ ശേഷമാണ് സിദ്ധാര്‍ത്ഥിന് ബന്ധങ്ങളുടെ ഉപരിപ്ലവത വെളിവാകുന്നത്. അയാളുടെ നിലവിളികളും രോദനങ്ങളും ആരും കേള്‍ക്കാതെ ഒടുങ്ങിത്തീരുകയാണ് ചെയ്യുന്നത്. ക്രിസ്ത്യാനി സാന്താക്ലോസിലും ഇത്തരമൊരു നിസഹായവസ്ഥ കാണാം.

കിന്റര്‍ഗാര്‍ട്ടനില്‍ നിന്ന് തിരിച്ചെത്തുന്ന മകന്‍ പുറം ലോകത്തിന്റെ വിഭാഗീയതകളെ ഉള്ളിലേറ്റാന്‍ തുടങ്ങുന്നതു കാണുന്ന അമ്മ സ്തബധയായിപ്പോവുന്നുണ്ട്. കനിയിലാവട്ടെ ബുദ്ധിയുറയ്ക്കാത്ത മകളുടെ ശരീരമുറയ്ക്കുന്നത്, ആ ശരീരത്തിലേക്കുള്ള പുറം ലോകത്തിന്റെ നോട്ടങ്ങള്‍ തറയ്ക്കുന്നത് നിസഹായമായി നോക്കി നില്‍ക്കേണ്ടി വരുന്ന അമ്മയെ കാണാം. നിസഹായമോ, വിഹ്വലമോ ആയ ഈ അവസ്ഥകളിലൊന്നും പരിഹാരമെന്നത് അവരുടെ സ്വപ്നങ്ങളില്‍ പോലുമില്ല. ഏറ്റുവാങ്ങിയും പാകപ്പെട്ടും ജീവിച്ചു തീര്‍ക്കുക എന്നതല്ലാതെ.

ഫാന്റം ബാത്തിനെ സംബന്ധിച്ച് അകം/പുറം അനുഭവസ്ഥനങ്ങളില്‍ ഏതെങ്കിലും ഒന്ന് കേവല ആദര്‍ശാത്മകമായി നില്‍ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചിലയിടത്ത് ശുദ്ധമായി ഗാര്‍ഹിക ത നില്‍ക്കുമ്പോള്‍ (ഫാന്റം ബാത്ത്, കനി, സ്റ്റാറ്റസ് ) ചിലയിടത്ത് അധികാര പ്രത്യക്ഷമാണ് ഗാര്‍ഹികത (അടഞ്ഞും തുറന്നും, ബ്ലാക് വിഡോ). പുറത്തെ സംബന്ധിച്ചും ഇത് കാണാം.
ഉത്സവ ഭൂമിയിലെ ജാവേദ് ആന്തരികമായി വിമോചിതനാവുന്നത്, ധിഷണ ഇച്ഛാനുസരണം യാത്രയാകുന്നത്, ഹേമാംബിക ശരീരം സ്വതന്ത്ര്യമാക്കുന്നത് ഒക്കെ പുറത്താണ്. അകം/പുറം എന്നിവയില്‍ ഒന്നിനെ കേവല ആദര്‍ശവത്കരിച്ചിരുന്നുവെങ്കില്‍ നവകാല്‍പ്പനികതയിലേക്കോ യൂട്ടിലിറ്റേറിയന്‍ യുക്തിയിലേക്കോ കഥാ സമാഹാരം വഴി മാറിയേനേ.

അങ്ങനെ ചെയ്യാതെ ഇരു അനുഭവ സ്ഥാനങ്ങള്‍ക്കുമിടയില്‍ കൊള്ള കൊടുക്കല്‍ നടത്തുന്ന മനുഷ്യജീവിതങ്ങളെ അതേ പടി ആവിഷ്‌കരിക്കാനാണ് കഥാകാരി തുനിയുന്നത്. മനുഷ്യര്‍ അവരുടെ ചരിത്ര ഘട്ടങ്ങളില്‍ നടത്തിയ സംഘര്‍ഷ പൂരിതമായ ഇടപെടലുകളെ സത്യസന്ധമായി ആവിഷ്‌കരിക്കുമ്പോഴാണല്ലോ സാഹിത്യം രാഷ്ട്രീയമായി ശരിയാവുന്നത്.ആ അര്‍ത്ഥത്തില്‍ സത്യസന്ധമായ കഥാശ്രമങ്ങളാണ് ഷാഹിനയുടേത്.

ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ച് എടുത്തു പറയാനുള്ള മറ്റൊരു സവിശേഷത അമ്മ ഒരു വിരാട് രൂപമായി കഥകളില്‍ കാണാം എന്നതാണ്. ഒട്ടുമിക്ക കഥകളിലും അമ്മയുടെ സാന്നിധ്യമുണ്ട്.ബ്ലാക് വിഡോയില്‍ മകളുടെ പെണ്ണുകാണല്‍ ചടങ്ങില്‍ നിശബ്ദ അധികാര സാന്നിധ്യമായി വാതില്‍ പുറകില്‍ അമ്മ നില്‍ക്കുമ്പോള്‍ കനിയില്‍ മകളുടെ ശാരീരിക വളര്‍ച്ചയെ സ്വയമേറ്റെടുക്കാന്‍ പോന്ന സഹനശേഷിയായി അമ്മയെക്കാണാം.

വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരമ്മയാണത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഈ അമ്മയില്‍ നിന്നുള്ള വേര്‍പെടലിന്റെ പറുദീസാ നഷ്ടത്തിന്റെ ആവിഷ്‌കാരങ്ങളാണ് മിക്ക കഥകളും. സ്റ്റാറ്റസിലെ സിദ്ധാര്‍ത്ഥിന്റെ മരണം അമ്മയെ നിരസിക്കുന്നതിന്റെ പരിണിത ഫലമാണ്. ഈ പറുദീസാ നഷ്ടത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് ക്രിസ്ത്യാനി സാന്താക്ലോസ്.അമ്മയില്‍ നിന്നുള്ള വിടല്‍ പ്രകൃതിയില്‍ നിന്ന്, നന്മയില്‍ നിന്ന്,നീതിയില്‍ നിന്നുള്ള വിടുതലാവുന്നുണ്ട് കഥയില്‍. ഇത്തരമൊരു വിടുതല്‍ ഇടശേരിയുടെ പളളിക്കൂടത്തിലേക്ക് വീണ്ടും എന്ന കവിതയിലും കാണാം

“നിന്നെയും കാത്തു പതിവുപോലെ
വന്നിരിക്കുന്നുണ്ടിളംകിളികള്‍ /പ്രേഷ്ഠരവരോട് യാത്ര ചൊല്ലൂ,പേച്ചറിയുന്നവര്‍ നിങ്ങള്‍ തമ്മില്‍! /നീ പോയ് പഠിച്ചു വരുമ്പോഴേക്കും
നിങ്ങളന്യോന്യം മറന്നിരിക്കും!/പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം;/നാവില്‌നിന്നെപ്പോഴേ പോയ്ക്കഴിഞ്ഞൂ
നാനാജഗന്മനോരമ്യഭാഷ! /
പുസ്തകജ്ഞാനമവരെ മര്ത്ത്യ പുത്രനും തിര്യക്കുമാക്കി മാറ്റി!

മനുഷ്യനും മൃഗവുമായി വകതിരിയുന്ന പ്രാകൃതികതയും നാഗരികതയും വെവ്വേറെയാവുന്ന ഇതേ കുട്ടി തന്നെയാണ് സാന്താക്ലോസിലും. അമ്മയുടെ കഥകളിലെ പൂവും പുല്‍ച്ചാടിയും കിളികളും പോയ് മറഞ്ഞ് അവിടേക്ക് മനുഷ്യര്‍ കയറുമ്പോള്‍ കൂടെ കയറുന്ന ഹിന്ദു / ക്രിസ്ത്യന്‍ / മുസ്ലിം വിഭജനങ്ങള്‍ കഥയെ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമാക്കുന്നുണ്ട്.

വ്യക്തിപരമായി ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കഥകള്‍ സമുദ്രവും കനിയും ആണെന്ന് പറയാം. രണ്ടു കഥകളും തമ്മിലൊരു പരസ്പര പൂരകത്വമുണ്ട്. രണ്ടും ശരീര രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നു. ഒന്ന് ആര്‍ത്തവാരംഭമാണെങ്കില്‍ മറ്റൊന്ന് ആര്‍ത്തവാവസാനമാണ് സന്ദര്‍ഭമാവുന്നത്.ഇരിടത്തും സ്ത്രീ ശരീരം വസ്തുവത്കൃതമാണ്. ആ തലത്തിലും കൂടി സിമോണ്‍ ദി ബുവെയുടെ സ്ത്രീയായി തീരലെന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ ഷാഹിന തൊടുന്നു.

നിശ്ചയമായും ഷാഹിനയുടെ കഴിഞ്ഞ കഥാസമാഹാരം പോലെ ഇതും വിജയിക്കപ്പെടട്ടെ, ധാരാളം ചര്‍ച്ച ചെയ്യപ്പെടട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട് ഷാഹിനയുടെ എഴുത്തു ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് അവസാനിപ്പിക്കുന്നു.

(ഫാന്റം ബാതിന്റെ പ്രകാശന കര്‍മ്മത്തില്‍ പുസ്തകം പരിചയപ്പെടുത്തി നടത്തിയ പ്രസംഗത്തില്‍ നിന്ന്)