തത്കാലം അപര്‍ണയെ ഓണ്‍ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യാന്‍ പറ്റില്ല എന്നതായിരുന്നു അടുത്ത നിലപാട്. എഡിറ്റോറിയല്‍ ടീമിലുള്ളവര്‍ക്ക് മാത്രമേ പ്രസന്റ് ചെയ്യാന്‍ പറ്റുവെന്ന് അറിയിച്ചു. നിങ്ങളെന്നെ എഡിറ്റോറിയല്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് ഇതേ അജണ്ട മനസ്സില്‍ വച്ചായിരുന്നില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. കാരണം, ഞാന്‍ കൃത്യമായി ബി.ജെ.പിക്കെതിരെ ചര്‍ച്ചകള്‍ നടത്തും. ബി.ജെ.പിക്കെതിരെ നിലപാടുകള്‍ എടുക്കും. ഞാന്‍ ഓണ്‍ എയറില്‍ കയറിയാല്‍ ഇവര്‍ക്കെന്നെ നിയന്ത്രിക്കാന്‍ പറ്റില്ലെന്ന ധാരണ ഉണ്ടായിരുന്നിരിക്കണം.റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍ സംസാരിക്കുന്നു.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. വേള്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 180 രാജ്യങ്ങളില്‍ 161ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇതിലൂടെ മനസിലാക്കാം. ശബ്ദിക്കുന്നവരെജയിലിലടച്ച് ഭീതി ജനിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അപ്പോഴും മാധ്യമങ്ങള്‍ സംഘപരിവാറിന്റെ സ്തുതിപാടകരായി മാറുന്നത് ആ ആശയത്തോടുള്ള ചായ്‌വ് ആയിട്ടാണോ നിലനില്‍പ്പിന്റെ പ്രശ്നമായാണോ കാണുന്നത്?
മാധ്യമപ്രവര്‍ത്തനം പണത്തിനുവേണ്ടി മാത്രമായി മാറുന്ന ഒരു കാലഘട്ടമാണിതെന്നാണ്, പലപ്പോഴായി മനസിലായിട്ടുള്ളത്. നിങ്ങള്‍ക്ക് സംഘപരിവാര്‍ ഫണ്ടില്ലേ എങ്ങനെയാണ് അവിടെ ജോലി ചെയ്യുക എന്ന് ചോദിക്കുമ്പോള്‍, പണം എന്നൊരു പ്രശ്‌നമില്ലേ എന്ന് മറുചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേരളത്തില്‍ പോലും ഞാന്‍ കണ്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം പണമായി മാറുന്നു. ആ പറയുന്ന മാറ്റം മാധ്യമപ്രവര്‍ത്തനരംഗത്ത് ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഞാന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വന്നത് അതൊരു സാമൂഹിക പ്രവര്‍ത്തനമായി കണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു കേവല ജോലി ആയിരുന്നില്ല. ഏതെങ്കിലും ഒരു ജോലി ചെയ്ത് പണം സമ്പാദിക്കുക എന്ന രീതിയിലല്ല ഇത് തെരഞ്ഞെടുത്തത്. അങ്ങനെയാണെങ്കില്‍ ഇത്രയധികം വര്‍ഷം ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ ജോലി ചെയ്യില്ല.
റിപ്പോര്‍ട്ടര്‍ ചാനലില്‍ 500 രൂപയ്ക്ക് ജോലി ചെയ്ത അല്ലെങ്കില്‍ ഒരു രൂപ പോലും ശമ്പളം ഇല്ലാതെ ജോലി ചെയ്ത ആളാണ് ഞാന്‍. എന്നാല്‍ പഴയ റിപ്പോര്‍ട്ടറില്‍ എനിക്ക് രാഷ്ട്രീയം പറയാമായിരുന്നു. നിലപാടുകള്‍ സ്വീകരിക്കാന്‍ പറ്റുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ റിപ്പോര്‍ട്ടറില്‍ അത് എത്രത്തോളം പറ്റുമെന്നതില്‍ എനിക്ക് സംശയമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവിക്കണം. അതിനു പണം ആവശ്യമാണെന്നതില്‍ ഒരു സംശയവുമില്ല. എന്നുവെച്ച് പണത്തിനു വേണ്ടി നമുക്ക് എന്ത് ജോലിയും ചെയ്യാന്‍ പറ്റുമോ. മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്തപ്പെട്ട ജോലിയാണ്. അത് ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തനമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.
അടിയന്തരാവസ്ഥ കാലത്തെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് എന്റെ അപ്പ ഒരുപാട് രസകരമായിട്ട് പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെ കേട്ട് പ്രചോദനമായിട്ടാണ് ഞാന്‍ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോള്‍ മീഡിയയിലേക്ക് പല കുട്ടികളും കടന്നുവരുന്നത് അതിന്റെ ഗ്ലാമര്‍ കണ്ടിട്ടാണ്. എന്നാല്‍ ഞാന്‍ വന്നത് അതിന്റെ ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റ് കണ്ടിട്ടാണ്.
ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം എപ്പോഴും സംസാരിക്കുന്ന ഒരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നിട്ടുള്ള ഒരാള്‍. എന്റെ കുടുംബപശ്ചാത്തലവും അങ്ങനെയാണ്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ലഘുലേഖകള്‍ എഴുതിയ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് അച്ഛനൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അവര്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ആവേശത്തോടെ വായിച്ചിട്ടുള്ള ലഘുലേഖകളെ കുറിച്ച് പറഞ്ഞ് തന്നിട്ടുണ്ട്.
അതാണ് ജേര്‍ണലിസം എന്ന് പറഞ്ഞ് ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഉള്ളിലേക്ക് ഒരു സ്പാര്‍ക്ക് ഇട്ട് തന്നത് എന്റെ അച്ഛനാണ്. ഞാന്‍ ഒരിക്കലും വിഷ്വല്‍ മീഡിയയിലേക്ക് വരണമെന്ന് ആഗ്രഹിച്ച ആളല്ല. വഴിതെറ്റി വിഷ്വല്‍ മീഡിയയിലേക്ക് വന്നൊരാളാണ്. പ്രിന്റ് മിഡയിലേക്ക് വരാനായിരുന്നു താല്‍പര്യം. അങ്ങനെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പഠിച്ച് ആഗ്രഹിച്ച് വന്നൊരാളാണ്.
പക്ഷേ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വളരെയധികം സങ്കടമുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ കളര്‍ മാറിയിരിക്കുന്നു. അതിന്റെ സ്വഭാവം മാറിയിരിക്കുന്നു. നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയില്‍ ആളുകള്‍ നിലപാടുകള്‍ സ്വീകരിക്കുന്നു. നമ്മുടെ ചുറ്റും നില്‍ക്കുന്ന മനുഷ്യന്മാരെ അവരുടെ വേഷത്തിന്റെ പേരിലും അവരുടെ മതത്തിന്റെ പേരിലുമൊക്കെ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ നമുക്ക് സഹിക്കാന്‍ പറ്റുമോ. ഒരു സാധാരണ മനുഷ്യന് അതെങ്ങനെയാണ് സഹിക്കാന്‍ ആവുക.
മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ പ്രതികരിക്കേണ്ടവര്‍ അതിനെ ന്യായീകരിക്കുന്ന കാഴ്ച എത്രയോ വട്ടം കണ്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഈ കാര്യങ്ങളൊക്കെ തമാശ രൂപേണ പറയുന്നത് കേട്ടിട്ടുമുണ്ട്.
ദേശീയ മാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങളൊക്കെ വളരെ തമാശയായാണ് കൈകാര്യം ചെയ്യുന്നത്. തട്ടമിട്ടവരും, പ്രത്യേക പേരുള്ളവരും, പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരൊക്കെയല്ലെ തീവ്രവാദികളായി മാറുന്നതെന്ന് പറയുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് കേട്ടിട്ടുണ്ട്.
എന്നാല്‍ തീവ്ര ഹിന്ദുത്വ എന്ന് പറയുന്ന സംവിധാനം ഉണ്ടെന്നത് മറന്നു വെച്ചിട്ടാണ് അവര്‍ തീവ്രവാദത്തെക്കുറിച്ച് ഇപ്പുറത്ത് നിന്ന് സംസാരിക്കുന്നത്. ഇതിനെ കുറിച്ച് തീര്‍ത്തും സംസാരിക്കാത്ത മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമാണോ എന്ന് ചോദിക്കേണ്ടി വരും.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇതുപോലെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പോവുകയാണ്. ചിലപ്പോള്‍ അത്ര വര്‍ഷം പോലും വേണ്ടി വരില്ല. കേരളം കുറച്ചുകൂടി ബെറ്റര്‍ ആണെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നമ്മള്‍ കേരളത്തില്‍ കാണാന്‍ പോകുന്നത് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകരെയാണ്. ഈ ചോദ്യങ്ങള്‍ക്കൊക്കെ കയ്യടിക്കാനും ആളുകളുണ്ട്.
അതില്‍ ഒരു ഉദാഹരണമാണ് ശബരിമല വിഷയം. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധിക്ക് അനുകൂലമായി ചര്‍ച്ചകള്‍ നടത്തിയ അപൂര്‍വം മാധ്യമസ്ഥാപനങ്ങളില്‍ ഒന്ന് റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു. അതേസമയം ആ സമയത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉണ്ടായിരുന്നത് ജനം ടി.വിക്കാണ്.
ജനം ടി.വിക്ക് ആ റേറ്റിംഗ് വന്നത് ശബരിമല വിധിക്കെതിരെ നില്‍ക്കുന്നു എന്നുള്ളത് കൊണ്ടാണ്. ഇവിടെ മാറി വരുന്ന ചിന്താഗതിയെ നാം ഭയക്കേണ്ടതുണ്ട്. അതിന് വലിയ തോതില്‍ സംഭാവന ചെയ്യാന്‍ സംഘപരിവാറിന് സാധിച്ചിട്ടുണ്ട്.
2014 നു മുമ്പ് നിങ്ങള്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ഇന്ത്യയിലെ ഒരു മുസ്‌ലിമിനോടും രാജ്യത്തെ ഒരാളും പറയുന്നത് നമ്മള്‍ കേട്ടിട്ടില്ല. 2014 ന് ശേഷം നിങ്ങള്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് രാജ്യത്തെ മുസ്‌ലിങ്ങളോട് പലരും ധൈര്യത്തോടെ പറയുന്നത് എന്തുകൊണ്ടാണ്. എങ്ങനെയാണ് ഈ മനുഷ്യന്മാര്‍ ഇവിടെ അപരവല്‍ക്കരിക്കപ്പെട്ടവരായി മാറിയത് എന്ന ചോദ്യത്തിന് ഇവിടുത്തെ ഭരണകൂടം നല്‍കിയ കോണ്‍ട്രിബ്യൂഷന്‍ അതാണ് എന്നേ പറയാന്‍ സാധിക്കുകയുള്ളൂ.
ഇത് മാധ്യമ രംഗത്തേക്കും അതിശക്തമായി കടന്നു വന്നുകൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ഇതിനെതിരെ നിശബ്ദരായി ഇരിക്കും എന്നത് എനിക്ക് നിസംശയം പറയാന്‍ സാധിക്കും. എത്രകാലം എന്ന് മാത്രമേ നോക്കാനുള്ളൂ. വളരെ പ്രതീക്ഷയോടെ കണ്ടുകൊണ്ടിരുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തില്‍ എത്രകാലം ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കപ്പെടുമെന്ന് എനിക്ക് സംശയമുണ്ട്.
മാധ്യമങ്ങള്‍ക്ക് അയിത്തം കല്‍പിച്ച പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. അതിനിടയില്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് മാത്രം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കി. അതില്‍ അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് ചോദിച്ചത് കാലാവസ്ഥയെക്കുറിച്ചാണ്. മോദിയോട് ചോദ്യം ചോദിക്കാനുള്ള അവസരം പോലും വിനിയോഗിക്കാനുള്ള ശേഷി ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് ഇല്ലാതെ പോകുന്നത് എന്ത് കൊണ്ടായിരിക്കാം?
ഇവരില്‍ നിന്നും മറ്റെന്ത് ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത്. ഉത്തരേന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും ദളിത് പീഡനങ്ങളെ കുറിച്ചും ഇവര്‍ ചോദിക്കും എന്ന് കരുതിയോ. ഗുജറാത്ത് വംശഹത്യയില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്ന് ചോദിക്കും എന്ന് കരുതിയോ.
എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ ഇങ്ങനെ വേട്ടയാടുന്നതെന്ന് ചോദിക്കും എന്ന് കരുതിയോ. അധികാര കേന്ദ്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുമെന്ന് കരുതിയോ? എന്തുകൊണ്ടാണ് നിങ്ങള്‍ പ്രതിപക്ഷത്തെ ഭയക്കുന്നത് എന്ന് ചോദിക്കുമെന്ന് കരുതിയോ.
ഇന്ത്യയില്‍ മുസ്‌ലിം-ഹിന്ദു ഡിവിഷന്‍ ഉണ്ടാക്കുന്നതില്‍ ആര്‍.എസ്.എസ് വലിയ പങ്ക് വഹിക്കുന്നില്ലേ എന്ന് ചോദിക്കുമെന്നാണോ കരുതിയത്. ഇങ്ങനെയൊക്കെ ചോദിക്കാന്‍ നട്ടെല്ലുള്ള ദേശീയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഉണ്ടോ. ദേശീയ മാധ്യമങ്ങളൊക്കെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നാവായി പ്രവര്‍ത്തിക്കുന്നു എന്നതിനപ്പുറത്തേക്ക് എന്താണ് ഉള്ളത്.
ഇനി കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതും ഇതാണ്. അടുത്ത ഡ്രാമ സംഭവിക്കാന്‍ പോകുന്നത് കേരളത്തില്‍ ആയിരിക്കും. വരാന്‍ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എന്തൊക്കെ തരത്തിലുള്ള മാനിപ്പുലേഷന്‍ ആയിരിക്കും ഇവിടെ നടക്കാന്‍ പോകുന്നത്.
എത്രകാലം നമുക്ക് ആര്‍.എസ്.എസിനെതിരെ സംസാരിക്കാന്‍ പറ്റും. പേരുവെച്ച് പോലും മനുഷ്യന്മാരെ വേര്‍തിരിക്കുന്ന ഇടത്ത് നിന്ന് എങ്ങനെയാണ് നമ്മള്‍ ആര്‍.എസ്.എസിനെതിരെ സംസാരിക്കാന്‍ പോകുന്നത്. ഒരു പുസ്തകമോ പേന കത്തിയോ കയ്യില്‍ വച്ചാല്‍ പോലും യു.എ.പി.എ പ്രകാരം 20 വര്‍ഷം ഒരു വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പറ്റുന്ന അമന്‍മന്റ് ബില്ലുകള്‍ കൊണ്ടുവന്നതിനു ശേഷം എങ്ങനെയാണ് നമ്മള്‍ ഈ രാജ്യത്ത് ആര്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ പോകുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നത് ഇനി വെറും പേര് മാത്രമായിരിക്കില്ലേ.
ആര്‍.എസ്.എസിന് വേണ്ടി സംസാരിക്കുകയാണെങ്കില്‍ വലിയ അംഗീകാരങ്ങളും അധികാരങ്ങളും തേടി വരുന്ന സമയത്ത്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ ജോലി വിട്ടു മറ്റൊരു സ്ഥാപനത്തിലേക്ക് പോകുമ്പോള്‍ അവര്‍ ഇടതുപക്ഷമാണെങ്കില്‍ ജോലി കിട്ടില്ലെന്നും അതേസമയം ബി.ജെ.പിയാണെങ്കില്‍ വലിയ പൊസിഷനോട് കൂടി പ്ലേസ് ചെയ്യപ്പെടുന്നു എന്ന ഇടത്തേക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എത്തിയിരിക്കുമ്പോള്‍, ചിന്തിച്ചാല്‍ പോരെ കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന്.അത്രേയുള്ളൂ. അതുകൊണ്ട് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുക എന്നതല്ല സംഘപരിവാരത്തോടും ബി.ജെ.പിയോടും പോലും ചോദ്യങ്ങള്‍ ചോദിക്കുക എന്നുള്ളത് നമുക്കൊക്കെ സ്വപ്നമാണ്.
2024ല്‍ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒരുപക്ഷേ പ്രധാനമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുമായിരിക്കും. അക്ഷയ്കുമാറായിരിക്കും എടുക്കാന്‍ പോകുന്നത്. ഹിമ കരടിയോടൊപ്പം കിടന്ന് ഉറങ്ങിയതും മയിലുകള്‍ക്ക് തീറ്റ കൊടുത്തതും ഒക്കെ നമുക്ക് കാണാം. ഇതല്ലാതെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെ കുറിച്ചും കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും ഹിന്ദു-മുസ്‌ലിം വര്‍ഗീയ വിഷയങ്ങളെക്കുറിച്ചും രാജ്യത്ത് മുസ്‌ലിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചോ ഒന്നും സംസാരിക്കാന്‍ പോകുന്നില്ല പ്രധാനമന്ത്രി. 2014 ന് ശേഷം ഇതിനെക്കുറിച്ചൊക്കെ സംസാരിച്ച സ്റ്റേറ്റ്മെന്റ് കാണിച്ച് തരാന്‍ പറ്റുമോ.
മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുന്ന സമയത്ത് പോലും മോദി മൗനിയാണ്. എങ്ങനെയാണ് ഒരു ഭരണാധികാരിക്ക് മൗനമായി ഇരിക്കാന്‍ പറ്റുക. ഏത് ഭരണാധികാരിക്കാണ് ഇത്രയും മൗനം അവലംബിക്കാന്‍ പറ്റുക.
മണിപ്പൂര്‍ വിഷയം മാധ്യമങ്ങള്‍ വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്തുവെന്ന് തോന്നുന്നുണ്ടോ?
കേരള സ്റ്റോറി എന്ന് പറയുന്ന ഒരു സിനിമ ഉണ്ടായി. നമ്മള്‍ അതിനെ വലിയ രീതിയില്‍ ഇവിടെ വിമര്‍ശിച്ചു. ഞാന്‍ മനസിലാക്കുന്നത് റിപ്പബ്ലിക്ക്, ടൈംസ് നൗ പോലെയുള്ള മാധ്യമങ്ങള്‍ അത് അഞ്ച് ദിവസം ചര്‍ച്ച ചെയ്തു. കേരളം തീവ്രവാദികളുടെ കേന്ദ്രം ആണെന്നും പെണ്‍കുട്ടികളെ സിറിയയിലേക്ക് കൊണ്ടുപോകുന്നു എന്നതിന്റെയും പ്രതിബിംബമാണ് സിനിമയെന്നൊക്കെ തുടര്‍ച്ചയായി ചര്‍ച്ചചെയ്തു.
എന്നാല്‍ മണിപ്പൂര്‍ എത്ര ദിവസം ചര്‍ച്ച ചെയ്തു. കേരളത്തില്‍ മലപ്പുറത്ത് ഒരു ആന ചെരിഞ്ഞു എന്ന വിഷയം ദേശീയ തലത്തില്‍ വര്‍ഗീയമായ വിഷയമായി കത്തിച്ച ആളുകളാണ്. അവര്‍ക്ക് മണിപ്പൂര്‍ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ മണിപ്പൂരിലെന്തോ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്ന സമീപനം മാത്രമാണ്.
അതേസമയം അന്ന് രാത്രി അര്‍ണബ് ഗോസ്വാമി നിലവിളിക്കുന്നത് ഈ രാജ്യത്തെ പാകിസ്ഥാനാണ് കേരളം എന്ന് പറഞ്ഞാണ്. മലപ്പുറം എന്ന ജില്ലയെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ എങ്ങനെയാണ് അലറി വിളിക്കുന്നതെന്ന് നമ്മള്‍ കേട്ടിട്ടില്ലേ. വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നമ്മുടെ കേരളത്തിലെ ഏറ്റവും അഭിമാനമായ ജില്ലയെ കുറിച്ച് പാകിസ്ഥാന്‍ ആണെന്ന ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നിടത്താണ് ദേശീയ മാധ്യമങ്ങളുടെ വിജയം.
കാവിവല്‍ക്കരണം ഈ പോക്കാണെങ്കില്‍ അധികം വൈകാതെ കേരളത്തിലും ഇത് സംഭവിക്കും. അതിനൊരു സംശയവും വേണ്ട. എനിക്ക് തോന്നുന്നില്ല പാവം രാഹുല്‍ ഗാന്ധി ഈ വട്ടം കൂടി വയനാട് വന്ന് മത്സരിക്കുമെന്ന്. മുസ്‌ലിം ലീഗിന്റെ പതാക കണ്ട് പാകിസ്ഥാന്റെ പതാകയാണെന്ന് പറഞ്ഞ് ഉത്തരേന്ത്യയില്‍ ക്യാമ്പയിനിങ് നടത്തിയ പാര്‍ട്ടിയാണ് ബി.ജെ.പി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് സ്മൃതി ഇറാനിയുടെ പ്രസംഗത്തില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് മുസ്‌ലിങ്ങളാണെന്ന പരാമര്‍ശം കാണാമെന്ന് ടൈംസ് നൗവില്‍ പ്രവര്‍ത്തിക്കുന്ന എന്റെ മലയാളിയായ സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ തെളിവുകളില്ലാത്തത് കൊണ്ടാണ് അത് അന്ന് ബ്രേക്ക് ചെയ്യാതിരുന്നത്. തെരഞ്ഞെടുപ്പിന്റെ തലേന്നാണ് ഇക്കാര്യം പറയുന്നത്. അത്രയും ദിവസങ്ങളില്‍ അവര്‍ നിരവധിയിടങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടാകും. അതൊക്കെയും കേട്ട് കണ്ടുപിടിക്കുക എന്നത് പ്രായോഗികമായിരുന്നില്ല. നബിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കൈവെട്ടിയ ആള്‍ക്കാരാണ് കേരളത്തിലെന്നാണ് സ്മൃതി ഇറാനി പറഞ്ഞിരുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നമ്മള്‍ വികസന കാര്യങ്ങളെക്കുറിച്ചായിരിക്കും സംസാരിക്കുക. കോണ്‍ഗ്രസ് ആണെങ്കിലും സി.പി.ഐ.എം ആണെങ്കിലും വികസന കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുക. അല്ലെങ്കില്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഉള്ള ചെളിവാരിയെറിലുകള്‍ ഉണ്ടാകും. പക്ഷേ കേരളത്തെ കുറിച്ച് പറയുന്നത് പോലെ മറ്റേതെങ്കിലും സംസ്ഥാനത്തെ നമ്മള്‍ ഇതുപോലെ അപമാനിക്കാന്‍ നില്‍ക്കാറുണ്ടോ. ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പറയും. അല്ലാതെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം കേരളം എന്നു പറയുന്നത് എന്തോ വലിയ പ്രശ്നം ഉള്ള സ്ഥലമാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ പ്രതിപക്ഷ ഐക്യം വിജയിക്കുമെന്ന് തോന്നുന്നുണ്ടോ? അല്ലെങ്കില്‍ ബി.ജെ.പി തന്നെ വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് തോന്നുന്നുണ്ടോ?
നിരാശയോടെ കൂടി പറയട്ടെ ബി.ജെ.പി ഭരണത്തില്‍ വരാനുള്ള സാധ്യത തന്നെയാണ് കൂടുതല്‍. നിലവിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെയാണ്. അതിനപ്പുറത്തേക്ക് മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല. മഴവില്‍ സഖ്യം ഒക്കെ ഉണ്ടായാലും ഒരു ഭയമുണ്ട്. വിശാലപ്രതിപക്ഷ സഖ്യമൊക്കെ ഉണ്ടാകുമ്പോഴും സംഘപരിവാര്‍ ഇവിടെ നല്ല രീതിയില്‍ വേര് ഉറച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദി ഹൃദയ ഭൂമിയില്‍ വലിയ രീതിയില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി വേരുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അവിടെ ശരിക്കും പറഞ്ഞാല്‍ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വയല്ല വേണ്ടതെന്നാണ് കോണ്‍ഗ്രസ് ആദ്യം പഠിക്കേണ്ടത്.
തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ നെഹ്റുവിയന്‍ സെക്കുലറിസത്തിന് മാത്രമേ പറ്റൂ. നല്ല ശക്തിയുള്ള മതനിരപേക്ഷത കൊണ്ട് വേണം തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍. അവിടെ നമ്മള്‍ മൃതുഹിന്ദുത്വയുമായി നിന്നാല്‍ നമ്മള്‍ പരാജയപ്പെട്ട് പോകുകയേയുള്ളൂ. അതിനേക്കാള്‍ ശക്തമാണ് തീവ്രഹിന്ദുത്വം. പക്ഷേ അവിടെ സെക്കുലറിസമെന്ന ആശയം മുന്നോട്ട് വെക്കാന്‍ നമുക്ക് കഴിയണം.
