കോട്ടയം വെട്ടിക്കുളങ്ങര ബസ് ഉടമയും സി.ഐ.ടി.യുവും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരമായി. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചു. അതുപ്രകാരം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ തൊഴിലാളികളെ തിരിച്ചെടുക്കുകയും തുല്യ വേതനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ സി.ഐ.ടി.യു സമരം നടത്താനുണ്ടായ കാരണങ്ങളെയും സമരത്തിലുടനീളം ഉണ്ടായിട്ടുള്ള സംഭവങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി സി.എന്‍. സത്യനേശന്‍
സി.എന്‍. സത്യനേശന്‍
കോട്ടയം സി.ഐ.ടി.യുവും വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനും തമ്മിലുള്ള പ്രശ്നങ്ങളാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച് നടത്തിയ കരാര്‍ പ്രകാരമുള്ള കൂലിയാണ് ആവശ്യപ്പെട്ടതെന്നാണ് സി.ഐ.ടി.യു പറയുന്നത്. അന്ന് ഉണ്ടാക്കിയ കരാറില്‍ എന്തൊക്കെ കാര്യങ്ങളാണ് തീരുമാനിച്ചത്. കരാര്‍ ഉണ്ടാക്കാം എന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലം വ്യക്തമാക്കാമോ?
2018ലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണം നടന്നത്. അത് പ്രകാരം അഞ്ച് വര്‍ഷമായി ബസ് ചാര്‍ജെല്ലാം വര്‍ധിച്ചെങ്കിലും തൊഴിലാളികള്‍ക്കുള്ള ശമ്പള പരിഷ്‌കരണ നടപടികളൊന്നും നടന്നിരുന്നില്ല. പ്രളയവും കൊവിഡും കാരണം മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ആ പ്രതിസന്ധികളെല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ശമ്പള വര്‍ധനവ് സംബന്ധിച്ച ഡിമാന്‍ഡ് നോട്ടീസ് കൊടുത്തു. തൊഴിലാളി സംഘടനകളായിട്ടുള്ള സി.ഐ.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി തുടങ്ങി എല്ലാ സംഘടനകളുടെ പ്രതിനിധികളും അതുപോലെ തന്നെ ബസുടമകളുടെ രണ്ട് സംഘടനയുടെ പ്രതിനിധികളും ലേബര്‍ ഓഫീസില്‍ ആറോ ഏഴോ തവണ ചേര്‍ന്നാണ് ശമ്പള പരിഷ്‌കരണ നടപടികള്‍ അംഗീകരിച്ചത്.
വെട്ടിക്കുളങ്ങര ബസില്‍ മാത്രമാണ് അത് നടപ്പിലാക്കാത്തത്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച കരാര്‍ എല്ലാവരും ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. അത് പ്രകാരം ഒരാള്‍ക്ക് 175 രൂപയുടെ ശമ്പള വര്‍ധനവ് വരും. ആദ്യമൊക്കെ വണ്ടിയില്‍ നാല് പേരൊക്കെ ഉണ്ടാകുമായിരുന്നു. കണ്ടക്ടര്‍, ക്ലീനര്‍, ചെക്കര്‍, ഡ്രൈവര്‍ എന്നിങ്ങനെ നാല് പേര്‍ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഇതൊക്കെ മാറി. രണ്ട് പേര്‍ മാത്രമേ ഒരു ബസിലുണ്ടാകുന്നുള്ളൂ. കണ്ടക്ടറും ഡ്രൈവറും മാത്രം. ബാക്കി ആളുകളെയൊക്കെ ഒഴിവാക്കുകയായിരുന്നു. അങ്ങനെയാണ് ശമ്പള പരിഷ്‌കരണവും കാര്യങ്ങളുമൊക്കെ വന്നിട്ടും ഇദ്ദേഹം നടപ്പിലാക്കാതെ ഇരിക്കുന്നത്.
