Interview | പേരില്ലൂരിലെ ഗോമതി, ഞാന്‍ കാത്തിരുന്ന കഥാപാത്രം: ജയ കുറുപ്പ്
Film Interview
Interview | പേരില്ലൂരിലെ ഗോമതി, ഞാന്‍ കാത്തിരുന്ന കഥാപാത്രം: ജയ കുറുപ്പ്
ആര്യ. പി
Saturday, 13th January 2024, 2:58 pm

പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ എന്ന വെബ് സീരീസിലൂടെ വീണ്ടും ഒരു മികച്ച കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി ജയ കുറുപ്പ്. ഫഹദ് ഫാസില്‍ നായകനായ മലയന്‍ കുഞ്ഞ് എന്ന ചിത്രത്തില്‍ ജയ അവതരിപ്പിച്ച ഫഹദിന്റെ അമ്മ കഥാപാത്രവും ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. വിജയരാഘവന്‍ അവതരിപ്പിച്ച പീതാംബരന്‍ മാസ്റ്റര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഗോമതിയായിട്ടാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ ജയ എത്തുന്നത്.

പേരില്ലൂര്‍ എന്ന ഗ്രാമത്തില്‍ നോര്‍മലായി പെരുമാറുന്ന ഏക കഥാപാത്രം ഒരുപക്ഷേ ഗോമതിയായിരിക്കും. ഭര്‍ത്താവ് പീതാംബരനേയും പേരില്ലൂരുകാരേയും ഇത്ര കണ്ട് മനസിലാക്കിയ മറ്റൊരാള്‍ ആ ഗ്രാമത്തില്‍ കാണില്ല. ഭര്‍ത്താവിന്റെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കാത്ത, സ്വന്തം നിലപാട് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്ന കഥാപാത്രമാണ് ഗോമതി.

ഗോമതിയെന്ന കഥാപാത്രത്തോട് പ്രേക്ഷകന് ഇഷ്ടം തോന്നുന്നതിന്റെ പ്രധാനകാരണം ആ കഥാപാത്രത്തെ ജയ അവതരിപ്പിച്ചുവെച്ചിരിക്കുന്ന രീതി കൊണ്ടുതന്നെയാണ്. ഒരു തനി പേരില്ലൂരുകാരിയായി ജീവിക്കുന്നുണ്ട് സീരീസില്‍ ജയ. പേരില്ലൂരിന്റെ വിശേഷങ്ങള്‍ ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് ജയ കുറുപ്പ്.

ജയ കുറുപ്പ്

ആര്യ പി: എങ്ങനെയാണ് പേരില്ലൂരിലേക്ക് എത്തുന്നത്?

ജയ കുറുപ്പ്: ക്രിസ്റ്റി എന്ന സിനിമയില്‍ ഞാന്‍ ഒരു കഥാപാത്രം ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ അസോസിയേറ്റായ ഷെല്ലിയാണ് പ്രവീണിന്റെ അടുത്ത് എന്നെ കുറിച്ച് സംസാരിക്കുന്നത്. ക്രിസ്റ്റിയില്‍ മാത്യുവിന്റെ മാമിയായിട്ടായിരുന്നു അഭിനയിച്ചത്. അവിടെ വെച്ചാണ് ഷെല്ലിയുമായുള്ള പരിചയം. അതിന് ശേഷം അയല്‍വാശിയില്‍ നിഖിലയുടെ അമ്മായിയമ്മയായിട്ട് അഭിനയിച്ചിരുന്നു, ബിനു പപ്പുവിന്റെ അമ്മ വേഷം.

അത് നല്ലൊരു കഥാപാത്രമായിരുന്നു. ഒരു മുഴുനീള വേഷം. പേരില്ലൂരില്‍ ഈ കഥാപാത്രം വന്നപ്പോള്‍ നിഖിലയും എന്റെ കാര്യം പറഞ്ഞിരുന്നു. ഇവരുടെ രണ്ട് പേരും പറഞ്ഞതുവെച്ചാണ് പ്രവീണ്‍ എന്ന പേരില്ലൂരിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

ആര്യ പി: ഗോമതിയെന്ന കഥാപാത്രത്തെ നരേറ്റ് ചെയതു തന്നപ്പോള്‍ എന്താണ് തോന്നിയത്?

ജയ കുറുപ്പ്: ദീപുവാണ് കഥാപാത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. എന്നാല്‍ ഏത് സ്ലാംഗിലാണ് ഈ കഥാപാത്രം സംസാരിക്കേണ്ടത് എന്നൊന്നും ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഷൂട്ടിന് വന്നപ്പോഴാണ് സ്ലാംഗ് ഏകദേശം പിടിക്കണമെന്നൊക്കെ പറഞ്ഞത്. ആദ്യമൊക്കെ ഭയങ്കര പരിഭ്രമമായിരുന്നു. പിന്നെ അതിലേക്ക് എത്തുകയായിരുന്നു. അഞ്ച് വര്‍ഷം ആ പഞ്ചായത്ത് ഭരിച്ച ആളാണ് ഗോമതി. ഭരണം പീതാംബരന്‍ ആയിരുന്നെങ്കിലും ഇവര്‍ അത് കണ്ട് മടുത്തിരിക്കുന്ന ഒരു ആളാണ്. ഇതില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാകണമെന്നൊക്കെ ചിന്തിക്കുന്ന ഒരാളാണ് ഗോമതിയെന്നൊക്കെ പറഞ്ഞു തന്നിരുന്നു. അസോസിയേറ്റ് സുഹൈലും പ്രവീണുമൊക്കെ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. ഗോമതിയെ കുറിച്ച് എല്ലാം അവര്‍ എനിക്ക് പറഞ്ഞു തന്നിരുന്നു.

