'ഇന്‍സ്റ്റാഗ്രാമം' ഫെബ്രുവരി 22 മുതല്‍ നീസ്ട്രീമില്‍; മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വെബ് സീരീസ്
web series
'ഇന്‍സ്റ്റാഗ്രാമം' ഫെബ്രുവരി 22 മുതല്‍ നീസ്ട്രീമില്‍; മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വെബ് സീരീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th February 2021, 11:41 pm

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വെബ്ബ് സീരിസ് ‘ഇന്‍സ്റ്റാഗ്രാമം’ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 22 മുതല്‍ നീംസ്ട്രീം ആപ്പിലാണ് വെബ്ബ് സീരിസ് റിലീസ് ചെയ്യുക.

ബി. ടെക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മൃദുല്‍ നായര്‍ ആണ് വെബ്ബ് സീരിസ് സംവിധാനം ചെയ്യുന്നത്.അണ്ടിപ്പാറ എന്ന സാങ്കല്പിക ഗ്രാമത്തില്‍ ജീവിക്കുന്ന നാല് യുവാക്കളുടെ ജീവിതമാണ് വെബ്ബ് സീരിസ് പറയുന്നത്.

25 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുളള 14 എപ്പിസോഡുകളായിട്ടായിരിക്കും ആദ്യ സീസണ്‍ റിലീസ് ചെയ്യപ്പെടുന്നത്.

മലയാളത്തിലെ യുവതാരനിരയില്‍ ഉള്‍പ്പെട്ട ദീപക് പറമ്പോല്‍, ഗണപതി, ഷാനി ഷാക്കി, സുബിഷ് സുധി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ബാലു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍ ലേ ലോപസ്, ഗായത്രി അശോക്, സാബുമോന്‍ എന്നിവരും മറ്റ് പല വേഷങ്ങളില്‍ എത്തുന്നു.

സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, രമേഷ് പിഷാരടി, അദിതി രവി, സിദ്ധാര്‍ത്ഥ് മേനോന്‍, ഡെയ്ന്‍ ഡേവിസ് എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു എന്നത് ഈ സിരീസിന്റെ മറ്റൊരു പ്രത്യേകത ആണ്.

എല്‍.എസ്. ഫിലിം കോര്‍പ്പിന്റെ ബാനറില്‍, ഡോ. ലീന എസ് നിര്‍മ്മിക്കുന്ന ഈ സിരീസിന്റെ രചന ജെ രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും രഞ്ജിത്ത് പൊതുവാളുമാണ്..

ഛായാഗ്രഹണം അരുണ്‍ ജെയിംസ്, പവി കെ പവന്‍ , ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ്. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം രാഹുല്‍ രാജ് എന്നിവാരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘InstAgram’ on Neestream from February 22; The first complete web series in Malayalam