ആ ആശയത്തിന് അത്രയും ശക്തി കൊടുക്കാന്‍ പറ്റണം. അതിന് എല്ലാവരും സംഭാവന ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസിന് മാത്രം അതിന്റെ ഭാരം ഏല്‍പ്പിച്ച് കൊടുക്കേണ്ടതില്ല. ഈ പറയുന്ന മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കുകയെന്നത് തന്നെയാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. പക്ഷേ 2024ലെ തെരഞ്ഞെടുപ്പില്‍ മാറ്റം സംഭവിക്കുമെന്ന് ഇത് വരെയുള്ള മാധ്യമപ്രവര്‍ത്തന ജീവിതത്തിന്റെ നിരീക്ഷണത്തില്‍ എനിക്ക് തോന്നുന്നില്ല.
ബി.ജെ.പി ന്യൂനപക്ഷത്തെയും ചേര്‍ത്ത് നിര്‍ത്തുന്നുണ്ടെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നാടകങ്ങളില്‍ ചിലരെങ്കിലും വീണുപോകുന്നുമുണ്ട്. മാര്‍ ജോസഫ് പാംപ്ലാനിയൊക്കെ നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ അതിന് ഉദാഹരണമാണ്. എങ്ങനെയാണ് ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെടുമ്പോഴും പുരോഹിതന്മാര്‍ക്ക് സംഘ് അനുകൂലരായി നില്‍ക്കാന്‍ സാധിക്കുന്നത്?
എത്ര കിട്ടിയാലും മതിയാവില്ലെന്ന് പറയുന്നത് പോലെയാണ് ഇതിന്റെ അവസ്ഥ. ഇത് തന്നെയായിരുന്നില്ലേ കര്‍ണാടകയിലും സംഭവിച്ചത്. അവസാനം ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് തന്നെ നിലവിളിക്കുന്ന അവസ്ഥ വന്നില്ലേ. ബി.ജെ.പി ഭരണകാലത്ത് എത്ര പള്ളികളാണ് അവിടെ ആക്രമിക്കപ്പെട്ടത്. കയ്പേറിയ മിഠായി വര്‍ണക്കടലാസില്‍ പൊതിഞ്ഞ് കൊടുക്കുമ്പോള്‍ ഇവര്‍ വിചാരിക്കുന്നത് സൂപ്പര്‍ ടേസ്റ്റുള്ള മിഠായിയാണ് കിട്ടുന്നതെന്നാണ്.
പക്ഷേ അതല്ല എന്നും, കിട്ടാന്‍ പോകുന്നത് നല്ല ഒന്നാന്തരം പണിയാണെന്നും മനസിലാക്കാന്‍ കേരളത്തിലെ പാംപ്ലാനി നേരെ ബെംഗളൂരു ബിഷപ്പിനെ ചെന്ന് കണ്ടാല്‍ മതി. കര്‍ണാടകയില്‍ എത്ര വലിയ രീതിയിലാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളും പള്ളികളും ആക്രമിക്കപ്പെട്ടത്. നിലവിളിക്കുകയായിരുന്നില്ലേ അവര്‍.
രാജ്യത്തെ എത്ര സ്ഥലങ്ങളിലാണ് ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത്. ഈ അടുത്ത കാലത്തല്ലേ, ഒരു ക്രിസ്ത്യന്‍ മിഷണറിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കണ്‍വേര്‍ഷന്‍ എന്നുള്ള പേരും കൂടി അങ്ങ് പറയും. കണ്‍വേര്‍ഷന് വേണ്ടി ശ്രമിച്ചപ്പോള്‍ ഇടപെട്ടതാണെന്ന് അങ്ങ് പറയും. നിയമം കയ്യിലെടുക്കാന്‍ ഇവരാരാണ്. കണ്‍വേര്‍ഷന്‍ എന്ന് പറഞ്ഞാണ് ഈ പറയുന്ന അക്രമങ്ങളുണ്ടാകുന്നത്.
അത് ഈ പറയുന്നത് പോലൊന്നുമല്ല. കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത്. ക്രിസ്ത്യന്‍ സമുദായം ചതിക്കുഴിയില്‍ വീണ് പോകരുത് എന്ന് മാത്രമേയുള്ളൂ. പാംപ്ലാനി പിതാവ് വേറൊന്നും വേണ്ട, ബെംഗളൂരു ആര്‍ച്ച് ബിഷപ്പിനെ വിളിച്ച് എന്തുണ്ട് സുഖമാണോ എന്ന് ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞ് കൊടുക്കും.
ഇന്ന് പാഠപുസ്തകങ്ങളില്‍ പോലും വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യത്തെയും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ മാറ്റി അതിലേക്ക് തങ്ങളുടെ ആശയങ്ങള്‍ കുത്തിവെക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ അടുത്ത തലമുറയില്‍ ഇത് കൊണ്ടുവരാന്‍ പോകുന്ന മാറ്റമെന്തായിരിക്കാം? ഇതില്‍ നിന്നൊക്കെയുള്ള മോചനം എങ്ങനെയായിരിക്കും?
ഇന്ത്യയിപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്നതാണ് എനിക്ക് ആകെയുള്ളൊരു പ്രതീക്ഷ. ഇന്ത്യയിലെ ജനാധിപത്യത്തിലെനിക്ക് വിശ്വാസമുണ്ട്. സെക്കുലറിസത്തിന്റെ ശക്തിയിലെനിക്ക് വിശ്വസമുണ്ട്. ഇന്ത്യയെ നാലോ അഞ്ചോ വര്‍ഷത്തേക്ക് അവര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റുമായിരിക്കാം.
പക്ഷേ രാജ്യം അതിന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും അധികം വൈകാതെ തിരിച്ച് വരുമെന്ന ആത്മവിശ്വാസമുണ്ട്. ഈ പറയുന്നത് പോലെ സവര്‍ക്കറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചരിത്രം പഠിപ്പിക്കാനും ഇവരൊക്കെ വീരപുരുഷന്‍മാരായി ആരാധിക്കപ്പെടാനുമാണ് പോകുന്നത്. സവര്‍ക്കര്‍ പാര്‍ലമെന്റില്‍ ഇടം പിടിക്കുന്നത് വാജ്പേയിയുടെ കാലത്താണ്. പിന്നീട് അത് കെട്ടിഘോഷിക്കപ്പെടുകയായിരുന്നു. പാര്‍ലമെന്റില്‍ വരെ സവര്‍ക്കറുണ്ടെന്ന് സംഘികള്‍ക്ക് പറയാനുള്ള അവസരമുണ്ടായി.
അത് അവരുടെ ഭരണകാലത്താണ്. പക്ഷേ കര്‍ണാടകയില്‍ അധികാരത്തിലെത്തിയപ്പോള്‍ അത് തിരിച്ച് പിടിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അതുകൊണ്ട് ഇത്രയേ ഉള്ളൂ. ഇന്ത്യയിലെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യം ഓരോ ഇന്ത്യക്കാരനും മനസിലാക്കേണ്ടത് തെരഞ്ഞെടുപ്പുകളിലൂടെയാണ്. അത് ഓരോ ഇടത്തും ചെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് മതേതര കക്ഷികളുടെ ഉത്തരവാദിത്തമാണ്.
നിങ്ങള്‍ ഇന്ത്യയെ തിരിച്ച് പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. പല മനുഷ്യന്മാരുടെയും മനസില്‍ നില്‍ക്കുന്ന അന്ധതയുണ്ടാകും. അത് മാറ്റി രാജ്യത്തെ തിരിച്ച് പിടിക്കുകയാണ് ഇപ്പോള്‍ മതേതര കക്ഷികള്‍ ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ ഈ പറയുന്ന പ്രതിസന്ധി മാറുകയുള്ളൂ.
അല്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറ പഠിക്കാന്‍ പോകുന്നത് സവര്‍ക്കറും ഗോള്‍വാള്‍ക്കറുമൊക്കെ വലിയ വീരന്മാരാണെന്നായിരിക്കും. നമ്മള്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും ബാലഗംഗാധര തിലകിന്റെയും ഭഗത് സിങ്ങിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ചരിത്രം പഠിച്ചയിടത്ത് നിന്ന് സവര്‍ക്കറുടെ ചരിത്രം പഠിക്കേണ്ടി വരുമെന്ന ഗതികേടുണ്ടാക്കരുത്. അത്രമാത്രമേ എനിക്ക് സി.പി.ഐ.എമ്മിനോടും കോണ്‍ഗ്രസിനോടും ടി.എം.സി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളോടും പറയാനുള്ളൂ.
അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായിരുന്നു കര്‍ഷക സമരം. കേന്ദ്ര സര്‍ക്കാര്‍ നിയമത്തെ മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഗുസ്തി സമരത്തിന്റെ സമയത്തും കര്‍ഷകര്‍ക്കുണ്ടായിരുന്ന പ്രാധാന്യം നമ്മള്‍ കണ്ടതാണ്. പൊളിറ്റിക്കല്‍ പാര്‍ട്ടിക്കപ്പുറത്തേക്കുള്ള ഒരു സംവിധാനമായി കര്‍ഷകര്‍ മാറാന്‍ സാധ്യതയുണ്ടോ?
അതൊന്നും അത്തരത്തില്‍ പ്രതീക്ഷിക്കേണ്ട. അവര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചുവെന്നേയുള്ളൂ. അവര്‍ക്ക് ചെയ്യുന്നതില്‍ പരിമിതികളുണ്ട്. അവര്‍ കര്‍ഷകരാണ്, രാജ്യത്തിന്റെ നട്ടെല്ലാണ്. പക്ഷേ അവര്‍ക്ക് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ അതിനും അപ്പുറത്തേക്ക് ഞാന്‍ വിശ്വസിക്കുന്നത് രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തന്നെയാണ്.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തന്നെയാണ് കുറച്ച് കൂടി ഏകോപനത്തിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയെന്നാണ് എനിക്ക് തോന്നുന്നത്. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയ്ക്ക് നമുക്ക് പിന്തുണ നല്‍കാന്‍ സാധിക്കും. നമ്മുടെ പ്രശ്നങ്ങളിലും അവരുടെ ഏറ്റവും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും നമുക്ക് ഉണ്ടാകും. അതിനുമപ്പുറത്തേക്ക് പോകുമ്പോള്‍ അത് എത്രമാത്രം വിജയമാകുമെന്നും എനിക്ക് സംശയമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കര്‍ഷക സംഘടനകളെ ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യം അറിയാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകുന്നുണ്ട്. ഓമനക്കുട്ടന്റേതടക്കമുള്ള കേസുകളെടുത്താല്‍ ഒരുതരം വേട്ടയാടലുകള്‍ പാവപ്പെട്ട മനുഷ്യര്‍ക്കെതിരെ മാധ്യമങ്ങള്‍ ചില സമയത്ത് നടത്തുന്നുണ്ട്. അത് കൃത്യമായി തിരുത്തി പോകേണ്ടതില്ലേ.? എങ്കില്‍ മാത്രമല്ലേ മാധ്യമപ്രവര്‍ത്തനം സത്യസന്ധമായ പ്രവര്‍ത്തനമാണെന്ന് ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ?
നാട്ടുകാരുടെ കയ്യില്‍ നിന്ന് അടിവാങ്ങിച്ച് കൂട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹൃദ്യം പദ്ധതിയുടെ വാര്‍ത്ത നമ്മള്‍ കണ്ടതാണ്. സഖാവ് ഓമനക്കുട്ടന്റെ കാര്യവും നമുക്ക് അറിയാം. സോഷ്യല്‍ മീഡിയയില്‍ മാപ്ര എന്ന് വിളിക്കാന്‍ തുടങ്ങിയില്ലേ.
ഇമ്മാതിരി വ്യാജ വാര്‍ത്തകള്‍ പടച്ച് വിട്ട് പാപ്പരാസി ജേര്‍ണലിസം ചെയ്ത് കഴിഞ്ഞാല്‍ ഈ പറയുന്ന മാപ്ര വിളി തൊഴിലിന്റെ സത്യസന്ധതയെയും തൊഴിലിന്റെ നൈതികതയെയും റദ്ദ് ചെയ്ത് കളയുമെന്ന ബോധ്യമുണ്ടാകണം. കാരണം, വരാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകരായ അടുത്ത തലമുറയെ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവരെ പോലും ഈ തൊഴിലിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത രീതിയില്‍, ഇതൊരു മോശപ്പെട്ട രീതിയാണെന്ന് തോന്നിപ്പിക്കാനാണ് ഈ പറയുന്ന തെറ്റായ വാര്‍ത്തകള്‍ കൊണ്ട് സാധിക്കുന്നത്.