ആര്യ പി: കൂടുതല്‍ രംഗങ്ങളും വിജയരാഘവനൊപ്പമാണല്ലോ, അദ്ദേഹത്തെപ്പോലുള്ള ഒരു വലിയ താരത്തോടൊപ്പം അഭിനയിക്കുമ്പോള്‍ എന്താണ് തോന്നിയത്?

ജയ കുറുപ്പ്: എന്നെ സംബന്ധിച്ച് അത് വലിയൊരു ടെന്‍ഷന്‍ പിടിച്ച പരിപാടിയായിരുന്നു. കാരണം അദ്ദേഹത്തിന് സിനിമയില്‍ ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ട്. നാടക പാരമ്പര്യമുള്ള കുടുംബമാണ്. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ എനിക്ക് ടെന്‍ഷനായിരുന്നു. പക്ഷേ അദ്ദേഹം വളരെ നന്നായിട്ട് എന്നെ സഹായിച്ചു. ഇങ്ങനെ ചെയ്യണം, ഈ രീതിയില്‍ ചെയ്താല്‍ കുറച്ചുകൂടി നന്നാകും എന്നൊക്കെ പറഞ്ഞു തന്നിരുന്നു.

ഡയലോഗ് പറയുമ്പോള്‍ ഏത് രീതിയില്‍ ആയിരിക്കണമെന്നും എങ്ങനെ പറഞ്ഞാല്‍ അത് കൂടുതല്‍ നന്നാകുമെന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. അദ്ദേഹത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഒരു രംഗമുണ്ടല്ലോ, ആ സീനൊക്കെ മനോഹരമാക്കാന്‍ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. പിന്നെ ആള്‍ നല്ല കൂളാണ്. ആരൊക്കെ നിന്നാലും എല്ലാവരേയും പുള്ളി പരിഗണിക്കും. കസേര എടുത്തിട്ട് ഇരിക്കാന്‍ പറയും. അവരുടെ ചര്‍ച്ചകളില്‍ നമ്മളെ കൂടി ഉള്‍പ്പെടുത്തി സംസാരിക്കും. അത് നമുക്ക് തരുന്നൊരു പോസിറ്റീവ് എനര്‍ജിയുണ്ട്. അതുകൊണ്ട് തന്നെ അവരുമായുള്ള അകലം നമുക്ക് കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. കഥാപാത്രത്തെ കൂടുതല്‍ ഗംഭീരമാക്കാനും അത് സഹായിച്ചു.

ആര്യ പി:  നിഖില വിമലിനൊപ്പം നേരത്തേയും അഭിനയിച്ചിരുന്നല്ലോ, ഗോമതിയും മാളുവും എല്ലായ്പ്പോഴും ഒരുമിച്ചാണ്, നിഖിലയ്ക്കൊപ്പമുള്ള എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നു ?

ജയ കുറുപ്പ്: അയല്‍വാശിയില്‍ എനിക്ക് നിഖിലയ്ക്കൊപ്പം ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ. അത് അത്ര വലിയ സീനൊന്നുമല്ലായിരുന്നു. ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ അങ്ങനെ കൂടുതല്‍ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അതില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടായിരുന്നു പേരില്ലൂര്‍. ഇതില്‍ ഞങ്ങള്‍ തമ്മിലുള്ള സീനുകളായിരുന്നു കൂടുതല്‍.

ആള് നല്ല കൂളാണ്. മൂന്ന് നാല് ടേക്കൊക്കെ പോയിക്കഴിയുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. പക്ഷേ അവരൊക്കെ നല്ല ഹെല്‍പ്പായിരുന്നു. ഗോമതിയുടെ മകളെ ഇതില്‍ കാണിക്കുന്നില്ല. ഗോമതിക്ക് സ്വന്തം മകളോടുള്ള അതേ ഇഷ്ടം മാളവികയോടുണ്ട്. അവള്‍ എവിടേയും പെട്ട് പോകരുത് എന്ന് ഗോമതി ആഗ്രഹിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് അവര്‍ കുറേ അനുഭവിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഉണ്ടാക്കിവെച്ച പൊല്ലാപ്പുകളെ കുറിച്ച് ഗോമതിക്ക് അറിയാം. അതില്‍ ആ കുട്ടി പോയി വീഴരുതെന്ന നിലപാട് ഗോമതിക്കുണ്ട്.