2023 ജനുവരി ഒന്ന് മുതലായിരുന്നു ഇത് നടപ്പിലാക്കേണ്ടത്. ബാക്കി വാഹനങ്ങളിലൊക്കെ നടപ്പിലാക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോവുകയും ചെയ്തു. തടസ്സങ്ങള്‍ ഉണ്ടായിരുന്നിടത്തെല്ലാം പരിഹരിച്ചു. ഇവര് മാത്രം പലതരത്തിലുള്ള തീരുമാനങ്ങള്‍ എടുത്തു. ആദ്യം എസ്.ഐ ഇടപെട്ടു. ഏകദേശം 20 ദിവസം ഇദ്ദേഹം പറഞ്ഞ ശമ്പളത്തില്‍ ബസ് ഓടിച്ച് നോക്കി. അതുകഴിഞ്ഞ് ഉടമ ഇവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. തുടര്‍ന്ന് എപ്പോഴും പ്രശ്‌നങ്ങളായിരുന്നു. അതിനുശേഷം ആണ് ഈ പറയുന്ന തരത്തില്‍ സമരത്തിലേക്ക് നീങ്ങിയത്.
ഏപ്രില്‍ തൊട്ട് സി.ഐ.ടി.യു അവിടെ സമരം ചെയ്യുന്നുണ്ട്. ജനുവരിയിലാണ് ശമ്പള പരിഷ്‌കരണം നടക്കേണ്ടത്. അതിനിടയില്‍ നിരവധി ചര്‍ച്ചകളും നോട്ടീസ് കൊടുക്കലുമൊക്കെ സംഭവിച്ചിട്ടുണ്ട്. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ബസ് ഉടമകളുടെ സംഘടന, ലേബര്‍ ഓഫീസര്‍ എന്നിവരുടെയൊക്കെ മധ്യസ്ഥതയില്‍ ഇത് പരിഹരിക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുള്ളതാണ്. ലേബര്‍ ഓഫീസറുടെ നിര്‍േദശപ്രകാരം ഇവരെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് തന്നെ പറഞ്ഞുവിടുകയായിരുന്നു.
ഇന്നത്തെ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എന്തൊക്കെ തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ കൈകൊണ്ടിരിക്കുന്നത്?
ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ രണ്ട് ജീവനക്കാരെ തിരിച്ചെടുത്തിട്ടുണ്ട്. അവര്‍ക്ക് റൊട്ടേഷന്‍ ക്രമത്തില്‍ ജോലി നല്‍കും. അതായത് നാല് ബസുകളിലായി എട്ട് തൊഴിലാളികളുണ്ട്. ലാഭമുള്ള ബസുകളും, നഷ്ടമുള്ള ബസുകളുമുണ്ട്. ലാഭ നഷ്ടങ്ങള്‍ നോക്കാതെ റൊട്ടേറ്റ് ചെയ്ത് എല്ലാവര്‍ക്കും ജോലി കിട്ടുന്ന ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
സി.ഐ.ടി.യു സമരത്തില്‍ നിന്ന്
നാല് മാസം കഴിഞ്ഞിട്ട് അത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, കോട്ടയം ബി.എല്‍.ഒയുടെ നേതൃത്വത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനിക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചു. 175 രൂപ ഓരോ തൊഴിലാളിക്കും പ്രതിദിനം ശമ്പള വര്‍ധനവ് ലഭിക്കും. ഈ നിര്‍ദേശങ്ങള്‍ ബസുടമ അംഗീകരിച്ചു. എഗ്രിമെന്റ് ഒപ്പിട്ടു.
കരാര്‍ പ്രകാരമുള്ള പണം നല്‍കുന്നില്ലെന്ന രൂക്ഷമായ ആരോപണമാണ് സി.ഐ.ടി.യു ഉന്നയിക്കുന്നത്. അത് കൂടാതെ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഈ ഉടമയുടെ ഭാഗത്ത് നിന്ന് തൊഴിലാളികള്‍ നേരിടുന്നുണ്ടോ?
രണ്ടുപേരുടെ ജോലി നിഷേധിച്ചതും ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതുമാണ് മുഖ്യ വിഷയം. ജോലി കൊടുക്കുക, ശമ്പളം കൊടുക്കുക. അതല്ലാതെ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ വരേണ്ട മേഖലയല്ലല്ലോ ഇത്. മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെയിവിടെയില്ല.
