ഐ.സി.സി വനിതാ ടി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പാകിസ്ഥാൻ വനിതാ ടീം മുന്നോട്ട് വെച്ച 149 റൺസ് എന്ന വിജയ ലക്ഷ്യം, ഒരോവർ ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യൻ ടീം മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാക് ടീം ടോപ്പ് ഓർഡർ ബാറ്ററും ടീം ക്യാപ്റ്റനുമായ ബിസ്മ മറൂഫിന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം സ്കോർ 140 കടത്തിയത്. 55 ബോൾ നേരിട്ട ബിസ്മ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 68 റൺസെടുത്ത് പുറത്താകാതെ പാക് ബാറ്റിങ് നിരയുടെ നേടുംതൂണായി.
ബിസ്മക്ക് പുറമേ 25 പന്തിൽ 43 റൺസെടുത്ത ആയേഷ നസീം മാത്രമാണ് പാക് ബാറ്റിങ് നിരയിൽ തിളങ്ങിയത്.
ഇന്ത്യൻ ബോളിങ് നിരയിൽ ദീപ്തി ശർമയൊഴികെ മറ്റു താരങ്ങൾക്കെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചു.
ബോളർമാർക്ക് റൺസ് പിടിച്ചു നിർത്താൻ സാധിച്ചതാണ് കൂറ്റൻ സ്കോറിലേക്ക് പോകുന്നതിൽ നിന്നും പാക് ടീമിനെ തടഞ്ഞത്.
150 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിനെ ജെമൈമ റോഡ്രിഗെസാണ് മുന്നിൽ നിന്നും നയിച്ചത്. 38 പന്തിൽ എട്ട് ഫോറുകൾ ഉൾപ്പെടെ 53 റൺസ് നേടി പുറത്താകാതെ ഇന്ത്യൻ ബാറ്റിങ് നിരയെ ജെമൈമ നയിച്ചപ്പോൾ ഷെഫാലിയും റിച്ച ഘോഷും താരത്തിന് വേണ്ട പിന്തുണ നൽകി.
25 പന്തിൽ നിന്നും 33 റൺസാണ് ഷെഫാലി സ്കോർ ചെയ്തത്. റിച്ച കൂറ്റനടിയിലൂടെ 20 പന്തിൽ 31 റൺസ് നേടി ഇന്ത്യൻ ജയം അനായാസമാക്കി. പാക് ബോളിങ് നിരയിൽ സാദിയ ഇക്ബാലും നഷ്‌റ സന്ധുവും റൺസ് ഒഴുകുന്നത് പിടിച്ചു നിർത്തിയെങ്കിലും ബാക്കി ബോളേഴ്സൊക്കെ ആവശ്യത്തിന് അടി വാങ്ങി.
മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.