അതില്‍ നിഖിലയുടെ ഭാഗത്ത് നിന്നുള്ള കുറേ കോണ്‍ട്രിബ്യൂഷന്‍സ് ഉണ്ട്. അതും എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.

നിഖിലയുടേത് നോര്‍മലാകുന്ന, എന്നാല്‍ ഇടയ്ക്ക് നോര്‍മലല്ലാത്ത രീതിയില്‍ പെരുമാറുന്ന കഥാപാത്രമാണ്. അവര്‍ വളരെ ഭംഗിയായിട്ട് അത് ചെയ്തിട്ടുണ്ട്. ആ നോട്ടവും പരിപാടിയുമൊക്കെ നന്നായിരുന്നു. പുള്ളിക്കാരി ശരിക്കും പേരില്ലൂരില്‍ വന്ന് പെട്ടുപോകുകയാണല്ലോ. നിഖില ഇതില്‍ കറക്ട് കാസ്റ്റിങ് തന്നെയാണ്. അമ്മായി പെട്ട് പോയി അമ്മായി എന്നൊക്കെ പറയുന്ന സീനുകള്‍ എത്ര ഭംഗിയായിട്ടാണ് അവര്‍ ചെയ്തത്. പല രംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. കറക്ട് മീറ്ററാണ് നിഖില പിടിച്ചത്. കൂടുതലമില്ല കുറവുമില്ല.

ആര്യ പി: അജു വര്‍ഗീസ് അവതരിപ്പിച്ച സൈക്കോ ബാലചന്ദ്രന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ, അജുവുമായുള്ള സീനുകളെ കുറിച്ച് ?

ജയ കുറുപ്പ്: അജുവിന്റെ കരിയറില്‍ അദ്ദേഹം ഇത്രനാളും ചെയ്ത കഥാപാത്രങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് സൈക്കോ ബാലചന്ദ്രന്‍. നമ്മളെ നന്നായി സഹായിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഇടപെടല്‍ അങ്ങനെയാണ്. സമയം എത്ര പോയാലും അദ്ദേഹത്തിന് അതൊന്നും കുഴപ്പമില്ല. ഒരു സീനിനെ ഏറ്റവും മനോഹരമാക്കാന്‍ അദ്ദേഹം എല്ലാ സമയത്തും ശ്രദ്ധിക്കാറുണ്ട്.

ചേച്ചീ ആ സീന്‍ നന്നായിരുന്നു എന്ന് എന്നോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. നമുക്ക് അതൊക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ. സാജന്‍ ബേക്കറിയില്‍ ഞാന്‍ അജുവിന്റെ അമ്മായിമ്മയുടെ വേഷം ചെയ്തിട്ടുണ്ട്. ചെറിയൊരു പോര്‍ഷനേ ഉണ്ടായിരുന്നുള്ളൂ.

ഇതില്‍ കാളയെ വെച്ച് ഇടിപ്പിച്ചതിന് ശേഷം ഞാന്‍ ബാലചന്ദ്രന്റെ അടുത്ത് പോയിട്ട് കാലമാടാ എന്ന് വിളിക്കുന്ന ഒരു ഡയലോഗുണ്ടല്ലോ. അസിസ്റ്റന്റ് എന്റെ അടുത്ത് വന്നിട്ട് ചേച്ചീ കാലാമാടാ എന്ന് വിളിക്കേണ്ട, ബാക്കി ഡയലോഗ് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. പക്ഷേ ഞാനത് വിട്ടുപോയി.

എടാ കാലാമാടാ എന്ന് വിളിച്ചുകൊണ്ടാണ് ഞാന്‍ ഡയലോഗ് പറഞ്ഞത്. ടേക്ക് ഓക്കെയായി കഴിഞ്ഞപ്പോഴാണ് എനിക്ക് അത് ഓര്‍മവന്നത്. അയ്യോ ഞാന്‍ കാലമാടാ എന്ന് വിളിച്ചുപോയല്ലോ എന്ന് പറഞ്ഞു. ഏയ് ഇല്ല ചേച്ചി അതിനെന്താണ് കുഴപ്പം, അങ്ങനെ തന്നെ വിളിക്കണം. അപ്പോഴേ അതിനൊരു സുഖമുണ്ടാകൂ എന്ന് അജു എന്നോട് പറഞ്ഞു. ആ കഥാപാത്രത്തെ അദ്ദേഹം അത്രത്തോളം മനസിലാക്കിയിട്ടുണ്ട്. അതൊക്കെ എനിക്ക് പ്രോത്സാഹനമായിരുന്നു.

ആര്യ പി: അജുവിന്റെ സീനുകളില്‍ ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണ്?

