പടക്കളത്തിലെ പുതിയ ഇന്ത്യന്‍ 'ഷീള്‍ഡില്‍' സഞ്ജുവും; ഇന്ത്യന്‍ ജേഴ്‌സിയിലെ 13 പേരുടെ വീഡിയോ പുറത്ത് വിട്ട് ബി.സി.സി.ഐ
Sports News
പടക്കളത്തിലെ പുതിയ ഇന്ത്യന്‍ 'ഷീള്‍ഡില്‍' സഞ്ജുവും; ഇന്ത്യന്‍ ജേഴ്‌സിയിലെ 13 പേരുടെ വീഡിയോ പുറത്ത് വിട്ട് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 3:36 pm

ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.

ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യ നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഇപ്പോള്‍ 2024 ലോകകപ്പിന്റെ ഇന്ത്യയുടെ പുതിയ ജേഴ്‌സിയിലെ 13 അംഗങ്ങളടങ്ങുന്ന താരങ്ങളുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബി.സി.സി.ഐ. ‘ഗെറ്റ് റെഡി ഫോര്‍ ചീര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ക്ഷനോടെയാണ് ബി.സി.സി.ഐ എക്‌സില്‍ വീഡിയോ പുറത്ത് വിട്ടത്.

32 സെക്കന്റുള്ള ഷോട്ട് വീഡിയോയില്‍ മലയാളികളുടെ സ്വന്തം അഭിമാനമായ സഞ്ജു സാംസണും പുതിയ ജേഴ്‌സിയില്‍ ഉണ്ട്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ഡിസൈന്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതിനെതുടര്‍ന്ന് പലവിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും നരേന്ദ്ര മോദി കാവിവല്‍ക്കരിക്കുകയാണെന്നാണ് പലരും ഉന്നയിച്ചത്.

ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി മത്സരത്തില്‍ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

 

Content Highlight: Indian Players New Jersey Video