കളിക്കളത്തിലെ പ്രകടനമാണ് അടിസ്ഥാനമെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ആദ്യമെത്തേണ്ടിയിരുന്നത് സഞ്ജുവും പിന്നെ ഇവനും
IPL
കളിക്കളത്തിലെ പ്രകടനമാണ് അടിസ്ഥാനമെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ആദ്യമെത്തേണ്ടിയിരുന്നത് സഞ്ജുവും പിന്നെ ഇവനും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th May 2022, 7:01 pm

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചതുമുതല്‍ ബി.സി.സി.ഐക്കെതിരെ നിരന്തരവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയ്ക്കും രോഹിത് ശര്‍മയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചപ്പോള്‍ നിരവധി യുവതാരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിച്ചിരുന്നു.

കെ.ആല്‍. രാഹുല്‍ നയിക്കുന്ന ടീമിലേക്ക് വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് മടങ്ങിയെത്തിയതും ഐ.പി.എല്ലില്‍ പ്രതിഭ തെളിയിച്ച നിരവധി താരങ്ങള്‍ക്ക് അവസരം ലഭിച്ചതുമായിരുന്നു സെലക്ഷന്റെ ഹൈലൈറ്റ്.

ഐ.പി.എല്ലില്‍ തിളങ്ങിയ പല താരങ്ങള്‍ക്കും അവസരം നല്‍കിയെങ്കിലും യഥാര്‍ത്ഥത്തില്‍ അവസരം ലഭിക്കേണ്ടിയിരുന്ന രണ്ട് താരങ്ങള്‍ക്ക് ബി.സി.സി.ഐ അവസരം നിഷേധിക്കുകയായിരുന്നു എന്ന വിമര്‍ശനവും ശക്തമാണ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളും സ്‌ക്വാഡിന് പുറത്തായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണും സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠിക്കും നേരെയാണ്  സെലക്ടര്‍മാര്‍ കണ്ണടച്ചത്.

 

ഐ.പി.എല്ലില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

14 മത്സരത്തില്‍ നിന്നും 158.23 സ്‌ട്രൈക്ക് റേറ്റില്‍ 413 റണ്‍സാണ് ത്രിപാഠി അടിച്ചെടുത്തത്. 15 മത്സരത്തില്‍ നിന്നും 150.35 പ്രഹരശേഷിയില്‍ 421 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

കഴിഞ്ഞ ദിവസം കഴിഞ്ഞ ഐ.പി.എല്‍ 2022യിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തിലും മിന്നുന്ന പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. 180.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു എതിരാളികളെ തച്ചുതകര്‍ത്തത്.

26 പന്തില്‍ നിന്നും 47 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടീം പ്രഖ്യാപിച്ചതിന് ശേഷമുള്ള മത്സരത്തിലാണ് സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ റണ്ണടിച്ചുകൂട്ടിയത്.

സഞ്ജുവിനേയും ത്രിപാഠിയേയും ടീമില്‍ എടുക്കാത്തതില്‍ ഹര്‍ഷ ഭോഗ്ലെ അടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

 

Content highlight: Indian team excludes Sanju Samson and Rahul Tripathi, who have the highest strike rate in the IPL