ജയ കുറുപ്പ്: കയര്‍ കയ്യില്‍ പിടിച്ചിട്ട് ഞാന്‍ ഇത് വിട്ടോട്ടെ എന്ന് അശോകന്‍ ചേട്ടന്‍ അവതരിപ്പിച്ച കേമന്‍ സോമന്‍ എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ഒരു സീനില്ലേ. ആ സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെ കൂളായി വന്നിട്ട്, നല്ലൊരു മനുഷ്യനായി വന്നിട്ട് സോമന്‍ ചേട്ടാ ഞാന്‍ ഇത് വിട്ടോട്ടെ എന്ന് ചോദിക്കുകയാണല്ലോ. ആ സീന്‍ ഏറെ ഇഷ്ടപ്പെട്ടു.

ആര്യ പി: സണ്ണി വെയ്ന്റെ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തെ കുറിച്ച്?

ജയ കുറുപ്പ്:  സണ്ണി നല്ല ഭംഗിയായിട്ട് തന്നെ ആ കഥാപാത്രത്തെ ചെയ്തുവെച്ചിട്ടുണ്ട്. ആ സ്ലാംഗില്‍ അദ്ദേഹം പിടിക്കുന്ന ചില വ്യത്യാസങ്ങള്‍ ഉണ്ടല്ലോ. മാന്യനായിട്ട് നില്‍ക്കുന്ന രംഗങ്ങളില്‍, വളരെ ഭവ്യതയോടെ വള്ളുവനാടന്‍ ഭാഷ പറയുന്നു. പെണ്ണുകാണല്‍ രംഗങ്ങളിലാണ് ആ സ്ലാംഗ് കൂടുതല്‍ ഉപയോഗിക്കുന്നത്. ആ സമയങ്ങളില്‍ ഭയങ്കര മര്യാദരാമനായിട്ട് നില്‍ക്കുകയാണല്ലോ.

അത് കഴിഞ്ഞിട്ട് വാസുവുമായുള്ള സീനുകളില്‍ പുള്ളിയുടെ തനി സ്വഭാവം കാണിക്കുന്നുണ്ട്. ആ മാറ്റമൊക്കെ സണ്ണി വളരെ ഭംഗിയായിട്ട് ചെയ്തുവെച്ചിട്ടുണ്ട്. പിന്നെ ഒരു പഞ്ചപാവം മനുഷ്യനാണ് ശ്രീക്കുട്ടന്‍. ഒരു പെണ്ണിനെ കണ്ട് അടുത്തതിലേക്ക് പോകുന്നതും ഒരു പെണ്ണിനെ കാണുമ്പോള്‍ അവളെ ആസ്വദിച്ചു നോക്കുന്ന ആ റിയാക്ഷനുമൊക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്.

സണ്ണിയുമായി എനിക്ക് കോമ്പിനേഷന്‍ രംഗം ഉണ്ടായിരുന്നില്ല, പക്ഷേ ആണുകാണല്‍ സീനില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ട്. ആ സീന്‍ പ്ലാന്‍ ചെയ്തിരുന്നത് പെണ്ണ് കണ്ട് കുറച്ച് സമയത്തിന് ശേഷം നിഖില ചിരിക്കുമെന്നും അതിന് ശേഷം ശ്രീക്കുട്ടന്‍ ചിരിക്കണമെന്നുമുള്ള രീതിയിലായിരുന്നു.

പക്ഷേ സണ്ണിയോട് ആദ്യം തന്നെ അങ്ങ് ചിരിച്ചുപോയി. ഒറ്റച്ചിരിയായിരുന്നു. ഇത് കണ്ടതും ഞങ്ങളെല്ലാവരും ചിരിച്ചുപോയി. എനിക്ക് തോന്നുന്നു മോണിറ്റര്‍ നോക്കി പ്രവീണും ചിരിക്കുകയായിരുന്നുവെന്ന്. ആ സീനില്‍ ചിരിയൊതുക്കാന്‍ എല്ലാവരും ഒന്ന് പാടുപെട്ടു. ആ സീനിലെ സണ്ണിയുടെ നാണവും അമ്മയുടെ പിറകിലേക്ക് മാറലുമെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ സണ്ണിയുടെ കരിയറിലെ മികച്ച കഥാപാത്രം കൂടിയാണ് ഇത്. അപ്പനിലെ കഥാപാത്രമൊക്കെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. ഇത് വേറൊരു രീതിയിലാണ് അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത്. നല്ലൊരു മനുഷ്യന്‍ കൂടിയാണ് സണ്ണി. എപ്പോഴും ചിരിച്ച മുഖത്തോടെ പെരുമാറുന്ന ഒരാള്‍.

ആര്യ പി:  വ്യക്തമായ നിലപാടുള്ള ഒരു വ്യക്തിയാണ് ഗോമതി. പീതാംബരന്റെ കൊള്ളരുതായ്മകള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കുന്നില്ല. അദ്ദേഹം നടത്തുന്ന അഴിമതിയെ ഗോമതി ചോദ്യം ചെയ്യുന്നുണ്ട്. ആ കഥാപാത്രത്തിന് തന്നെ ഒരു രാഷ്ട്രീയമുണ്ട്. അതിനെ കുറിച്ച് എന്താണ് തോന്നിയത്?

