ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍.സി.പി നേതാവ് തോമസ് കെ. തോമസ് എം.എല്‍.എക്കും ഭാര്യ ഷേര്‍ളി തോമസിനും എതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്.
നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍.ബി. ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എന്‍.സി.പി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. കേസില്‍ തോമസ് കെ. തോമസ് എം.എല്‍.എ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.
ഈ മാസം ഒമ്പതിന് ഹരിപ്പാട് നടന്ന ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് സംഭവം. മണ്ഡലത്തിന് പുറത്തുള്ളവര്‍ പുറത്തുപോകണമെന്ന് ജിഷ ആവശ്യപ്പെട്ടതാണ് എം.എല്‍.എയേയും ഭാര്യയേയും പ്രകോപിപ്പിച്ചത്.
തന്നെ ‘കാക്കയെ പോലെ കറുത്തവള്‍’ എന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും ജിഷ പരാതിയില്‍ പറയുന്നു.
ജിഷയോട് എം.എല്‍.എയുടെ ഭാര്യ ഷേര്‍ലി തോമസ് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
നേരത്തെ, എന്‍.സി.പി വനിത നേതാവിനെ കഴുത്തില്‍ പിടിച്ച് തള്ളി വീഴ്ത്തിയെന്ന പരാതിയില്‍ തോമസ് കെ. തോമസ് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ആലീസ് ജോസിയാണ് എം.എല്‍.എക്കെതിരെ അന്ന് പരാതി നല്‍കിയത്.
ആഗസ്റ്റ് 23നായിരുന്നു സംഭവം നടന്നത്. പാര്‍ട്ടി ജില്ലാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയത് ചോദ്യം ചെയ്തതിന് തള്ളി വീഴ്ത്തി പരിക്കേല്‍പിച്ചെന്നാണ് ആലപ്പുഴ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്.
എന്‍.സി.പി മുന്‍ സംസ്ഥാന അധ്യക്ഷനും കുട്ടനാട് മുന്‍ എം.എല്‍.എയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജേക്കബ് എബ്രഹാമിനെ 5,516 വോട്ടിന് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തോമസ് കെ. തോമസ് കുട്ടനാട്ടില്‍ നിന്ന് നിയമസഭയിലെത്തിയത്.