ബി.എം.എസ് പ്രവര്‍ത്തകര്‍ക്ക് കരാര്‍ പ്രകാരമുള്ള 1075 രൂപയും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് 895 രൂപയുമാണ് നല്‍കുന്നതെന്നാണ് ആരോപണം. അത് കൊണ്ടാണ് ബി.ജെ.പിയായ ബസുടമയുടെ രാഷ്ട്രീയപരമായ നീക്കമാണിതെന്ന് സി.ഐ.ടി.യു ഉന്നയിക്കുന്നത്. രാഷ്ട്രീയപരമായ നീക്കമാണിതെന്ന് പറയാന്‍ മറ്റെന്തെങ്കിലും തെളിവുകളുണ്ടോ?
പുള്ളി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ്. ബി.ജെ.പിയുടെ മണ്ഡലം വൈസ് പ്രസിഡണ്ട് ആയി പ്രവര്‍ത്തിക്കുന്ന ആളാണ്. പുള്ളിക്ക് 4 ബസ്സുകള്‍ ആണുള്ളത്. നാലിലും സി.ഐ.ടി.യുക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന മനോഭാവത്തില്‍ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ സമരം തുടങ്ങിയത് മുതല്‍ ഉടമ അവിടെ വന്ന് ലോട്ടറി കച്ചവടം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ ഇട്ട കോട്ടും പാന്റും നല്ല കൂളിങ് ഗ്ലാസൊക്കെ ധരിച്ച് അവിടെ ഒരു ഡസ്‌കും വെച്ച് ലോട്ടറി വില്‍പ്പന നടത്തുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയെയും സി.ഐ.ടിയുവിനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് അദ്ദേഹം അവിടെ ചെയ്തുകൂട്ടിയത്. അതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.
അല്ലെങ്കില്‍ ലോട്ടറി വില്പനയിലൂടെ ആളുകളെ പ്രകോപിതരാക്കേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ലല്ലോ. രാഷ്ട്രീയപരമായ രീതിയില്‍ തന്നെയാണ് കാര്യങ്ങളില്‍ എല്ലാം ഇടപെട്ടത്. അല്ലെങ്കില്‍ ഇത് സാധാരണ ഒരു ബസ് ഉടമയും യൂണിയന്‍കാരും തമ്മിലുള്ള വഴക്കായി മാറിയേനെ. എന്നാല്‍ ആളുകളെ മൊത്തം ഇളക്കുന്ന തരത്തിലുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
രാജ് മോഹന്‍ ബസിന് മുന്നില്‍ ഇരുന്ന് ലോട്ടറി വില്‍പ്പന നടത്തുന്നു
ഇതുപോലെ രാഷ്ട്രീയപരമായ രീതിയിലാണ് കാര്യങ്ങള്‍ വന്നത്. ബി.ജെ.പിക്കാര്‍ ഇദ്ദേഹത്തെ പിന്തുണക്കാന്‍ വരുമെന്നുള്ള പ്രചരണം ഉണ്ടായിരുന്നു. പക്ഷേ ആരും വന്നിട്ടില്ല.
സി.ഐ.ടി.യു സമരം നടത്തിയതിന് പിന്നാലെ ബസുടമ ഹൈക്കോടതിയില്‍ സമീപിപ്പിക്കുകയും അദ്ദേഹം വിജയിക്കുകയും ചെയ്തു. തൊഴിലാളി പ്രശ്നം ഉന്നയിച്ചിട്ടും നിങ്ങള്‍ക്ക് വിജയിക്കാനാവാത്തത് എന്തുകൊണ്ടായിരിക്കും?