ജയ കുറുപ്പ്: ഗോമതി ഒരു ശക്തമായ കഥാപാത്രമാണെന്ന് എനിക്ക് മനസിലായിരുന്നു. എങ്കിലും ഇവര്‍ക്ക് ഭര്‍ത്താവിനോടുള്ള ഒരു ഇഷ്ടം ഇതിനകത്ത് കാണിക്കുന്നുണ്ട്. ആദ്യം ഞാന്‍ ആ കഥാപാത്രത്തെ അങ്ങനെയായിരുന്നില്ല മനസിലാക്കിയിരുന്നത്. അതായത് മാളുവിനെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നതാണ് ഗോമതിയുടെ ലക്ഷ്യം.

പീതാംബരന്‍ അപ്പുറത്ത് നിന്ന് വോട്ട് ചോദിക്കുമ്പോള്‍ ഇപ്പുറത്ത് നിന്ന് ഞങ്ങള്‍ വോട്ട് ചെയ്യരുതെന്ന് ആളുകളോട് പറയുകയാണല്ലോ. അത്തരത്തില്‍ പീതാംബരനോട് നേരിട്ട് ഫൈറ്റ് ചെയ്യുന്ന ഒരു ആളായിട്ടാണ് ഞാന്‍ ആദ്യം ഗോമതിയെ മനസില്‍ കണ്ടത്. പിന്നീടാണ് ഭര്‍ത്താവ് എന്ന പരിഗണന കൊടുത്തുകൊണ്ട് തന്നെയാണ് ഗോമതി പെരുമാറുന്നതെന്ന് മനസിലാക്കിയത്.

ഇദ്ദേഹത്തിന്റെ കഥാപാത്രവും അങ്ങനെയാണല്ലോ. തന്ത്രം വഴിയാണല്ലോ ഇദ്ദേഹം എല്ലാം ചെയ്യുന്നത്. ആ തന്ത്രത്തിന് ഒരു ഭംഗിയുണ്ട്. വലിയൊരു ക്രൂരതയൊന്നും കാണിക്കുന്ന ആളല്ല താനും. രസിച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. അത് ഞാന്‍ പിന്നീടാണ് മനസിലാക്കുന്നത്. ഗോമതിക്ക് ഭര്‍ത്താവിനെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ചെയ്തികളോടേ ഇഷ്ടക്കുറവുള്ളൂ എന്നുള്ള രീതിയിലേക്ക് വന്നു.

ആ രീതിയിലേക്ക് എന്നെ മാറാന്‍ പ്രവീണും സുഹൈലുമാണ് എന്നെ സഹായിച്ചത്. പിന്നെ പേരില്ലൂരിലെ പ്രധാനപ്പെട്ട മൂന്നോ നാലോ കഥാപാത്രം എടുത്താല്‍ അതില്‍ വ്യക്തമായ ഒരു നിലപാടുള്ള ഒരു കഥാപാത്രം ഗോമതിയുടേതാണ്. അതുപോലെ ഷംല. നോര്‍മലായിട്ടുള്ള രണ്ട് മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍.

ആര്യ പി: പേരില്ലൂരുകാരുടെ ഇടനെഞ്ചില്‍ ജീവിക്കുന്ന കേമന്‍ സോമനായി അശോകന്‍ അഭിനയിച്ചു തകര്‍ത്തിരിക്കുകയാണ്, വലിയ അഭിനന്ദനമാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. കേമന്‍ സോമനെ കുറിച്ച് ?

ജയ കുറുപ്പ്:  ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. പക്ഷേ ഈ സീരീസില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കേമന്‍ സോമന്റേതാണ്. കാരണം അദ്ദേഹത്തിന്റെ ആ മനക്കട്ടി. എത്ര തോറ്റാലും പിന്നേയും തെരഞ്ഞെടുപ്പിന് നില്‍ക്കാനുള്ള സോമന്റെ ധൈര്യം. ഇത്തവണ തോറ്റെങ്കിലും അടുത്ത തവണ നില്‍ക്കാമെന്ന മന ധൈര്യം.

ആ കഥാപാത്രം തരുന്നത് വലിയൊരു മെസ്സേജ് കൂടിയാണ്. നമ്മള്‍ എത്ര തളര്‍ന്നാലും അതൊന്നും ഒരു തളര്‍ച്ചയല്ലെന്നും ഇനിയും മുന്നേറാന്‍ സാധിക്കുമെന്നും നമ്മെ കാണിച്ചു തരുന്ന ഒരു കഥാപാത്രം.

സോമന്‍ കവലയിലേക്ക് സാധനങ്ങള്‍ മേടിക്കാന്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഒരു കുട്ടിയുമായിട്ട് പ്രിയ ചെയ്ത അമ്മയുടെ കഥാപാത്രം വരുന്ന ഒരു സീനുണ്ടല്ലോ. ഇവന് ലിപ്രഷന്‍ ആണ് എന്ന ഡയലോഗുള്ള, ഇത് കേള്‍ക്കുമ്പോള്‍ വൈകീട്ട് എന്റെ അടുത്തേക്ക് വാ. ഞാന്‍ പറഞ്ഞു തരാം എന്നാണ് സോമന്‍ മറുപടി പറയുന്നത്. കേമന്‍ സോമന്റെ മനസിന്റെ ആ വലുപ്പമാണ് അവിടെ കാണുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് അത്.

