[]തിരുവനന്തപുരം: ടി.പിചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒരേ ജയിലില്‍ പാര്‍പ്പിക്കുന്നത് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഒരേ ജയിലില്‍ പാര്‍പ്പിക്കുന്നതിലെ സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് വിവിധ ജയിലുകളിലേക്ക് മാറ്റുവാന്‍ ജയില്‍വകുപ്പ് തീരുമാനമെടുക്കുന്നു.
കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നപ്പോള്‍ ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രതികളെ വെവ്വേറെ ജയിലില്‍ താമസിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ആഭ്യന്തരവകുപ്പിന് കൈമാറി.
വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ ഒമ്പത് പ്രതികളെയും മൂന്ന് സെന്‍ട്രല്‍ ജയിലുകളിലേക്ക് മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രതികളെ സന്ദര്‍ശിച്ചത് 90 പേരാണ്.
ഇതില്‍ സി.പി.ഐ.എമ്മിലെ പ്രാദേശിക പ്രവര്‍ത്തകരും പഴയ തടവുകാരും ഉള്‍പ്പെടും.
സന്ദര്‍ശകരുടെ ബാഹുല്യം ജയില്‍ അച്ചടക്കത്തെ തെറ്റിക്കുന്നുവെന്നും ഇത് മറ്റ് തടവുകാരില്‍ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ പ്രതികളെ വെവ്വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചതെങ്കിലും സെല്ലിന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവര്‍ സംഘടിതമായി മറ്റുള്ളവരോട് തട്ടിക്കയറുകയാണ്. ഇത് ഒഴിവാക്കാനാണ് പ്രതികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതിനിടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കണ്ണൂരിലേക്ക് മാറ്റിയത് വിവാദമായിട്ടുണ്ട്. പ്രതികളെ മര്‍ദ്ദിച്ച സംഭവത്തെത്തുടര്‍ന്നല്ല സ്ഥലംമാറ്റമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരണം നല്‍കുന്നുണ്ടെങ്കിലും സി.പി.ഐ.എമ്മിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.