ആദ്യം തന്നെ പുള്ളി ഹൈക്കോടതിയില്‍ പോയി സംരക്ഷണം വാങ്ങുകയായിരുന്നു. അതുകഴിഞ്ഞ് ഞങ്ങള്‍ കക്ഷി ചേര്‍ന്ന് ഇപ്പോള്‍ കേസ് കൊടുത്തിട്ടുണ്ട്. പുള്ളി ഹൈക്കോടതിയില്‍ പോയി നാല് വണ്ടിക്കും പൊലീസ് സംരക്ഷണം വാങ്ങിച്ചു. 30 ദിവസത്തേക്കാണ് സ്റ്റേ കൊടുത്തിട്ടുള്ളത്. ഒരാഴ്ചക്കുള്ളില്‍ ഞങ്ങള്‍ നല്‍കിയ കേസ് പരിഗണിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് നമുക്ക് നോട്ടീസ് കിട്ടിയത്. തുടര്‍ന്ന് രാവിലെ തന്നെ ഞങ്ങള്‍ ഹൈക്കോടതി വക്കീലിനെ കണ്ട് നമ്മുടെ ഭാഗവും പറയാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്.
ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും കൊടികള്‍ നീക്കം ചെയ്യാന്‍ വന്ന ഉടമയെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. അത് പോലെ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാതൃഭൂമി റിപ്പോര്‍ട്ടറെയും മര്‍ദിച്ചുവെന്ന വാര്‍ത്തകള്‍ വന്നു. അതിന് പിന്നിലെ വസ്തുതകളെന്താല്ലാണ്? അത് ശരിയായ രീതിയായി തോന്നുന്നുണ്ടോ?
വണ്ടിയുടെ മുന്നില്‍ ഒരു പന്തലിട്ട് കഞ്ഞി വെച്ചാണ് സമരത്തില്‍ സി.ഐ.ടി.യും പ്രവര്‍ത്തകര്‍ പങ്കെടുത്തത്. കോടതി സംരക്ഷണം കിട്ടിയപ്പോള്‍ വണ്ടി മാറ്റണം, പന്തലഴിക്കണം, കൊടി തോരണങ്ങള്‍ മാറ്റണം എന്ന സാഹചര്യവും വന്നു. വണ്ടിയുടെ സംരക്ഷണം മാത്രമേയുള്ളൂ ഞങ്ങള്‍ക്കെന്നും കൊടി തോരണങ്ങള്‍ അഴിച്ച് കൊടുക്കുകയും ഷെഡ്ഡ് പൊളിക്കലും ഞങ്ങളുടെ ജോലിയല്ലെന്നും പൊലീസും പറഞ്ഞു.
ആ സമയത്ത് ഈ കോടതിയുടെ ഓര്‍ഡര്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായിട്ടൊന്നും കിട്ടിയിട്ടില്ല. അപ്പോള്‍ ഇയാള്‍ പിറ്റേ ദിവസം രാവിലെ സ്വന്തം നിലയില്‍ വന്ന് കൊടി തോരണങ്ങള്‍ വലിച്ച് പറിച്ചപ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ ഓടിയടുക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടാകുകയുമായിരുന്നു. പെട്ടെന്ന് തന്നെ പോലീസ് വന്ന് ഇടപ്പെട്ട് സാഹചര്യം തണുപ്പിച്ചു. വണ്ടിയും മാറ്റി, പൊലീസ് തന്നെ ഷെഡ്ഡൊക്കെ പൊളിച്ചു. ഇപ്പോള്‍ വേറെ പ്രശ്‌നമൊന്നുമില്ല.
സമരത്തിന്റെ ഭാഗമായി അവിടെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് കുറേ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ആസൂത്രിതമായിരുന്നില്ല. ഇതൊക്കെയും യാദൃശ്ചികമായി സംഭവിച്ചതാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും പാടുപെടേണ്ടി വന്നു. ഇദ്ദേഹം പിണറായി വിജയനെ കളിയാക്കിയ സംഭവം തൊട്ട് അവിടെ വലിയ കോലാഹലമായിരുന്നു.
കയ്യേറ്റം ചെയ്ത സംഭവം ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. അത് യാദൃശ്ചികമായി സംഭവിച്ചു പോയതാണ്. ഇതിനെ ആരും സപ്പോര്‍ട്ട് ചെയ്യുന്നില്ല.
