സ്ത്രീകളെ 'നല്ല നടപ്പ്' പഠിപ്പിക്കാനിറങ്ങുന്ന ഇന്ത്യന്‍ കോടതികളും; വീട്ടുകാരണവന്മാരാകുന്ന ന്യായാധിപന്മാരും
DISCOURSE
സ്ത്രീകളെ 'നല്ല നടപ്പ്' പഠിപ്പിക്കാനിറങ്ങുന്ന ഇന്ത്യന്‍ കോടതികളും; വീട്ടുകാരണവന്മാരാകുന്ന ന്യായാധിപന്മാരും
അന്ന കീർത്തി ജോർജ്
Wednesday, 5th August 2020, 6:27 pm

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ഒരു വിവാഹമോചനക്കേസെത്തി. ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുക്കൊണ്ട് ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. കുടുംബക്കോടതിയില്‍ ആദ്യം പരാതി നല്‍കിയിരുന്നതെങ്കിലും ഭാര്യയുടെ ഭാഗത്ത് നിന്ന് ഭര്‍ത്താവിനെതിരെ യാതൊരു കുറ്റകൃത്യവും നടന്നതായി കണ്ടെത്താത്തതിനാല്‍ കുടുംബ കോടതി വിവാഹമോചനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യ സിന്ദൂരവും ശംഖുവളകളും ധരിക്കാന്‍ തയ്യാറാകുന്നില്ല എന്നായിരുന്നു ഈ ഭര്‍ത്താവ് വിവാഹമോചനത്തിനുള്ള പ്രധാന കാരണമായി കോടതിയില്‍ അവതരിപ്പിച്ചത്. ഇതൊക്കെ വിവാഹമോചനത്തിന് തക്ക കാരണമായി ഇന്ത്യയിലെ ഏതെങ്കിലും ഒരു കോടതി പരിഗണിക്കുമോയെന്ന് നമ്മള്‍ ചിന്തിച്ചേക്കാം എന്നാല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ഈ കേസ്സിലെ വിധി ഏറെ വിചിത്രമായിരുന്നു.

ഭാര്യ സിന്ദൂരമണിയാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നാണ് കോടതി വിധിച്ചത്. ഹിന്ദു മതാചാര പ്രകാരം ശംഖു വളകളും സിന്ദൂരവും അണിയാന്‍ സ്ത്രീ വിസമ്മതിച്ചത് വിവാഹം നിഷേധിച്ചതിന് തുല്യമാണെന്ന് കാണിച്ച് ഹൈക്കോടതി ഭര്‍ത്താവിന് വിവാഹമോചനത്തിന് അനുമതി നല്‍കി.

‘സിന്ദൂരവും വളകളും ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീയെ അവിവാഹിതയായാണ് കണക്കാക്കുക, മാത്രമല്ല ഇത് അവര്‍ വിവാഹം നിഷേധിക്കുന്നതിന് തുല്യമാണ്. ഭര്‍ത്താവുമായി അവര്‍ക്ക് വൈവാഹിക ജീവിതം തുടര്‍ന്നുകൊണ്ട് പോകാനുള്ള താത്പര്യം ഇല്ലെന്ന വ്യക്തമായ ഉദ്ദേശമാണ് ഈ നിഷേധാത്മക നിലപാട് കാണിക്കുന്നത്,’ എന്നൊക്കെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

തികച്ചും സ്ത്രീവിരുദ്ധമായ വിധിയാണിതെന്നും എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്നതിലുള്ള വ്യക്തിയുടെ അവകാശത്തെ പോലും ഹനിക്കുന്നതാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയെന്നും അന്നുതന്നെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.

സ്ത്രീകളെ നാട്ടുനടപ്പും ആചാരമര്യാദകളും പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണോ നമ്മുടെ നാട്ടിലെ കോടതികളെന്ന വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. സമീപകാലത്ത് വിവാഹമോചനവും മറ്റു ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ ഈ രീതിയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയവയായിരുന്നു.

ഇന്ത്യന്‍ ജുഡീഷ്യറിയിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുന്ന മറ്റൊരു വിധിന്യായമുണ്ടായത് ഇക്കഴിഞ്ഞ ആഗ്‌സത് 2നായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് മുന്നോട്ടുവെച്ച നിര്‍ദേശമാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. രക്ഷാ ബന്ധന്‍ ദിനത്തില്‍ ഉപദ്രവിച്ച സ്ത്രീയെക്കൊണ്ട് കൈയ്യില്‍ രാഖി കെട്ടിക്കണമെന്നും ഈ സ്ത്രീയെ ഒരു സഹോദരിയെപ്പോലെ കണക്കാക്കി എക്കാലവും സംരക്ഷിക്കാമെന്ന വാഗ്ദാനം നടത്തണമെന്നുമാണ് പ്രതിയോട് കോടതി ജാമ്യവ്യവസ്ഥയില്‍ പറഞ്ഞത്.