പേരില്ലൂരിന്റെ പ്രസ് മീറ്റിന് ശേഷം ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഗോമതിയെ നിങ്ങള്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് കേട്ടോ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ വിജയരാഘവന്‍ ചേട്ടന്‍ ഈ സീരീസ് റിലീസായി കഴിഞ്ഞ ശേഷം എന്നെ വിളിച്ചിരുന്നു.

മലയന്‍കുഞ്ഞിന് ശേഷം എന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിക്കുന്നത് ഈ സീരീസ് കണ്ടിട്ടാണ്.

ആര്യ പി:  പേരില്ലൂരില്‍ എടുത്തുപറയേണ്ട കാര്യം അതിലെ കാസ്റ്റിങ് തന്നെയാണ്. ചെറിയ വേഷങ്ങളില്‍ എത്തിയ നിരവധി കഥാപാത്രങ്ങളുണ്ട് പേരില്ലൂരില്‍. ഓരോരുത്തര്‍ക്കും പറയാന്‍ കഥകളും. ചെറിയ കഥാപാത്രങ്ങളില്‍ എത്തിയ അഭിനേതാക്കളെ കുറിച്ച് ?

ജയ കുറുപ്പ്: കാസ്റ്റിങ് തന്നെയാണ് പേരില്ലൂരിന്റെ നട്ടെല്ല്. ചെറിയ വേഷങ്ങളില്‍ എത്തിയ എല്ലാവരും മികച്ച അഭിനേതാക്കളാണ്. അതില്‍ എനിക്ക് നേരത്തെ അറിയാവുന്ന കുറച്ച് പേരുണ്ട്. പീതാംബരന്റെയും ഗോമതിയുടേയും വീട്ടില്‍ സഹായിയായി നില്‍ക്കുന്ന, അവിടെ നടക്കുന്ന കാര്യങ്ങള്‍ കേമന്‍ സോമന് ചോര്‍ത്തി കൊടുക്കുന്ന മിനിയുടെ കഥാപാത്രം ചെയ്ത രാജിയെ എനിക്ക് നേരത്തെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഉള്ളൊഴുക്കില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരുമായി എനിക്ക് നല്ല സുഹൃദ്ബന്ധമുണ്ട്.

അതുപോലെ ശിവജി ചേട്ടന്റെ രാധേട്ടന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സരോജിനിയുടെ വേഷം ചെയ്ത നിധിന്യ. അവരൊക്കെ അപാര ആര്‍ടിസ്റ്റാണ്. അതുപോലെ ജിംനേഷ്യം നടത്തുന്ന പുള്ളി. അതുപോലെ കാണാതായ കുഞ്ഞിപ്പയുടെ വേഷം ചെയത് പ്രതാപേട്ടന്‍. അദ്ദേഹത്തേയും എനിക്ക് നേരത്തെ പരിചയമുണ്ട്. അതുപോലെ ശരത് സഭയുടെ ജോത്സ്യന്‍ അംബരീഷിന്റെ കഥാപാത്രം. അദ്ദേഹവും നന്നായി ചെയ്തിട്ടുണ്ട്. നാട്ടിന്‍പുറത്തുകാണുന്ന ചില ജ്യോത്സ്യന്‍മാരെ നമുക്ക് ഓര്‍മവരും. അതുപോലെ അജു പറ്റിക്കുന്ന കഥാപാത്രം, തെങ്ങ് കയറാന്‍ വരുന്ന ചേട്ടന്‍. ഇവരെയൊക്കെ നമ്മള്‍ നാട്ടിന്‍പുറത്ത് കണ്ടുമറന്ന ആളുകളാണ്.

ദീപു എഴുതി വെച്ച കഥാപാത്രങ്ങളെ പ്രവീണ്‍ പ്ലെയ്സ് ചെയ്ത രീതി ഗംഭീരമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ പ്രധാന്യം നല്‍കിയാണ് ചെയ്തത്. ഒരാളെ പോലും നമ്മള്‍ രജിസ്റ്റര്‍ ചെയ്യാതെ പോകുന്നില്ല. പക്കാ കാസ്റ്റിങ് തന്നെയാണ്. ഒരു നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ വളരെ മനോഹരമായിട്ട് എടുത്ത് വെച്ചിരിക്കുകയാണ്.

ശ്രീക്കുട്ടന്റേയും മാളുവിന്റേയും കഥാപാത്രം കിണറ്റിനരികില്‍ നിന്ന് സംസാരിക്കുമ്പോള്‍ ശ്രീക്കുട്ടന്‍ കിണറ്റിലെ തൊട്ടിയുടെ കയര്‍ സംസാരത്തിനിടെ ചുമ്മാ അഴിക്കുന്ന സീനുണ്ട്. ഒരു കാര്യവുമില്ല, വെറുതെ അഴിക്കുകയാണ്. അത്തരത്തില്‍ വളരെ മൈന്യൂട്ടായ കാര്യങ്ങള്‍ എത്ര ഡീറ്റെയ്ല്‍ ആയിട്ടാണ് അവര്‍ പ്ലേസ് ചെയ്തിട്ടുള്ളത്.