ഈ വിഷയത്തെ വരവേല്‍പ്പ് എന്ന സിനിമയുമായി ബന്ധപ്പെടുത്തി കൊണ്ട് ഒരുപാട് ചര്‍ച്ചകള്‍ വരുന്നുണ്ട്. മലയാള മനോരമ പോലും വരവേല്‍പ്പ് എന്ന സിനിമയുമായി ബന്ധപ്പെടുത്തി വാര്‍ത്ത നല്‍കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമായാണെന്ന് തോന്നുന്നുണ്ടോ?
വരവേല്‍പ്പ് എന്ന സിനിമയും ഈ സംഭവവുമായിട്ട് യാതൊരുവിധ ബന്ധവുമില്ല. സിനിമയുടെ ഉള്ളടക്കവും സംഭവവുമായി ബന്ധമില്ല. നാലു വാഹനങ്ങളുള്ള ഒരാളാണ് ഇയാള്‍. നിരവധി വര്‍ഷമായി ഇയാള്‍ ഈ കാര്യങ്ങള്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുതുതായി ഈ രംഗത്തേക്ക് വരുന്നയാളല്ല.
പത്ത് പതിനഞ്ച് വര്‍ഷമായി നിരവധി വാഹനങ്ങളുടെ ഉടമയായിട്ടുള്ള ആളും ഗള്‍ഫില്‍ പോയി ഇത്തിരി കാശും കൊണ്ട് വന്ന് പുതിയ സംരംഭം തുടങ്ങുന്നയാളും എന്നത് വലിയൊരു അന്തരമാണ്. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ്. പത്രവാര്‍ത്തകള്‍ മുഴുവന്‍ വരുന്നതും സി.ഐ.ടി.യുവിനെയും പാര്‍ട്ടിയെയും മോശമായി ചിത്രീകരിക്കുവാനും ദുര്‍ബലപ്പെടുത്താനുമുള്ള ലക്ഷ്യം വെച്ച് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ജനങ്ങള്‍ ഇത്രയും പ്രകോപിതരാകുന്നത്.
ഇന്ന് ലേബര്‍ ഓഫീസില്‍ ബസുടമയുമായി നടന്ന ചര്‍ച്ചയുടെ തീരുമാനങ്ങള്‍ എന്തെല്ലാമാണ്. ഈ തീരുമാനങ്ങളും പാലിക്കപ്പെട്ടില്ലെങ്കില്‍ ഏത് തരത്തിലുള്ള സമര മാര്‍ഗമാണ് സി.ഐ.ടി.യു പ്രയോഗിക്കാന്‍ പോകുന്നത്?
ലേബര്‍ ഓഫീസില്‍ നടക്കുന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത നിലപാടിലേക്ക് പോകും. അദ്ദേഹത്തിന്റെ നാലു ബസുകളിലും തൊഴിലാളികള്‍ മാറി മാറി ജോലി ചെയ്യാനാണ് ഇന്നത്തെ തീരുമാനം. മൂന്ന് ബസ് ലാഭത്തിലും ഒരെണ്ണം നഷ്ടത്തിലും ആണ് ഓടുന്നത്. അതുകൊണ്ട് എല്ലാവര്‍ക്കും ജോലി കിട്ടുന്ന രീതിയില്‍ റൊട്ടേറ്റ് ചെയ്ത് ലാഭവും നഷ്ടവും നോക്കാതെ ജോലി കൊടുക്കാന്‍ തീരുമാനിച്ചു.
2000 രൂപയ്ക്ക് മുകളില്‍ മിച്ചം പിടിക്കാന്‍ സാധിക്കുന്ന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വര്‍ധിപ്പിച്ച 175 രൂപ നല്‍കണം. 2000ത്തില്‍ താഴെയാണെങ്കില്‍ 100 രൂപ മതി എന്ന് യൂണിയന്‍ പറഞ്ഞിട്ടുണ്ട്. 175 ആണ് ശമ്പള പരിഷ്‌കരണ പ്രകാരം ഉള്ളത് 75 രൂപ കുറക്കാം എന്ന് പറഞ്ഞു. എന്നാല്‍ അവര്‍ 50 രൂപ എന്ന് പറഞ്ഞു നില്‍ക്കുകയാണ്. ഇതില്‍ ഒരു തീരുമാനം ഉണ്ടായാല്‍ മതി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.