ആദ്യം ബ്രേക്കിങ് കൊടുക്കുന്നത് ആരാണെന്നതിലല്ല, ജനങ്ങള്‍ക്ക് അറിയേണ്ട വാര്‍ത്ത കൊടുത്താല്‍ മതി. അല്ലാതെ സെന്‍സേഷണലിസത്തിന്റെ പിന്നാലെ പോകാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി മനുഷ്യന്മാരെ ഇങ്ങനെ കരിവാരിത്തേക്കുന്ന മഞ്ഞ ജേര്‍ണലിസമാകരുത് മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നേ പറയാനുള്ളൂ.
എന്തെങ്കിലും അജണ്ട വെച്ച് നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തെ തെരുവില്‍ കൈകാര്യം ചെയ്യും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. മാധ്യമപ്രവര്‍ത്തനം എന്ന് പറയുന്ന ജോലി കുറച്ച് കൂടി മര്യാദയ്ക്ക് ചെയ്യേണ്ട കാര്യമാണെന്ന തോന്നലുണ്ടെനിക്ക്. മാധ്യമപ്രവര്‍ത്തനം എന്താണോ, അതിന്റെ ഉദ്ദേശ ശുദ്ധിയോട് കൂടി ചെയ്യേണ്ട ജോലിയാണ് എന്നുള്ളതിനെ കുറിച്ച് ഞാനുള്‍പ്പെടെയുള്ള ആളുകള്‍ ഉത്തരവാദിത്തം കാണിക്കണം എന്ന് എനിക്ക് തോന്നുന്നു.
ബ്ലാക്ക് മെയ്ലിങ് ജേര്‍ണലിസവും അജണ്ട വെച്ചുള്ള മാധ്യമപ്രവര്‍ത്തനവും വലിയ രീതിയില്‍ മാധ്യമപ്രവര്‍ത്തനം എന്ന് പറയുന്ന തൊഴിലിനെ ഇല്ലാതാക്കി കളയുമെന്ന് ആലോചിക്കണം. മാധ്യമങ്ങള്‍ എന്ന് പറഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ ജോലി ചെയ്യേണ്ടവരാണ്. അത് ഒരു ഭരണകൂടത്തിനും ഓശാന പാടേണ്ടവരല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ബോധ്യമുണ്ടാകണം.
കേരളത്തില്‍ അടുത്ത കാലത്ത് ചര്‍ച്ച ചെയ്ത വിഷയമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടി? അതില്‍ അപര്‍ണയുടെ അഭിപ്രായമെന്താണ്?
അഖില നന്ദകുമാറിന്റെ കാര്യത്തില്‍ പക്വമായ നിലപാട് സ്വീകരിക്കണമായിരുന്നുവെന്ന അഭിപ്രായം എനിക്ക് ഇപ്പോഴും ഉണ്ട്. മാധ്യമപ്രവര്‍ത്തകര്‍ എന്തെങ്കിലും തരത്തിലുള്ള പ്രവിലേജുള്ളവരല്ല. സാധാരണ മനുഷ്യര്‍ക്കുള്ള പ്രിവിലേജ് മാത്രമേ എല്ലാവര്‍ക്കുമുള്ളൂ. എന്നാല്‍ അഖില നന്ദകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തക തൊഴില്‍ ചെയ്യുന്നതിനിടയില്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അതിനോട് സ്വീകിരിക്കേണ്ട സമീപനം ഇതാകരുത്.
ദേശീയ മാധ്യമങ്ങളെയും രാധിക റോയ്, പ്രണോയ് റോയ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെയും സംഘപരിവാര്‍ അവരുടെ അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് കൊണ്ട് അടിച്ചമര്‍ത്താന്‍ ഉള്ള ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതേ രീതിയാണ് ഇവിടെയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതെന്ന ബോധം സംസ്ഥാന സര്‍ക്കാറിന് ഉണ്ടാകണം.
അഖില കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടുകയും നിയമനടപടികള്‍ ഉണ്ടാകുകയും ചെയ്യണം. പക്ഷേ അതൊരു പ്രതികാര നടപടി എന്ന തോന്നലുണ്ടാക്കുന്ന ഒരു നിലയിലേക്ക് പോകാന്‍ പാടില്ല. ഒരു മാധ്യമപ്രവര്‍ത്തക അവരുടെ അഭിപ്രായം സ്വീകരിക്കുകയും അവരുടെ നിലപാടുകള്‍ എടുക്കാന്‍ ശ്രമിക്കുകയും അല്ലെങ്കില്‍ അവരുടെ ജോലി ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതാണ് അവര്‍ക്കെതിരെ പറയാന്‍ പറ്റുന്ന ആരോപണം.
അവര്‍ അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. പക്ഷേ അതിന് കൊടുക്കുന്ന നിറം മറ്റൊന്നായിരിക്കണം. അത് ഈ തരത്തിലുള്ള നിറമായിരുന്നില്ല കൊടുക്കേണ്ടത്. പ്രതികാര നടപടിയെന്ന തോന്നല്‍ പൊതുജനത്തിനിടയില്‍ തോന്നിപ്പിക്കുന്നത് ശരിയായ രീതിയല്ല. മാധ്യമപ്രവര്‍ത്തകര്‍ നിയമനടപടികള്‍ നേരിടേണ്ടവര്‍ തന്നെയാണ്. പക്ഷേ അതിനെ വേറൊരു രീതിയിലല്ല കൈകാര്യം ചെയ്യേണ്ടതെന്നേ പറയാനുള്ളൂ.
എപ്പോഴും സംഘപരിവാറിനെതിരെ നിലപാട് സ്വീകരിച്ച മാധ്യമപ്രവര്‍ത്തകയാണ് അപര്‍ണ സെന്‍. വാര്‍ത്താ അവതരണത്തിലും ചര്‍ച്ചകളിലും സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന ഏതൊരാള്‍ക്കും നേരിടേണ്ടി വന്നിട്ടുള്ള സൈബര്‍ അക്രമങ്ങളുള്‍പ്പെടെ അപര്‍ണയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഇത്തരം അക്രമങ്ങളെ എങ്ങനയാണ് നേരിടുന്നത്?
സൈബര്‍ അറ്റാക്കുകള്‍ ഭയങ്കര കോമണ്‍ ആണ്. ഒരു വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. സംഘപരിവാറിനെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന ഏതൊരു മാധ്യമപ്രവര്‍ത്തകനും പ്രവര്‍ത്തകയ്ക്കും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ രീതിയില്‍ തന്നെ ഞാനും നേരിട്ടിട്ടുണ്ട്. ട്വിറ്ററിലടക്കം അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ചില സമയത്ത് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെ ചെയ്യുന്ന ആക്രമണങ്ങള്‍ മോശമായി ചെയ്യാമെന്ന് ധാരണയുമുണ്ട്. എന്നുവച്ച് എന്റെ വാക്കുകളുടെ ശക്തി കുറക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ചെയ്യുന്നത് കൃത്യമായ മാധ്യമപ്രവര്‍ത്തനം ആണെന്ന ബോധ്യമുണ്ട്.
എല്ലായിപ്പോഴും എന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഘപരിവാറിനെതിരെ സംസാരിക്കുമ്പോള്‍ മുട്ടിടിക്കേണ്ടതുണ്ടെന്ന് എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല. ഇനിയങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. അതിനൊരു സംശയവും വേണ്ട.
ബി.ജെ.പിക്കെതിരെ സംസാരിച്ചാല്‍ ക്വട്ടേഷന്‍ കിട്ടുമെന്ന് എന്റെ മാനേജ്‌മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ ആ കിട്ടുന്ന ക്വട്ടേഷന്‍ ഞാന്‍ വാങ്ങിക്കോളാമെന്ന് മാനേജ്‌മെന്റിനോടും വേണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പോലും പറയാന്‍ എനിക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. അതിന്റെ പേരില്‍ അവര്‍ക്ക് എന്നോട് ശത്രുത തോന്നിയാലും എനിക്കൊന്നുമില്ല.
ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് കൃത്യമായ നേരുണ്ടെന്നും അത് മനുഷ്യ പക്ഷത്ത് നിന്നുള്ള രാഷ്ട്രീയമാണെന്നും വര്‍ഗീയതക്കെതിരെയുള്ള രാഷ്ട്രീയമാണെന്നും ബോധ്യമുള്ളിടത്തോളം കാലം ഈ രാഷ്ട്രീയത്തെക്കുറിച്ച് തന്നെ സംസാരിക്കാനാണ് തീരുമാനം. സംഘപരിവാറിനെതിരെ നില്‍ക്കാനാണ് തീരുമാനം.
എത്രകാലത്തോളം മാധ്യമപ്രവര്‍ത്തക എന്ന കുപ്പായം ഞാന്‍ ഇടുന്നുവോ അത്രയും കാലം അങ്ങനെ തന്നെയായിരിക്കും. മനുഷ്യനായിരിക്കുന്നിടത്തോളം കാലം ഞാന്‍ സംഘ് വിരുദ്ധയായിരിക്കും. കാരണം സംഘ് അനുകൂലരാകുക എന്ന് പറയുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ്.
മറുനാടന്‍ മലയാളി പോലുള്ള സ്ത്രീവിരുദ്ധ, സംഘി അനുകൂല യൂട്യൂബ് ചാനലുകളും ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഒരുഭാഗത്ത് അവരെയും മാധ്യമ സ്ഥാപനത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയും ഈ പ്രവര്‍ത്തി ചെയ്യുന്നവര്‍ മാധ്യമപ്രവര്‍ത്തകര്‍ ആണെന്നും അഭിസംബോധന ചെയ്ത് സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. അവര്‍ക്ക് വേണ്ടി വാദിക്കാന്‍ കേന്ദ്ര മന്ത്രിയും കെ.പി.സി.സി പ്രസിഡന്റും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രംഗത്ത് വരികയാണ്. ഈയൊരു ഘട്ടത്തില്‍ ശരിയായ മാധ്യമപ്രവര്‍ത്തനം എന്താണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഓരോ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇല്ലേ?
സത്യസന്ധമായി പറഞ്ഞാല്‍ മറുനാടന്‍ മലയാളി എന്ന സംവിധാനം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ നല്ലതും ചീത്തയും ഒക്കെ അറിഞ്ഞിരിക്കണം. പക്ഷേ മറുനാടന്‍ മലയാളി ഞാന്‍ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ അതിന്റെ കോണ്ടന്റും വായിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ അതിനെക്കുറിച്ച് എനിക്ക് അറിയില്ല. അപൂര്‍ണമായ ചില ക്ലിപ്പുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് വെച്ച് എത്രത്തോളം പറയാന്‍ പറ്റും എന്ന് എനിക്കറിയില്ല.
എന്നാല്‍ ഇതുപോലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരുപാട് യൂട്യൂബ് ചാനലുകളും മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളും നമുക്ക് ചുറ്റുമുണ്ട്. അതിനെതിരെ ഒന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. പല സ്ത്രീകളെയും പല വ്യക്തികളെയും ബ്ലാക്ക് മെയില്‍ ചെയ്യുന്നു, വ്യക്തിഹത്യ ചെയ്യുന്നു എന്ന ആരോപണങ്ങള്‍ ഈ പറയുന്ന സംവിധാനത്തിനെതിരെ ഇപ്പോഴുണ്ട്.
മഞ്ഞ ജേര്‍ണലിസത്തിന്റെ അപകടം മനസ്സിലാക്കി ഒരു സര്‍ക്കാര്‍ ആക്ട് ചെയ്യുന്ന സമയത്ത് അയ്യോ വലിയ ഫാസിസം നടക്കുന്നു എന്ന് പറയുന്ന ആളുകള്‍ രാധിക പ്രണോയ് റോയിക്കെതിരെയടക്കം നടക്കുന്ന ഫാസിസമൊന്നും കാണുന്നില്ലേ. വയര്‍ പോലെയുള്ള മാധ്യമങ്ങള്‍ നേരിടുന്ന നിയമ നടപടികള്‍ ഒന്നും ഇവര്‍ക്ക് ഒരു പ്രശ്‌നവുമല്ലേ. ഭരണകൂടത്തിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ സ്വതന്ത്ര മാധ്യമങ്ങള്‍ നേരിടുന്ന ഫാസിസത്തെ അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. അതേസമയം ഇവിടെ മറുനാടന്‍ മലയാളിയുടെ രണ്ട് ലാപ്‌ടോപ്പ് എടുത്ത് കൊണ്ടുപോകുമ്പോള്‍ സംഘ് ഫാസിസം പിണറായി സര്‍ക്കാര്‍ നടത്തുന്നുവെന്ന് പറഞ്ഞു നിലവിളിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നും.
