അര്‍ജന്റീനയുടെ ഇതാഹസ താരം ലയണല്‍ മെസിയുടെ ഓട്ടോഗ്രാഫ് ടാറ്റൂ ചെയ്ത് ഇന്റര്‍ മിയാമി (Inter Miami) ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ റനൈരി (Francisco Ranieri). തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണെന്നായിരുന്നു ടാറ്റു ചെയ്ത ശേഷം റനൈരി പറഞ്ഞത്.
അര്‍ജന്റൈന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ ലാനസില്‍ (Atletico Lansus) നിന്നുമാണ് റനൈരി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയിലെത്തിയത്.
ടി.വൈ.സി സ്‌പോര്‍ടിന്റെ (TyC Sport) റിപ്പോര്‍ട്ട് പ്രകാരം അര്‍ജന്റീനയില്‍ നടന്ന ട്രെയ്‌നിങ് സെഷനിന് ശേഷം റനൈരി മെസിയുടെ അടുത്തെത്തുകയും തന്റെ ഇടം കയ്യില്‍ ഓട്ടോഗ്രാഫ് തരുമോ എന്ന് ചോദിക്കുകയുമായിരുന്നു. മെസി റനൈരിയുടെ കയ്യില്‍ സൈന്‍ ചെയ്യുകയും താരം അത് ടാറ്റൂ ചെയ്യുകയുമായിരുന്നു.
ടാറ്റു കണ്ട മെസി ഒരു നിമിഷം അമ്പരക്കുകയായിരുന്നു. ടാറ്റു ചെയ്യുന്നതിന്റെ വീഡിയോയും മുന്‍ ബാഴ്‌സ ഫോര്‍വേര്‍ഡിനൊപ്പമുള്ള ചിത്രവും റനൈരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം. ഇന്നലെ ഞാന്‍ എന്റെ സ്വപ്‌നം പൂര്‍ത്തിയാക്കി. ഞാന്‍ ആരാധിക്കുന്ന താരങ്ങള്‍ക്കൊപ്പം, എന്റെ ദേശീയടീമില്‍ കളിക്കാന്‍ എനിക്ക് സാധിച്ചു.
ഞാന്‍ എന്റെ ഐഡലിനെ കണ്ടു, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം, കളിക്കളത്തില്‍ അസാമാന്യനായ വ്യക്തിത്വം, ഞാന്‍ പിന്തുടരുന്ന മാതൃക.
എന്നും ഞാന്‍ എന്റെ കയ്യിലേക്ക് നോക്കുമ്പോള്‍ ഞാന്‍ നിങ്ങളെ കണ്ടപ്പോഴുള്ള വികാരമാണ് എന്റെ ഓര്‍മയിലേക്കെത്തുക. നിങ്ങള്‍ എത്രത്തോളം വലിയവനാണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ എനിക്ക് സാധിക്കില്ല.
കഴിഞ്ഞ കാലങ്ങലില്‍ ഞാന്‍ ജിവിച്ചപ്പോഴുള്ള പലതും ത്യജിച്ചാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നത്. ഈ സ്‌പോര്‍ട്‌സ് എനിക്ക് നല്‍കുന്ന അവസരങ്ങള്‍ അത്രയുമാണ്,’ താരം പോസ്റ്റില്‍ കുറിക്കുന്നു.
അതേസമയം, അര്‍ജന്റീന ഇന്ന് ജമൈക്കക്കെതിരെ കളത്തിലിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ഹോണ്ടുറാസിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്.