ന്യൂദല്‍ഹി: ഹിമാചലിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മ നല്ല രീതിയില്‍ തന്നെ പരിഹരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. സംസ്ഥാനത്തെ വിമത ശല്യത്തെ കുറിച്ചും അത് തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു നദ്ദ. അജണ്ട ആജ് തക് പരിപാടിയിലായിരുന്നു നദ്ദയുടെ പ്രതികരണം.
‘ഇത്തരം വിമത ട്രെന്‍ഡുകള്‍ വര്‍ധിക്കുകയാണ്. ഞങ്ങള്‍ക്ക് അത് അവസാനിപ്പിക്കണം. ഒരു വിമത നേതാവിനെ തിരിച്ചെടുക്കുന്നതോടെ ഒരു പാര്‍ട്ടിയില്‍ മോശം സംവിധാനം രൂപപ്പെടുകയാണ്. വിമത നേതാവിനെ തിരിച്ചെടുക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അത്തരം കാര്യങ്ങള്‍ ഭാവിയില്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കും.
പാര്‍ട്ടി വളരെ വലിയ തോതില്‍ വളരുകയാണ്. പല ആളുകളും ചേരുന്നുണ്ട്. അവര്‍ക്ക് പല സ്ഥാനങ്ങളും വേണം. അതിനാല്‍ പലരും പാര്‍ട്ടി നിലപാടിനെ മറികടക്കുന്നു. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷെ ഞങ്ങള്‍ അതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അതിനുള്ള പരിഹാരം ഞങ്ങള്‍ അടുത്ത് തന്നെ കണ്ടെത്തും. ഇതൊരു പുതിയ ശൈലിയാണ്’, നദ്ദ പറഞ്ഞു.
ഹിമാചലില്‍ കടുത്ത മത്സരമാണ് നടന്നത്. സാധാരണ വോട്ട് ശതമാനത്തില്‍ ആറ് ശതമാനത്തോളം മാറ്റമാണ് സംഭവിക്കാറുള്ളത്. അത് ചുരുങ്ങി ഒരു ശതമാനത്തിലേക്ക് വന്നു. അതിനര്‍ത്ഥം വളരെ ചെറിയ പരാജയമാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നദ്ദ അവകാശവാദം ഉന്നയിച്ചത്.
‘തെരഞ്ഞെടുപ്പ് അക്കങ്ങളുടെയും സാഹചര്യങ്ങളുടേയും ഒരു മത്സരമാണ്. റെക്കോര്‍ഡ് തകര്‍ക്കുന്ന മാറ്റമാണ് ഗുജറാത്തില്‍ കണ്ടത്. ജനങ്ങള്‍ ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണിത്. ഗുജറാത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുകയാണ്,’ നദ്ദ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്തെ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ 40 സീറ്റില്‍ ജയിച്ചാണ് കോണ്‍ഗ്രസ് ഹിമാചല്‍ തിരിച്ചുപിടിച്ചത്. ബി.ജെ.പി കോട്ടകളില്‍ പോലും കരുത്തുകാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ ഐതിഹാസിക വിജയം.
സമീപകാല ചരിത്രത്തെയും രാഷ്ട്രീയ ഗതിമാറ്റങ്ങളെയുമെല്ലാം പാഴ്‌വാക്കാക്കിക്കൊണ്ട് ബി.ജെ.പിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ഹിമാചലില്‍ അധികാരത്തിലേറുന്നത് എന്ന പ്രത്യേകതയുമുണ്ട് മത്സരഫലത്തിന്. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണവും കോണ്‍ഗ്രസിന് വിജയ ഘടകമായി മാറി.
ഗുജറാത്തില്‍ കനത്ത തിരിച്ചടിയുണ്ടായെങ്കിലും ഹിമാചല്‍ കോണ്‍ഗ്രസിന് കുളിര്‍മയാണ് സമ്മാനിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളുമായി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പിയാണെങ്കില്‍ ഇത്തവണ വെറും 25 സീറ്റിലേക്ക് ഒതുങ്ങി.
കഴിഞ്ഞ 37 വര്‍ഷം ഹിമാചല്‍ ജനത സിറ്റിങ് ഗവണ്‍മെന്റിനെ വിജയിപ്പിച്ചിട്ടില്ല. അത് ഇത്തവണയും സംസ്ഥാനത്ത് പ്രതിഫലിച്ചുവെന്ന് വേണം പറയാന്‍.
പക്ഷേ, മാറി മാറി വന്ന ഇലക്ഷന്‍ ട്രെന്‍ഡുകള്‍ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രചാരണത്തിന് വന്നിട്ടും പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ജന്മനാടായ ഹിമാചലില്‍ ഭരണ പാര്‍ട്ടിയായ ബി.ജെ.പിയുടെ പരാജയത്തിന് മുഖ്യ കാരണം.
കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാര്‍ന്ന വിജയം.
ഒ.ബി.സി വോട്ടുകള്‍ നിര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളിലും കോണ്‍ഗ്രസാണ് ആധിപത്യം നേടിയത്.