പ്രോ ലെഫ്റ്റായ അപര്‍ണ സെന്നിന് ജോലി നല്‍കേണ്ടെന്ന് തീരുമാനിച്ച കേരളത്തിലെ മാനേജ്‌മെന്റുകള്‍ക്ക് ബി.ജെ.പിക്കാര്‍ക്ക് ജോലി നല്‍കുന്നതിന് യാതൊരു മടിയുമില്ലെന്നതാണ് കേരളത്തിലെ മാധ്യമ സംസ്‌കാരത്തിന്റെ ഏറ്റവും അവസാനത്തെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളുടെ ദൃഷ്ടാന്തം.
പ്രോ ലെഫ്റ്റ് ആയതുകൊണ്ട് അപര്‍ണ സെന്നിന് ജോലി നല്‍കാന്‍ ആവുന്നില്ല എന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ അര്‍ത്ഥം. സംഘപരിവാറിന് ഒപ്പം നില്‍ക്കുന്നവര്‍ക്ക് കുറച്ചുകൂടി സേഫ് ആയ താവളമായി ഈ കാര്യങ്ങളൊക്കെ മാറുന്നു എന്നേയുള്ളൂ. അവിടെ വന്നിട്ട് വലിയ സംഘപരിവാര്‍ വിരുദ്ധതയെക്കുറിച്ചൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ ശരിക്കും പറഞ്ഞാല്‍ പുച്ഛിക്കേണ്ടി വരും.
പൊതുപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും ഒക്കെ ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ഈ സ്ഥാപനങ്ങളൊക്കെ ഇമ്മാതിരി കാര്യങ്ങള്‍ പടച്ച് വിടുന്നുണ്ടെങ്കില്‍ അതില്‍ എത്ര പേര്‍ ഇരകളായിട്ടുണ്ടാകാം. അതിനെതിരെ ഒരു ആക്ഷന്‍ ഉണ്ടാവുമ്പോള്‍ അത് സ്വാഗതം ചെയ്യുകയും അതില്‍ ഏതെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുക എന്നതും നേരിന്റെ വശത്ത് നില്‍ക്കുകയെന്നതുമാണ് ചെയ്യേണ്ടത്. ഞങ്ങള്‍ പ്രതിപക്ഷം ആണല്ലോ, ഭരണമില്ലല്ലോ എന്ന് പറഞ്ഞ് അന്ധമായ രാഷ്ട്രീയ വിരോധം കാണിക്കുകയല്ല വേണ്ടത്.
ഒരുപക്ഷെ ഏറ്റവും നല്ല ജേര്‍ണലിസ്റ്റിക് കോണ്‍ടെന്റുകള്‍ വരുന്നത് ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആണ്. ദേശീയ തലത്തിലും കേരളത്തിലും അത്തരം സ്പേസുകള്‍ ഇന്ന് ഉണ്ട്. ഇത്തരം സ്പേസുകള്‍ക്ക് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ എത്രത്തോളം സാധ്യതയാണുള്ളത്. ഈ ഓണ്‍ലൈന്‍ ഇടങ്ങള്‍ എപ്പോഴെങ്കിലും ആകര്‍ഷിച്ചിട്ടുണ്ടോ?
ഇത്തരം സ്പേസുകളിലെ കോണ്ടന്റിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സ്‌പേസിലേക്ക് വരണമെന്ന് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. വിഷ്വല്‍ മീഡിയയില്‍ നില്‍ക്കുമ്പോള്‍ തന്നെ പുതിയ കാലത്തെ മീഡിയ ഓണ്‍ലൈന്‍ മീഡിയ ആണ് എന്ന ധാരണയുണ്ടായിരുന്നു. ടെലിവിഷന്റെ മുന്നില്‍ സമയം ചെലവഴിക്കുക എന്ന് പറയുന്നത് ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഞാനിപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വായനയിലേക്ക് മാറിയിരിക്കുന്നു. പത്രം വായിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ വായനയിലേക്കും കാഴ്ചയിലേക്കും പോയിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ചകള്‍ കാണുന്നതുപോലും ഓണ്‍ലൈന്‍ ആയിട്ടാണ്. വിഷ്വല്‍ മീഡിയയില്‍ ഒരു നിശ്ചിത സമയം കണ്ടെത്തി നമ്മള്‍ അവിടെ ഇരിക്കണം. എന്നാല്‍ ഓണ്‍ലൈന്‍ ആയിട്ട് ഒരു ചര്‍ച്ച കാണണമെങ്കില്‍ എനിക്ക് എന്റെ സമയത്ത് കാണാന്‍ സാധിക്കും. ഈയൊരു ഗുണം എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.
വിഷ്വല്‍ മീഡിയയുടെ ഭാഗമായത് കൊണ്ട് തന്നെ തന്നെ രണ്ട് വര്‍ഷത്തിനുള്ളില്‍ വിഷ്വല്‍ മീഡിയയുടെ പ്രസക്തി അപ്രക്തമാകുമെന്ന് എനിക്കറിയാം. ഞങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകള്‍ ഫോക്കസ് ചെയ്യാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ കമന്റുകളും സെന്റിമെന്‍സുകളും ചര്‍ച്ച ചെയ്യുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞുകൊണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ എടുക്കാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതുമായ വിഷയങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ മീഡിയയുടെ യുഗത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. എന്നാല്‍ അതിന്റെ ശക്തി ഇനി വലിയ രീതിയില്‍ കൂടും.
പക്ഷേ അവിടെയും ഈ കാവിവല്‍ക്കരണം എത്രത്തോളം ശക്തി ആര്‍ജ്ജിക്കുമെന്ന് നമ്മള്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മലയാള മാധ്യമങ്ങളില്‍ നിഷ്പക്ഷരാണെന്ന് നമ്മള്‍ വിചാരിക്കുന്നവരെ പോലും അവരുടെ കാര്യങ്ങള്‍ക്ക് ഓശാന പാടുന്ന ആളുകളാക്കി മാറ്റുന്ന ഒരിടമായി വിഷ്വല്‍ മീഡിയ മാറുമ്പോള്‍ ഓണ്‍ലൈന്‍ മീഡിയയിലും അത് സംഭവിച്ച് കൂടെന്നില്ല.
നേരത്തെ പറഞ്ഞ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂലം എന്നതിനപ്പുറം എത്രയൊക്കെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യക്തിഹത്യയും അധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ഇതൊക്കെയും പരിശോധനക്ക് വിധേയമാക്കപ്പെടണം. വിഷ്വല്‍ മീഡിയ ഓഡിറ്റ് ചെയ്യപ്പെടുന്നത് പോലെ തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബ് വീഡിയോകളും ഓഡിറ്റ് ചെയ്യപ്പെടണം.
തൊപ്പി എന്ന് പറയുന്ന യൂട്യൂബറൊക്കെ എത്ര വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നതെന്ന് നമ്മള്‍ കണ്ടു. എനിക്ക് അയാളുടെ വീഡിയോ ഒന്നും 30 സെക്കന്‍ഡില്‍ കൂടുതല്‍ കാണാന്‍ പറ്റില്ല. അത്രയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ ആരെയാണ് സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിന് വേണ്ടി ഒരു കൂട്ടം പ്രേക്ഷകരും ഉണ്ടാകുന്നു. അവിടെ മലയാളിയുടെ പൊതുബോധം ഇവരല്ല തീരുമാനിക്കേണ്ടതെന്നും അതിന് വേണ്ടി ഓണ്‍ലൈന്‍ മീഡിയ മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും എനിക്ക് തോന്നിയിട്ടുണ്ട്.
പ്രോ ലെഫ്റ്റായ അപര്‍ണ സെന്നിന് ജോലി നല്‍കേണ്ടെന്ന് തീരുമാനിച്ച മാനേജ്മെന്റിനെ കുറിച്ച് പറഞ്ഞല്ലോ. പ്രോ ലെഫ്റ്റായ ഒരാള്‍ക്ക് ഇന്ന് കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണോ ഉള്ളത്?
പണ്ട് എസ്.എഫ്.ഐക്കാരല്ലേ മാധ്യമങ്ങളില്‍ പലയിടത്തും ഉള്ള ആളുകളെന്ന് ഞാന്‍ പലപ്പോഴായി പലരും പറയുന്നത് കേട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. നേരത്തെ പ്രോ ലെഫ്റ്റ് ആണെന്ന് പറയുമ്പോള്‍ കുറച്ചു കൂടി സ്വീകാര്യത കിട്ടുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് അത് പാടായിരിക്കും.
മാനേജ്‌മെന്റുകളുടെ ഫണ്ട് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്ന സമയത്തായിരിക്കും അതിന്റെ ഉത്തരം നമുക്ക് കിട്ടാന്‍ പോകുന്നത്. ഇപ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയം തുറന്നു പറയുന്ന, പ്രോ ലെഫ്റ്റായിരിക്കുന്ന, ഒരു മാധ്യമത്തിന്റെ മുഖമായിരിക്കുന്ന ഒരാള്‍ മറ്റൊരിടത്തേക്ക് മാറണമെന്നാലോചിക്കുന്നു. പക്ഷേ ഈ പറയുന്ന ആള്‍ക്ക് കേരളത്തില്‍ ഏത് മാധ്യമത്തിലായിരിക്കും ജോലി കിട്ടുക. പ്രോ ലെഫ്റ്റായ ഒരാള്‍ക്ക് കൈരളിയില്‍ ജോലി കിട്ടുമായിരിക്കും, മീഡിയവണ്‍ ഒരു പരിധി വരെ സഹിക്കുമായിരിക്കാം. വേറെ ഏതെങ്കിലും മാധ്യമങ്ങളില്‍ കിട്ടാന്‍ സാധ്യത ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.
റിപ്പോര്‍ട്ടേഴ്‌സ് ഒക്കെ ആണെങ്കില്‍ അവര്‍ പിന്നെയും സഹിക്കും. പക്ഷേ മാധ്യമത്തിന്റെ മുഖമായി നില്‍ക്കുന്ന, നിലപാടുകള്‍ പറയുന്ന ആളുകളെ മാനേജ്‌മെന്റ് ഇനി രണ്ടാമത് ആലോചിച്ച് മാത്രമേ പ്രവേശിപ്പിക്കുള്ളൂ. അതേസമയം ഞാന്‍ ബി.ജെ.പിയാണെന്ന് തുറന്നുപറയുന്നവര്‍ക്ക് ജോലി ലഭിക്കുന്നു എന്നതാണ് കേരളത്തിലെ മാധ്യമ ലോകം എങ്ങോട്ടേക്കാണ് ചലിച്ചിരിക്കുന്നത് എന്നതിനുള്ള ഉദാഹരണം.
പുതിയ രൂപത്തിലും ഭാവത്തിലും റിപ്പോര്‍ട്ടര്‍ ടി.വി ഒരിക്കല്‍ കൂടി മിഴി തുറന്നിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ടറിന്റെ പുതിയ എഡിറ്റോറിയല്‍ ടീമിലോ അവരുടെ പോസ്റ്ററിലോ പോലും അപര്‍ണ എന്ന റിപ്പോര്‍ട്ടറിലെ മുന്‍ ന്യൂസ് എഡിറ്ററെ കാണാന്‍ സാധിച്ചിരുന്നില്ല. എന്തുകൊണ്ടായിരിക്കും അപര്‍ണയെ ഒഴിവാക്കി കൊണ്ടൊരു എഡിറ്ററിയല്‍ ടീം രൂപീകരിച്ചത്?
എനിക്ക് ഇതുവരെയും ഉത്തരം കിട്ടാത്ത ചോദ്യമാണത്. ഞാന്‍ എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. അതിന്റെ ഒരു എപ്പിസോഡ് ഇങ്ങനെയാണ്, റിപ്പോര്‍ട്ടറിന്റെ പുതിയ മാനേജ്‌മെന്റ് വരുന്നു. റിപ്പോര്‍ട്ടറിലെ പഴയ ആളുകളെ നിലനിര്‍ത്തുന്നു എന്ന വാഗ്ദാനം തരുന്നു. നിലനിര്‍ത്തുക എന്ന് പറയുന്നത് ആരുടെയും ഔദാര്യമല്ല. അങ്ങനെ ഔദാര്യമായി കാണേണ്ട കാര്യവുമില്ല.
