സ്വന്തം സമുദായത്തിലെ ചിലരുടെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ജസ്റ്റിസ് സിറിയക് ജോസഫ് പ്രവര്‍ത്തിക്കുന്നത്; ജലീല്‍ കേസില്‍ ലോകായുക്തയ്‌ക്കെതിരെ എന്‍.കെ അബ്ദുള്‍ അസീസ്
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചന ആരോപിച്ച് ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയില്‍ വിശ്വാസ്യതയില്ലെന്നും അബ്ദുള്‍ അസീസ് ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടല്‍ ഇതിന് തെളിവാണ്, സ്വന്തം മതത്തിലെ ചിലരുടെ താല്‍പര്യത്തിനായി സിറിയക് ജോസഫ് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അബ്ദുള്‍ അസീസ് ആരോപിച്ചു.
സിറിയക് ജോസഫിനെതിരായി അഭയകേസില്‍ ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നിയമപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്നതുള്‍പ്പടെയുള്ള ആക്ഷേപങ്ങള്‍ സിറിയക് ജോസഫിനെതിരായുണ്ട്. ഒരു ക്രെഡിബിലിറ്റിയും നിയമവിശാരദന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുണ്ട് എന്ന ധാരണ ഞങ്ങള്‍ക്കില്ല.
ഈ വിധി വന്നതിന് ശേഷം ചങ്ങനാശ്ശേരി അതിരൂപതയുടെ ഒരു പ്രസ്താവന വന്നിട്ടുണ്ട്. അതില്‍ പറയുന്നത് കേരളത്തില്‍ ന്യൂനപക്ഷ മന്ത്രാലയം ഇനിമേല്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ്.
എന്താണ് അവരീ പറഞ്ഞതിന്റെ താല്‍പര്യം. മുസ്‌ലീം സമുദായം എന്തൊക്കയോ അന്യായമായി നേടിയെടുക്കുന്നു എന്ന ആക്ഷേപം കഴിഞ്ഞ കുറച്ചുനാളുകളായി ഈ വിഭാഗം ആളുകള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്നുണ്ട്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ഒരു പറ്റം ആളുകള്‍ ശ്രമിക്കുന്നുണ്ട്.