രക്ഷാബന്ധന്‍ ദിനാഘോഷത്തിന്റെ ഭാഗമായി പുരുഷന്മാരുടെ കൈകളില്‍ സഹോദരിമാര്‍ രാഖി കെട്ടുകയും തിരിച്ച് ഇവര്‍ സഹോദരിമാര്‍ക്ക് പണവും മധുരപലഹാരങ്ങളും സമ്മാനമായി നല്‍കുകയും ചെയ്യുന്ന പതിവുണ്ട്. ഇത്തരത്തില്‍ പരാതിക്കാരിയായ സ്ത്രീക്ക് 11,000 രൂപയും മധുരപലഹാരങ്ങളും സമ്മാനമായി നല്‍കണമെന്നും മധ്യപ്രദേശ് കോടതി ആവശ്യപ്പെട്ടു. കൂടാതെ ഈ സ്ത്രീയുടെ മകന് വസ്ത്രവും മധുരപലഹാരങ്ങളും വാങ്ങാന്‍ 5,000 രൂപ നല്‍കണമെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചു.

വിചിത്രമായ ജാമ്യവ്യവസ്ഥ എന്ന തലക്കെട്ടോടു കൂടിയായിരുന്നു പല മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ നിസാരവത്കരിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല കോടതിവിധിയില്‍ വിശ്വാസ ആചാര രീതികളെ കൊണ്ടുവന്നതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്തെ കോടതികള്‍ പോലും സ്ത്രീസംരക്ഷണത്തിന് ഉതകുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തത് ഏറെ ഖേദകരമാണെന്ന് നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

ഇനി കേരളത്തിലേക്ക് വരികയാണെങ്കില്‍ സമാനമായ ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അടുത്ത കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു തന്റെ നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്നതിന്റെ വീഡിയോ ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവം. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ എ.വി. അരുണ്‍ പ്രകാശ് പരാതി നല്‍കുകയും പൊലീസ് കേസ് രജിസറ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ രഹ്നക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

വിധി പ്രസ്തനാവനയിലെ അവസാന ഭാഗത്ത് മനുസ്മൃതിയെയും ഖുറാനെയും ചൂണ്ടിക്കാട്ടി അമ്മ ആരായിരിക്കണമെന്നും എങ്ങിനെയായിരിക്കണമെന്നുമുള്ള ദീര്‍ഘ ഉപദേശങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് അമ്മക്ക് ഒരു കുട്ടിയുടെ ജീവിതത്തില്‍ നിര്‍വഹിക്കാനുള്ളതെന്നും അതിനാലാണ് മനുസ്മൃതിയിലും ഖുറാനിലും വലിയ പ്രധാന്യത്തോടെ അമ്മയെക്കുറിച്ച് പറയുന്നതെന്നും കോടതി പറഞ്ഞു.

ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ അമ്മക്ക് പകരം മറ്റൊരാളില്ല. കുഞ്ഞുങ്ങളോടുള്ള അതിയായ സ്‌നേഹം, ത്യാഗസന്നദ്ധത, അര്‍പ്പണബോധം, സുരക്ഷിതത്വവും സംരക്ഷണവും നല്‍കല്‍ ഇവയാണ് ഒരു അമ്മയുടെ ഗുണങ്ങള്‍. ജനിച്ചുവീഴുന്ന ഒരു കുഞ്ഞിന് ഒന്നുമറിയല്ല, അവന് ഈ ലോകം പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അമ്മയാണ്. കുട്ടിയുടെ ആഭിമുഖ്യങ്ങള്‍, കാഴ്ചപ്പാടുകള്‍, ജീവിതലക്ഷ്യങ്ങള്‍ എല്ലാം രൂപപ്പെടുത്തിയെടുക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നത് അമ്മ തന്നെ. ഉത്തമനായ മനുഷ്യനായി വളരാന്‍ കുട്ടികള്‍ക്ക് ആവശ്യമായ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്-എന്നിങ്ങനെയെല്ലാമായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്.

കാലകാലങ്ങളായി പുരുഷാധിപത്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന സര്‍വ്വംസഹയായ അമ്മയായി സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി കോടതിയും ആവര്‍ത്തിച്ചത് അഭിഭാഷകര്‍ക്കിടയില്‍ നിന്ന് പോലും വിമര്‍ശനത്തിന് ഇടയാക്കി. മാത്രമല്ല മതഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് നടത്തിയ വിധി പ്രസ്താവത്തിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

രാജ്യത്തെ ഭരണഘടനയും നീതിന്യായവ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട കോടതികള്‍ തന്നെ മതഗ്രന്ഥങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പിന്നാലെ പോകുന്നതും ഇവയുടെ അടിസ്ഥാനത്തില്‍ വിധികള്‍ പുറപ്പെടുവിക്കുന്നതും അംഗീകരിക്കാനാവില്ലെന്നാണ് സാമൂഹ്യനിരീക്ഷകരെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.