അങ്ങനെയാണെങ്കില്‍ നമുക്ക് തരേണ്ട നഷ്ടപരിഹാരം എന്ന് പറയുന്നത് ലക്ഷങ്ങളാണ്. നമ്മുടെ ശമ്പള കുടിശികയും പി.എഫും ഒക്കെ കൂടി ഒരുപാട് തുക തരാനുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കുക എന്ന് പറയുമ്പോള്‍ ഇവര്‍ക്ക് വീണ്ടും വലിയ തുക ഇന്‍വെസ്റ്റ് ചെയ്യേണ്ടിവരും. അത് പോസിബിളല്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടറിലെ പഴയ ആളുകളെ നിലനിര്‍ത്തുക എന്ന് പറയുന്നത് ഔദാര്യവും അല്ല.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചര്‍ച്ചകളെ ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ നിലപാടുകളിലും എന്റെ ബോധ്യങ്ങളിലും ഉറച്ച് തന്നെയാണ് ചര്‍ച്ചകള്‍ നടത്തുന്നത്. പഴയ റിപ്പോര്‍ട്ടറിലായിരുന്ന സമയത്ത് ചില വാര്‍ത്തകളില്‍ അങ്ങനെയല്ല വേണ്ടത് എന്ന് പറയുമ്പോള്‍ എന്റെ ബോധ്യം ഇതാണ് സാര്‍ എന്ന് എം.വി. നികേഷ്‌കുമാറിനോട് പോലും പറഞ്ഞ ഒരാളാണ് ഞാന്‍.
സ്വര്‍ണ്ണ കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ ശിവശങ്കറിന് അനുകൂലമായ നിലപാട് സ്വീകരിച്ച സമയത്ത് ഇതങ്ങനെയല്ല എന്ന് നികേഷ് കുമാര്‍ പറയുമ്പോള്‍ എന്റെ ബോധ്യത്തിനനുസരിച്ചാണ് ചര്‍ച്ച നടത്തുന്നത് എന്ന് പറയാന്‍ പറ്റുന്ന ഒരാളായിരുന്നു ഞാന്‍.
നല്ല ശുദ്ധമായ രാഷ്ട്രീയത്തിന്റെ ശക്തി നമുക്കുണ്ടെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നമുക്ക് പറ്റും. എന്നെ നിയന്ത്രിക്കാനോ എന്റെ ജേര്‍ണലിസത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടാനോ ആരെയും ഞാന്‍ അനുവദിച്ചിട്ടില്ല. ഇവര്‍ക്കൊക്കെ അത് നന്നായിട്ട് അറിയാം.
എന്നെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുക അസാധ്യമാണെന്നും ഞാന്‍ എന്റെ ബോധ്യത്തിനനുസരിച്ചായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്നും അവര്‍ക്ക് ബോധ്യമുണ്ടാകും. എന്നാലും ഇങ്ങനെ ഒരു നിലപാട് എടുക്കുമ്പോള്‍ അതിന് വരുന്ന ഒരു സ്‌ട്രെയിന്‍ ഒരുപാട് കൂടുതലാണ്. ആ ബുദ്ധിമുട്ടുകളെടുത്ത് കൊണ്ടാണ് ഇത്രയും കാലം ഞാന്‍ നിലപാടുകള്‍ സ്വീകരിച്ചത്.
സ്വാഭാവികമായും ഇവരെ സംബന്ധിച്ച് ഇവര് വില കൊടുത്തു വാങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ ചെയ്യേണ്ടി വരും. പക്ഷേ എനിക്കിപ്പോള്‍ ഇവര്‍ എന്ത് വില ഇട്ടാലും എന്റെ ബോധ്യത്തിനനുസരിച്ച് മാത്രമേ ഞാന്‍ നിലപാട് സ്വീകരിക്കുകയുള്ളൂ. എന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ മാത്രമേ ഉണ്ടാകാന്‍ പോകുന്നുള്ളൂ. അത് കൃത്യമായി തന്നെ അവര്‍ക്ക് അറിയുമായിരിക്കും. അങ്ങനെ സ്വാഭാവികമായിട്ടും എന്നെ എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നു.
ആദ്യഘട്ടങ്ങളില്‍ ഞാനത് ചോദ്യം ചെയ്തിട്ടില്ല. പിന്നീട് എന്റെ ഫോട്ടോഷൂട്ട് നടത്തുന്ന സാഹചര്യമുണ്ടായിരുന്നു. പോസ്റ്ററുകള്‍ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തുക എന്ന നിലപാടിലേക്ക് ഇവരെത്തിയിരുന്നു. അങ്ങനെ ഫോട്ടോ ഷൂട്ടും പ്രമോഷൂട്ടും നടക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്ററുകള്‍ വരുമ്പോള്‍ ഞാനില്ല. ഞാനതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.
എന്നെ സ്‌നേഹിക്കുന്ന ആളുകളെ സംബന്ധിച്ച് അത് വിഷമമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഞാന്‍ അപ്പോള്‍ സൈലന്റ് ആയിരുന്നു. ഞാന്‍ അതിനെക്കുറിച്ച് ആരോടും സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ പോയില്ല. എന്നാലും ഞാന്‍ അപ്‌സെറ്റായിരുന്നു.
എന്തുകൊണ്ടാണ് ഞാന്‍ തുടര്‍ച്ചയായി ഒഴിവാക്കപ്പെടുന്നത് എന്ന ചോദ്യം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അപര്‍ണ ഇവിടെയൊന്നും ഉണ്ടാവാന്‍ പാടില്ല എന്ന കൃത്യമായ അജണ്ട ഉണ്ടായിരിക്കണം. അപര്‍ണയുടെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു എന്റെ ബോധ്യം. അത് ശരിയായിരുന്നു എന്ന് തെളിയിക്കുന്ന കാര്യങ്ങളായിരുന്നു പിന്നീടുണ്ടായത്.
ഏകദേശം ഒരു ദിവസം എടുത്തായിരുന്നു ഷൂട്ട് ഒക്കെ നടക്കുന്നത്. മൂന്നോ നാലോ കോസ്റ്റ്യൂമിലായിരുന്നു ആ ഷൂട്ട് നടന്നത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി ട്രയല്‍ റീഡിങും ആവശ്യപ്പെട്ടു. ട്രയല്‍ റീഡിങ്ങ് നടന്നപ്പോള്‍ ഗംഭീരമായെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന മുഴുവന്‍ ടീമും എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
എന്നാല്‍ അടുത്തദിവസം ഞാന്‍ വാര്‍ത്താ അവതരണത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. സ്വാഭാവികമായും അത് ചോദ്യം ചെയ്യപ്പെടണമെന്ന് എനിക്ക് തോന്നി. ഞാന്‍ നേരെ മാനേജിങ് ഡയറക്ടറെ കാണുന്നു. എനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു. എന്റെ പൊസിഷനെക്കുറിച്ചും എന്റെ ഓണ്‍ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചും, എന്റെ ആങ്കറിങ്ങിനെ കുറിച്ചും എനിക്ക് കൃത്യമായ ധാരണ ഉണ്ടെന്ന് പറഞ്ഞു.
അപര്‍ണ സീനിയര്‍ ന്യൂസ് എഡിറ്ററാണ്, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ കഴിഞ്ഞാല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ പൊസിഷനില്‍ മറ്റാരുമില്ലെന്ന് എനിക്ക് മറുപടി തന്നു. എനിക്കൊരു പദവി തന്ന് ഒതുക്കി ഇരുത്തേണ്ടെന്നും അതിന് ഞാന്‍ സമ്മതിക്കില്ലെന്നും തിരിച്ച് പറഞ്ഞു.
ഞാനൊരു ജേര്‍ണലിസ്റ്റായി തന്നെയാണ് ഇത്രയും കാലം ജോലി ചെയ്തത്. ജനങ്ങളുടെ ചോദ്യമാണ് ചോദിച്ചുകൊണ്ടിരുന്നത്. ആ ചോദ്യങ്ങള്‍ ഇനിയും ചോദിച്ച് കൊണ്ടേയിരിക്കുമെന്നും എനിക്കതിനുള്ള അവസരം ഉണ്ടാകണമെന്നും അല്ലെങ്കില്‍ ഞാന്‍ റിയാക്ട് ചെയ്യുമെന്നും പറഞ്ഞു.
തത്കാലം അപര്‍ണയെ ഓണ്‍ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യാന്‍ പറ്റില്ല എന്നതായിരുന്നു അടുത്ത നിലപാട്. എഡിറ്റോറിയല്‍ ടീമിലുള്ളവര്‍ക്ക് മാത്രമേ പ്രസന്റ് ചെയ്യാന്‍ പറ്റുവെന്ന് അറിയിച്ചു. നിങ്ങളെന്നെ എഡിറ്റോറിയല്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് ഇതേ അജണ്ട മനസ്സില്‍ വച്ചായിരുന്നില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. കാരണം, ഞാന്‍ കൃത്യമായി ബി.ജെ.പിക്കെതിരെ ചര്‍ച്ചകള്‍ നടത്തും. ബി.ജെ.പിക്കെതിരെ നിലപാടുകള്‍ എടുക്കും. ഞാന്‍ ഓണ്‍ എയറില്‍ കയറിയാല്‍ ഇവര്‍ക്കെന്നെ നിയന്ത്രിക്കാന്‍ പറ്റില്ലെന്ന ധാരണ ഉണ്ടായിരുന്നിരിക്കണം.
ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ഇങ്ങനെയാണെങ്കില്‍ എനിക്ക് രാജിവെക്കേണ്ടി വരും എന്ന് പറഞ്ഞു. ഈ നിലപാടാണ് നിങ്ങള്‍ക്കെങ്കില്‍ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും, എനിക്ക് എന്റേതായ നിലപാടുണ്ടെന്നും പറഞ്ഞു. ഞാന്‍ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു അവരുടെ പിന്നെയുള്ള പ്രശ്‌നം.
നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ്, നിങ്ങളുടെ രാഷ്ട്രീയം എന്താണ്, എന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടെന്നും അതുകൊണ്ടുതന്നെ ഞാന്‍ സംഘി അല്ല, നിലപാടുള്ള ആളാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ഞാന്‍ മറുപടി കൊടുത്തു.
അപ്പോള്‍ അവര്‍ അച്ചടക്കം പാലിച്ചുകൊണ്ടേ നില്‍ക്കാന്‍ പറ്റുകയുള്ളൂവെന്ന് പറയുന്നു. എന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തന്നെ പോകുമെന്നും അങ്ങനെയാണെങ്കില്‍ എനിക്ക് രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്നും നിങ്ങള്‍ ഈ രീതിയില്‍ എന്നോട് നിലപാട് സ്വീകരിച്ചാല്‍ എന്റെ നിലപാടുകള്‍ മുറുകെപ്പിടിച്ചുകൊണ്ട് എനിക്ക് രാജിവെക്കേണ്ടി വരുമെന്നും പറഞ്ഞ് ഞാന്‍ എന്റെ ഐഡി കാര്‍ഡ് അവരുടെ മുന്നില്‍ വലിച്ചെറിഞ്ഞ് കൊണ്ട് ഇറങ്ങി വന്നു. ഇതാണ് ആ ദിവസം വരെ സംഭവിച്ചത്.
അതിനുശേഷം അവരുടെ ഗ്രൂപ്പ് പ്രസിഡന്റ് വിളിക്കുന്നു, രാജിവെക്കുന്നതിനെ കുറിച്ച് ആലോചിക്കണം എന്ന് പറയുന്നു. വൈസ് ചെയര്‍മാന്‍ അടക്കമുള്ള ആളുകള്‍ എന്നോട് ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഞാനുമായി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞു നീ ഇപ്പോള്‍ തല്‍ക്കാലം രാജിവെക്കേണ്ട ആവശ്യമില്ല. അവിടെനിന്ന് ഫൈറ്റ് ചെയ്യുകയാണ് വേണ്ടതെന്ന്.
പക്ഷേ രാജി അവര്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് വേറൊരു കാര്യം. കാരണം അപര്‍ണ സെന്‍ അവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ അവര്‍ വിചാരിക്കുന്ന പാവകളെ വെച്ച് അവര്‍ക്ക് പ്ലേ ചെയ്യാമെന്നായിരിക്കും അവര്‍ കരുതിയിരുന്നത്.