പിന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചു ചെയ്ത കഥാപാത്രം കൂടിയാണ് ഇത്. ഒന്നാമത്തേത് വയനാട് ആയിരുന്നു ഷൂട്ട്. പിന്നെ സ്ലാംഗ് മാറ്റലും പരിപാടിയുമൊക്കെ ഉണ്ടായിരുന്നു. പിന്നെ ഔട്ട് കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ഫസ്റ്റ് ഡേ വലിയൊരു പോര്‍ഷന്‍ ആയിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്.

ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. യാത്രയും കുറച്ച് പ്രശ്നമായിരുന്നു. ഈ കഥാപാത്രം ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ ഹെല്‍പ് ചെയ്തത് സുഹൈലാണ്. ആദ്യ ദിവസത്തെ ഷൂട്ടില്‍ പതിനൊന്നാമത്തെ ടേക്കിലാണ് എന്റെ സീന്‍ ഓക്കെയായത്. നിഖിലയുമായിട്ടുള്ള രംഗം. മോള്‍ ഈ നാട്ടുകാരെ കുറിച്ച് ശരിക്കും മനസിലാക്കിയിട്ടാണോ തെരഞ്ഞെടുപ്പിന് നില്‍ക്കാമെന്ന് ഏറ്റത് എന്ന് ചോദിക്കുന്ന രംഗം.

എല്ലാം ഓക്കെയായിരുന്നു. പിന്നെ സ്ലാംഗിലേക്ക് കയറാനുള്ള സമയമെടുത്തു. അന്ന് സുഹൈലാണ് ധൈര്യം തന്നത്. എല്ലാവര്‍ക്കും തുടക്കത്തില്‍ ഒരു പ്രശ്നമുണ്ടാകും. ഒന്നര ആയപ്പോള്‍ ഊണുകഴിച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞു. വേണ്ട അടുത്തത് ഓക്കെയാകും എന്ന് പറഞ്ഞ് ഞാന്‍ ചെയ്തു. ആ ടേക്ക് ഓക്കെ ആയതിന് ശേഷം മാത്രമാണ് ഞാന്‍ ഭക്ഷണം കഴിച്ചത്. അവരുടെ പിന്തുണ കൊണ്ടാണ് ആ രംഗങ്ങളൊക്കെ എനിക്ക് ചെയ്യാനായത്.

ആര്യ പി:  പേരില്ലൂര്‍ കണ്ടതിന് ശേഷം അപ്രതീക്ഷിതമായി വന്ന ഏതെങ്കിലും കോളുണ്ടോ?

ജയ കുറുപ്പ്: അത് വിജയരാഘവന്‍ ചേട്ടന്റേത് തന്നെയാണ്. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് മനസിലായില്ല. വേറൊരു നമ്പറില്‍ നിന്നാണ് വിളിച്ചത്. കോള്‍ എടുത്തപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. കുഴപ്പമില്ല, മനസിലായില്ല ആരാണെന്ന് ചോദിച്ചു. ഒരു സീരീസ് ചെയ്തിട്ടുണ്ടായിരുന്നില്ലേ, അത് കണ്ടിട്ട് അയല്‍വക്കത്തുള്ളവരും നാട്ടുകാരും എന്തുപറഞ്ഞു എന്ന് ചോദിച്ചു.

നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഭര്‍ത്താവ് എന്ത് പറഞ്ഞു, അദ്ദേഹവും നന്നായെന്ന് പറഞ്ഞു. ഇതാരാണ് എനിക്ക് മനസിലായില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴും മനസിലായില്ലേ. എന്ന് പറഞ്ഞപ്പോള്‍ ആ ശബ്ദം എനിക്ക് ഓര്‍മ വന്നു. അയ്യോ സാര്‍ ആയിരുന്നോ എന്ന് ചോദിച്ചു. നന്നായിട്ട് ചെയ്തിട്ടുണ്ടെന്നും ഗംഭീരമായെന്നും പറഞ്ഞു.

അവരെപ്പോലുള്ളവരുടെ കൂടെയാക്കെ നമ്മള്‍ ടെന്‍ഷനടിച്ചാണ് ചെയ്തത്. അവരൊക്കെയാണ് നമ്മളെ സഹായിച്ചതും. അദ്ദേഹം വിളിച്ചപ്പോള്‍ എനിക്ക് വലിയ സര്‍പ്രൈസായിരുന്നു. നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് ആ കോളൊക്കെ. അവര്‍ നമ്മളെ ഓര്‍ക്കുകയും വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നുകയുമൊക്കെ ചെയ്യുന്നത് വലിയ കാര്യമാണ്. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ച് വലിയൊരു ഊര്‍ജമാണ് ഇതൊക്കെ.