നികേഷ് സര്‍ അതിലൊക്കെ സൈലന്റ് ആയിരിക്കുന്നത് അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ അതായത് കൊണ്ടായിരിക്കാം. കാരണം അത്രയും ധൈര്യശാലിയായ ഒരു മാധ്യമപ്രവര്‍ത്തകന്‍ വളരെ നിസ്സഹായനായിരിക്കുന്ന കാഴ്ച സത്യസന്ധമായി ഞാന്‍ കാണുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.
നികേഷ് കുമാറിനൊപ്പം തന്നെ റിപ്പോര്‍ട്ടറിന്റെ മുഖമായിരുന്നു അപര്‍ണയും. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ. എന്നാല്‍ നികേഷ് ഇപ്പോഴും അതെ പദവിയില്‍ നില്‍ക്കുന്നു. അപര്‍ണയ്ക്ക് പകരം മറ്റു പല മുഖങ്ങളും കടന്ന് വരുന്നു. ഈയൊരവസരത്തില്‍ അപര്‍ണയ്ക്ക വേണ്ടി വാദിക്കാന്‍ നികേഷ് കുമാര്‍ ശ്രമിച്ചിട്ടുണ്ടോ?
ഇല്ല, നികേഷ് സര്‍ എനിക്കുവേണ്ടി എവിടെയും സംസാരിച്ചിട്ടില്ല. എല്ലാവര്‍ക്കും എല്ലാവരുടെയുമായ തിരക്കും കാര്യങ്ങളും ഉണ്ടാകും. റിപ്പോര്‍ട്ടറിന്റെ കഷ്ടകാലത്ത് കൂടെ നിന്നു എന്നതൊന്നും മാനദണ്ഡം ആകണമെന്നില്ല. നമ്മളുടെ ആത്മാര്‍ത്ഥയൊന്നും റീ പേ ചെയ്യപ്പെടണമെന്നില്ല. പക്ഷേ അവിടെ നിന്നു എന്നതുകൊണ്ടാണ് ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തനം ഗംഭീരമായി ചെയ്തത് എന്ന് വിശ്വസിക്കുന്നുണ്ട്.
പക്ഷേ അതൊന്നും റീ പേ ചെയ്യപ്പെടണമെന്ന് നമ്മള്‍ ആഗ്രഹിക്കാന്‍ പാടില്ലായിരിക്കാം. നികേഷ് കുമാര്‍ അതില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്തത് അദ്ദേഹത്തിന്റെ സാഹചര്യം കൊണ്ടായിരിക്കും. ഞാനിപ്പോഴും അദ്ദേഹത്തെ ഗുരു സ്ഥാനത്ത് തന്നെയാണ് കാണുന്നത്.
പലപ്പോഴും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. വിമര്‍ശനാത്മക ബുദ്ധിയോട് കൂടി തന്നെ അദ്ദേഹത്തോട് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് നിലപാട് സ്വീകരിക്കാന്‍ പറ്റിയില്ല എന്നത് കുറവായിട്ട് കാണാന്‍ പറ്റില്ല. കാരണം അദ്ദേഹത്തിന് അതേ ചെയ്യാന്‍ പറ്റുന്നുണ്ടാകുള്ളു. അദ്ദേഹം നിസ്സഹായാവസ്ഥയിലാകാം.
വളരെ പവര്‍ഫുള്‍ ആയ ഒരു മനുഷ്യന് ചിലപ്പോള്‍ ഭീരുവായി ഇരിക്കേണ്ട അവസ്ഥ ഉണ്ടായിരിക്കാം. അതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് നമുക്ക് അറിയില്ല. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് എന്നും അറിയില്ല.
റിപ്പോര്‍ട്ടര്‍ ടി.വി പുതിയ ടീമുമായി വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കേട്ടത് അപര്‍ണ സെന്‍ എവിടെ എന്ന ചോദ്യമാണ്. അപര്‍ണയെ ഇത്രയധികം ആളുകള്‍ സപ്പോര്‍ട്ട് ചെയ്ത് വരുന്നത് ഇപ്പോഴാണ്. പക്ഷെ ഇതിലൊന്നിനും അപര്‍ണ മറുപടി പറഞ്ഞിട്ടില്ല. ഈ ചോദ്യങ്ങള്‍ക്കും തന്നെ പിന്തുണക്കുന്നവര്‍ക്കും എന്ത് മറുപടിയാണ് കൊടുക്കാനുള്ളത്?
സോഷ്യല്‍ മീഡിയയില്‍ സ്നേഹിക്കുന്ന മനുഷ്യരാണ് കൂടുതലും ഉള്ളത്. എന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന് മനുഷ്യര്‍ എനിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോള്‍ ഈ ജീവിതത്തില്‍ വലിയ തരത്തില്‍ അംഗീകരിക്കപ്പെട്ടു എന്ന് എനിക്ക് തോന്നിയിരുന്നു. ചെയ്ത മാധ്യമപ്രവര്‍ത്തനം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ട സമയമായിരുന്നു അത്.
എന്നെയും എന്റെയും മാധ്യമപ്രവര്‍ത്തനത്തെയും ആളുകള്‍ ഓര്‍മിക്കുന്നു എന്നതില്‍ കവിഞ്ഞൊരു നേട്ടവും ഒരു മാധ്യമപ്രവര്‍ത്തകയെ സംബന്ധിച്ച് ലഭിക്കാനില്ല. എന്റെ ബ്രാന്‍ഡ് ഓഫ് ജേര്‍ണലിസത്തെ ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്, അല്ലെങ്കില്‍ എന്റെ നിലപാടുകളുടെ പേരില്‍ ആളുകള്‍ എന്നെ ഓര്‍മിക്കപ്പെടുന്നു, എനിക്കെതിരെ നടന്ന അനീതി ചോദ്യം ചെയ്യപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്.
എന്നോട് പുതിയ മാനേജ്മെന്റ് പറഞ്ഞത് മൂന്നര കോടി ജനങ്ങള്‍ റിപ്പോര്‍ട്ടറിനെതിരെ വന്നാലും തങ്ങളുടെ നിലപാട് മാറ്റില്ലെന്നാണ്. മൂന്നരക്കോടി ജനങ്ങളെ നിങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്, നിങ്ങളാരാണെന്നും ഞാന്‍ ആരാണെന്നും ഇപ്പോള്‍ അവര്‍ക്ക് ബോധ്യമുണ്ട്, ഇതിന്റെ പേരില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ എന്നെ എഡിറ്റോറിയല്‍ ടീമില്‍ ഉള്‍പ്പെടുത്തുകയോ ഏതെങ്കിലും തരത്തില്‍ എനിക്കൊരു നേട്ടം ഉണ്ടാവുകയോ ചെയ്താല്‍ അതിനേക്കാള്‍ വലിയ അപമാനവും പരാജയവും ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് വരാനില്ലെന്നാണ് ഞാന്‍ നല്‍കിയ മറുപടി.
അവിടെ ബി.ജെ.പിയുടെ ആളുകളെ ഉള്‍പ്പെടുത്തി, അവരെ സംരക്ഷിച്ച് ചേര്‍ത്ത് പിടിച്ച ആളാണ് എനിക്ക് വേണ്ടി സംസാരിച്ച മുഴുവന്‍ ആളുകളെയും പുച്ഛിച്ച് കൊണ്ട് ജനങ്ങള്‍ അപര്‍ണയോടൊപ്പം നിന്നാലും ഞങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞത്, ആ ജനങ്ങളെ മുഴുവന്‍ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയുകയാണ് നിങ്ങള്‍ ഇതിന്റെ പേരില്‍ ഏതെങ്കിലും തരത്തില്‍ എനിക്ക് പ്രിവിലേജ് തരികയോ ഏതെങ്കിലും തരത്തില്‍ നേട്ടമുണ്ടാകുന്ന പ്രവര്‍ത്തികള്‍ ചെയ്താലോ അതിനേക്കാള്‍ വലിയ പരാജയം മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് വരാനില്ലെന്നാണ്. ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അതാണെന്നാണ് എനിക്ക് തോന്നുന്നത്.
സംഘപരിവാര്‍ ആശയം പിന്തുടരുന്നവര്‍ പുതിയ റിപ്പോര്‍ട്ടറിന്റെ എഡിറ്റോറിയല്‍ ടീമില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സംഘപരിവാറിനെതിരെ നിലപാട് എടുക്കുന്നതില്‍ ഇനി റിപ്പോര്‍ട്ടറില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ വരുമോ?
പണം മുടക്കുന്നവര്‍ക്ക് അനുസരിച്ച് ആയിരിക്കുമല്ലോ വാര്‍ത്തകള്‍ ഉണ്ടാകുക. അതിനുവേണ്ടി ആയിരിക്കും ചില മാനേജ്മെന്റ് പ്രവര്‍ത്തിക്കുക. അവിടെ ആയിരിക്കുമല്ലോ പ്രോ ലെഫ്റ്റ് ആയ അപര്‍ണക്ക് പുറത്തു പോകേണ്ടി വരിക. ഏറ്റവും വലിയ കോമഡി ഞാന്‍ ഇതുവരെ ഔദ്യോഗികമായി രാജി കൊടുത്തിട്ടില്ല. എന്റെ വാക്കാലുള്ള രാജി ഔദ്യോഗികമായി കണക്കാക്കുന്ന മാനേജ്മെന്റ് ആണ് റിപ്പോര്‍ട്ടറിന്റെ മാനേജ്മെന്റ്.
സോഷ്യല്‍ മീഡിയ കൊണ്ട് ഇത്രയും അലേര്‍ട്ടായി ഇരിക്കുന്നത് കൊണ്ട് എനിക്കെതിരെ ഒരു ആക്ഷന്‍ എടുക്കാന്‍ അവര്‍ പേടിക്കുന്നുണ്ട്. എന്നോട് വാക്കാലുള്ള രാജി രാജിയായെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ രാജി തരില്ല നിങ്ങള്‍ ആക്ഷന്‍ എടുത്തോളൂ എന്ന് ഞാനും പറഞ്ഞു.
അവരെ സംബന്ധിച്ച് ഞാന്‍ രാജി എഴുതി കൊടുക്കേണ്ടത് അവര്‍ക്ക് ആവശ്യമുണ്ട്. അങ്ങനെയാകുമ്പോള്‍ എനിക്ക് തരേണ്ട ഭീമമായ തുക അവര്‍ക്ക് ഒഴിവായി കിട്ടും. ഞാന്‍ ഒഴിവായി പോകുന്നു എന്ന് പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ അത് ചര്‍ച്ചയാവില്ല.
അതേസമയം അവര്‍ എനിക്കെതിരെ എന്തെങ്കിലും ആക്ഷന്‍ എടുത്താല്‍ അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകും. ഈ സമയത്ത് അവര്‍ അത് ആഗ്രഹിക്കുന്നില്ല, കാരണം ബി.ജെ.പി അനുഭാവികള്‍ ആക്രമിക്കപ്പെടും എന്ന് അവര്‍ക്കറിയാം. അവരെ സംരക്ഷിക്കേണ്ടത് മാനേജ്മെന്റിന്റെ ബാധ്യതയാണ്.
നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രാജി കൊടുക്കുന്നില്ല. അവരുടെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടു തന്നെ ഞാന്‍ അവിടെ നില്‍ക്കും. കാരണം എന്റെ തൊഴില്‍ ചെയ്യുവാനുള്ള അവകാശത്തെ അവര്‍ നിഷേധിച്ചു. എനിക്ക് ജോയിന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ജോയിന്‍ ചെയ്യാന്‍ പറ്റിയില്ല.
ഇതിലൊക്കെ കൃത്യമായ അജണ്ടകള്‍ ഉണ്ട്. ഞാന്‍ പുറത്തു പോകണം എന്നത് അവരുടെ ആവശ്യമാണ്. അതുകൊണ്ടാണ് അവര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഞാന്‍ എപ്പോഴാണ് അതില്‍ നിന്ന് രാജിവെച്ചു പോവുക എന്നാണ് അവര്‍ ആലോചിക്കുന്നത്.
തത്കാലം അത് അങ്ങനെ നില്‍ക്കട്ടെ. നിലവിലെ സാഹചര്യത്തില്‍ ഞാന്‍ ഇപ്പോഴും റിപ്പോര്‍ട്ടറിലെ എംപ്ലോയിയാണ്. എനിക്ക് ഇതുവരെ റിലീവിങ് ലെറ്റര്‍ കിട്ടിയിട്ടില്ല. എനിക്കെതിരെ അവര്‍ ആക്ഷന്‍ എടുത്തിട്ടില്ല. എന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് എച്ച്.ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ്.
നടിയെ ആക്രമിച്ച സംഭവങ്ങളില്‍ അടക്കം കൃത്യമായ നിലപാടുകളായിരുന്നു റിപ്പോര്‍ട്ടര്‍ ടി.വി കൈക്കൊണ്ടത്. പുതിയ ടീമിന് ഇത് പോലൊരു നിലപാട് എടുക്കാന്‍ പറ്റും എന്ന് തോന്നുന്നുണ്ടോ?
റിപ്പോര്‍ട്ടര്‍ ഇതുവരെ സ്വീകരിച്ച ഒരു മാധ്യമപ്രവര്‍ത്തനവും പുതിയ മാനേജ്മെന്റില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. റിപ്പോര്‍ട്ടര്‍ ഇതുവരെ ജനപക്ഷത്ത് നിന്ന് സ്വീകരിച്ച നിലപാടുകള്‍ ഈ മാനേജ്മെന്റില്‍ നിന്നും നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ.
ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന് പറഞ്ഞ് എത്ര ദിവസം റിപ്പോര്‍ട്ടറില്‍ ചര്‍ച്ചകള്‍ നടക്കും. സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ, മോദിയുടെ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് എത്ര ആര്‍ജ്ജവത്തോടെ റിപ്പോര്‍ട്ടറില്‍ ഇനി ചര്‍ച്ചകള്‍ നടക്കും. എത്ര ദിവസം ബി.ജെ.പിക്കെതിരെയും സംഘപരിവാറിനെതിരെയുമുള്ള ചര്‍ച്ചകള്‍ റിപ്പോര്‍ട്ടറില്‍ ഉണ്ടാകും. അതില്‍ എനിക്ക് സംശയമുണ്ട്.
ഈ പറയുന്നതുപോലെ ദിലീപിന്റെ കേസ് ഞങ്ങള്‍ ഫോളോഅപ്പ് ചെയ്തുകൊണ്ടിരുന്നു. ഓരോ ദിവസവും അതിനുവേണ്ടി ഉറക്കമൊഴിച്ചിരുന്ന് ജോലി ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകനായ റോഷി പാലിനൊക്കെ വലിയ രീതിയില്‍ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.
എല്ലാ മാധ്യമ സ്ഥാപനങ്ങളിലും നടക്കുന്നതു പോലെ ചര്‍ച്ചകള്‍ നടക്കുമായിരിക്കും. സ്ത്രീ വിരുദ്ധതക്കെതിരെ, അനീതിക്കെതിരെ, നീതി നിഷേധിക്കപ്പെടുന്നതിനെതിരെ, ദളിതര്‍ക്കെതിരെയും അധസ്ഥിതര്‍ക്കെതിരെയും നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് അത് പോലെ സ്വീകരിച്ച മാധ്യമ സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവാണ്. അത്രയും കഷ്ടപ്പാടില്‍ നിന്നും പ്രതിസന്ധിയില്‍ നിന്നും ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. പക്ഷേ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ മേലങ്കി അണിഞ്ഞ പുതിയ റിപ്പോര്‍ട്ടറിന് അത് എത്രത്തോളം ചെയ്യാന്‍ പറ്റും എന്ന് എനിക്കറിയില്ല.
കേരളം ചര്‍ച്ച ചെയ്ത മുട്ടില്‍ മരം മുറി കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരാണ് റിപ്പോര്‍ട്ടറിന്റെ ഇപ്പോഴത്തെ ഉടമകള്‍. അവരുടെ കീഴില്‍ എത്രത്തോളം ജനാധിപത്യപരമായ മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്?
നമുക്കൊരു ക്യാമ്പ് നടന്നിരുന്നു. അതില്‍ അവര്‍ മുട്ടില്‍ മരം മുറി കേസില്‍ അവര്‍ക്ക് അനുകൂലമായ വിധി വരും എന്നാണ് വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ആ ക്യാമ്പില്‍ നമ്മള്‍ 380ഓളം പേരുണ്ടായിരുന്നു.
ഞങ്ങള്‍ ഓണ്‍ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യുന്ന സമയത്ത് നേരിടേണ്ട ചോദ്യമായിരിക്കുമിതെന്നതില്‍ ആശങ്കയുണ്ടായിരുന്നു. ആ സമയത്ത് പറഞ്ഞത് മൂട്ടില്‍ മരംമുറി കേസ് നിങ്ങള്‍ വിചാരിച്ചത് പോലെ ഒന്നുമല്ല അത് കോടതിയില്‍ വരുമ്പോള്‍ നിങ്ങള്‍ നോക്കിക്കോളൂ എന്നാണ്. അവര്‍ ആ കേസില്‍ അത്രയും കോണ്‍ഫിഡന്റ് ആണ്.
ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചുള്ള അഭിപ്രായമെന്താണ്?
മാധ്യമപ്രവര്‍ത്തനത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ജനങ്ങളെ നേരിട്ട് ഗുണം ചെയ്യുന്ന പദ്ധതികളെ കുറിച്ചുള്ള വാര്‍ത്തകളില്‍. ഇത്ര വിമര്‍ശനങ്ങള്‍ ഉണ്ടാകുന്ന സമയത്ത് അതിലുള്ള ഏറ്റവും വലിയ അപകടം ജനങ്ങള്‍ മാധ്യമങ്ങളെ അവിശ്വസിക്കും എന്നതാണ്.
പണ്ടത്തെ റിപ്പോര്‍ട്ടര്‍ എന്ന് പറയുന്നത് അത്രയും ക്രെഡിബിലിറ്റി ഉള്ള മാധ്യമം ആയിരുന്നു. ആ ക്രഡിബിലിറ്റിയെയാണ് ഇപ്പോഴത്തെ മാനേജ്മെന്റ് വാങ്ങിയത്. ഒറ്റ വാര്‍ത്ത കൊണ്ട് അത് തകര്‍ന്ന് പോയില്ലേ. വിശ്വാസ്യത മൊത്തം തകര്‍ന്നു തരിപ്പണമാവുക എന്നത് വളരെ വേദനയോടെ കൂടിയാണ് ഞാന്‍ കണ്ടുകൊണ്ടിരുന്നത്.
കാരണം ഞാനും നികേഷ് സാറും അടക്കം 10 പേരായിരുന്നു റിപ്പോര്‍ട്ടര്‍ ഡെസ്‌ക് എന്ന് പറയുന്നത്. ഇത്രയും പേര്‍ ജോലി ചെയ്യുമ്പോള്‍ പോലും ഒരു വ്യാജവാര്‍ത്ത റിപ്പോര്‍ട്ടര്‍ ബ്രേക്ക് ചെയ്തിട്ടില്ല. ഞങ്ങള്‍ എത്രയോ വാര്‍ത്തകള്‍ ബ്രേക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു സംവിധാനവും ഉണ്ടായിട്ടില്ല വി.ആര്‍, എക്സ്.ആര്‍ സംവിധാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഞങ്ങള്‍ 10 മാധ്യമപ്രവര്‍ത്തകരും മൂന്ന് എഡിറ്റേഴ്സും രണ്ട് ഗ്രാഫിക് സിസ്റ്റവുമൊക്കെയായി അവിടെ ജോലി ചെയ്തിട്ടുണ്ട്. ശമ്പളം ഇല്ലാതെയാണ് ഞങ്ങള്‍ പണിയെടുത്തത്. പക്ഷേ ഒറ്റ ദിവസം പോലും വ്യാജവാര്‍ത്ത കൊടുത്തു എന്നതിന്റെ പേരില്‍ ഞങ്ങള്‍ പഴി കേട്ടിട്ടില്ല. ഒരു പദ്ധതിയും നിര്‍ത്തലാക്കുന്ന തരത്തിലുള്ള ഒരു കുത്സിത പ്രവര്‍ത്തനവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ജനോപകരമായ വാര്‍ത്തകള്‍ മാത്രമേ ഞങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്തിട്ടുള്ളൂ. ജനങ്ങളോട് നീതിപുലര്‍ത്തണം, അവരോട് ചേര്‍ന്ന് നില്‍ക്കണം എന്ന് മാത്രമേ ഞങ്ങള്‍ വിചാരിച്ചിട്ടുള്ളൂ. അവിടെനിന്ന് റിപ്പോര്‍ട്ടര്‍ മാറിയ മാറ്റം കണ്ട് നല്ല വേദനയുണ്ട്.
ഇത് കണ്ടപ്പോള്‍ എനിക്ക് ഹാര്‍ട്ട് ബ്രോക്കണ്‍ എന്ന് പറയുന്ന ഒരു അവസ്ഥയായിരുന്നു. എന്നെ സംബന്ധിച്ച് എന്റെ കുട്ടിയെ പോലെയായിരുന്നു എനിക്ക് റിപ്പോര്‍ട്ടര്‍. അതിന് ഒരുപാട് ഭംഗിയൊന്നും ഇല്ലായിരുന്നെങ്കിലും നേരും നെറിയുമുള്ള സ്ഥാപനമായിരുന്നു. അത് നശിച്ചു പോവുകയാണെന്ന വേദന എനിക്കുണ്ടായിരുന്നു.
മനുഷ്യന്മാരായിട്ടുള്ള ആര്‍ക്കെങ്കിലും ആ പദ്ധതിയെക്കുറിച്ച് ഇങ്ങനെ ഒരു വാര്‍ത്ത കൊടുക്കാന്‍ പറ്റുമെന്ന് എനിക്ക് അറിയില്ല. ആ തരത്തിലുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ പാടില്ലായിരുന്നു. അതിനേക്കാള്‍ വലിയ മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തിയില്ല. മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട് മാധ്യമപ്രവര്‍ത്തനം ചെയ്യണമെന്നാണ് ജേര്‍ണലിസം ക്ലാസുകളില്‍ എന്നെയൊക്കെ പഠിപ്പിച്ചിട്ടുള്ളത്.
മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്താല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. ഏതെങ്കിലും തരത്തില്‍ ടി.വി പ്രസാദിന് അതില്‍ ജാഗ്രത കുറവുണ്ടായിരുന്നെങ്കില്‍ അത് പരിശോധിച്ച് തിരുത്തേണ്ടത് എഡിറ്റോറിയല്‍ ടീം ആയിരുന്നു. അതില്‍ എല്ലായിടത്തും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വന്ന പദ്ധതിയാണ് ഹൃദ്യം പദ്ധതി. ആ പദ്ധതിയെക്കുറിച്ച് വാര്‍ത്ത കൊടുക്കുമ്പോള്‍ വീഴ്ച പറ്റാന്‍ പാടില്ലായിരുന്നു. ഏതു മാധ്യമ സ്ഥാപനം കൊടുക്കുന്നതിനേക്കാള്‍ റിപ്പോര്‍ട്ടര്‍ അത് കൊടുത്തതാണ് എനിക്ക് വിഷമം ഉണ്ടാക്കിയത്.
മീറ്റ് ദി എഡിറ്റര്‍സ് എന്ന ചര്‍ച്ച പരിപാടി സ്‌ക്രിപ്റ്റഡ് ആണെന്നുള്ള വിമര്‍ശനങ്ങള്‍ വരുന്നുണ്ടല്ലോ. അതിനു പിന്നിലുള്ള സത്യാവസ്ഥ എന്താണ്?
സത്യമായി പറഞ്ഞാല്‍ ഞാന്‍ ആ പരിപാടി കണ്ടിട്ടില്ല. ഒന്ന് രണ്ട് ക്ലിപ്പ് മാത്രമേ കണ്ടുള്ളൂ. അത് സ്‌ക്രിപ്പ്റ്റഡാകാന്‍ സാധ്യതകള്‍ ഇല്ല. നികേഷ് കുമാര്‍ എന്തായാലും സ്‌ക്രിപ്റ്റുമായി ഓണ്‍ എയറില്‍ കയറാന്‍ സാധ്യതയില്ല. അതെനിക്കുറപ്പാണ്.
എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം എപ്പോഴും നല്ലൊരു മാധ്യമപ്രവര്‍ത്തകനാണ്. ചിലര്‍ തങ്ങള്‍ നിഷ്പക്ഷരാണെന്ന് കാണിക്കാന്‍ വേണ്ടി സര്‍ക്കസുകള്‍ കാണിക്കുന്നുണ്ടാകാം. അതിന്റെ വസ്തുതകള്‍ എനിക്ക് അറിയില്ല. അതുമായി ബന്ധപ്പെട്ട് എന്താണ് നടക്കുന്നത് എന്ന് ഞാന്‍ അന്വേഷിച്ചിട്ടും ഇല്ല.
Content Highlight: Interview with Journalist Aparna Sen
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.