ആര്യ പി:  വിജയരാഘവനൊപ്പമുള്ള സീനുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണ്?

ജയ കുറുപ്പ്: അടുക്കളയില്‍ വെച്ചുള്ള ഇവരുടെ സീനുണ്ടല്ലോ. അത് അല്‍പം കൂടി ലൗഡ് ആയൊക്കെ ചെയ്യണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ കുറച്ച് ഒതുക്കത്തിലാണ് ചെയ്തുപോയതെന്ന് തോന്നുന്നത്. നമ്മള്‍ സ്വന്തം അടുക്കളിയില്‍ പെരുമാറുന്നതുപോലെ തന്നെയാണ് ചെയ്യുന്നത്. അതിനിടെ പുള്ളിക്കാരന്‍ മേശയുടെ മുകളില്‍ കയറിയിരിക്കുകയും മിക്സി ഓണ്‍ ആക്കുന്നതുമായ രംഗങ്ങളൊക്കെ നന്നായി തന്നെ വന്നിട്ടുണ്ട്. സ്‌ക്രിപ്റ്റില്‍ ആ രംഗങ്ങളൊക്കെ അങ്ങനെ തന്നെയാണ് എഴുതിവെച്ചത്. വിജയരാഘവന്‍ സാറിന്റെ കോണ്‍ട്രിബ്യൂഷനും സഹായങ്ങളുമൊക്കെയുണ്ടായിരുന്നു.

അതുപോലെ ഞാന്‍ കപ്പ് താഴെ ഇട്ട് പൊട്ടിക്കുന്ന രംഗം ആദ്യ ടേക്കില്‍ ഓക്കെ ആയിരുന്നില്ല. ക്ലോസ് എടുത്തപ്പോഴൊക്കെ ചില പ്രശ്നം വന്നിരുന്നു. കപ്പ് ഇടുന്ന ഭാഗമാണല്ലോ. സൈക്കോ പരിപാടിയാണെന്നും സൈക്കോ ഗോമതിയെന്നൊക്കെ പറഞ്ഞ് എല്ലാവരും കളിയാക്കിയിരുന്നു. ആ സീനൊക്കെ ആസ്വദിച്ചു തന്നെയാണ് ചെയ്തത്. പ്രായമായില്ലേ എന്നൊക്കെ പറയുന്ന ഡയലോഗൊക്കെ നന്നായി തന്നെ വന്നുവെന്നാണ് കരുതുന്നത്.

ആര്യ പി: മലയന്‍കുഞ്ഞിന് ശേഷം ലഭിച്ച വലിയ വേഷമാണ് പേരില്ലൂരിലേത്. ഇത്തരം കഥാപാത്രങ്ങള്‍ കിട്ടാനായുള്ള കാത്തിരിപ്പ് കൂടുതലാണെന്ന് തോന്നുന്നുണ്ടോ?

ജയ കുറുപ്പ്: അങ്ങനെയില്ല. എല്ലാ കഥാപാത്രങ്ങളും നല്ലത് കിട്ടണമെന്ന് നമ്മള്‍ ആഗ്രഹിച്ചിട്ട് കാര്യമില്ല. എല്ലാത്തിനും ഒരു സമയമുണ്ട്. മലയന്‍കുഞ്ഞിലെപ്പോലെ തന്നെ പാവം പിടിച്ച അമ്മ കഥാപാത്രങ്ങള്‍ തന്നെയാണ് ഞാന്‍ ഇതുവരെ ചെയ്തിരിക്കുന്നത്.

ഒരു സിനിമ വരുമ്പോള്‍ ആ സിനിമയിലെ നമ്മുടെ കഥാപാത്രത്തിന് എന്തെങ്കിലും ഡെപ്തുണ്ടോ എന്നേ നോക്കാനുള്ളൂ. പതിനേഴോളം സിനിമ ചെയ്തു. ഉള്ളൊഴുക്കില്‍ പാര്‍വതി തിരുവോത്തിന്റെ അമ്മയായിട്ടാണ് ചെയ്തിരിക്കുന്നത്. ചാക്കോച്ചന്റെ അമ്മയായിട്ടുള്ള ഒരു സിനിമ ഇറങ്ങാനുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആന്റണി വര്‍ഗീസ് പെപ്പെയുടെ അമ്മയായിട്ടാണ്.

ഇങ്ങനെയുള്ള കഥാപാത്രങ്ങളിലേക്കാണ് നമ്മളെ കാസ്റ്റ് ചെയ്യുന്നത്. പിന്നെ പേരില്ലൂരിലെ കഥാപാത്രത്തെ സംബന്ധിച്ച് അതില്‍ ഒരു കോമഡി എലമെന്റ്സുണ്ട്. ഞാന്‍ ഇങ്ങനെയൊരു വേഷം ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതിനെയൊരു കാത്തിരിപ്പ് എന്ന് തന്നെ വേണമെങ്കില്‍ പറയാം.

content highlight: Interview with jayakurupp, Perilloor Premier League

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.