രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും മലയാളി താരം സഞ്ജു വി. സാംസണില്ല. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെത്തന്നെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അല്‍പ്പസമയത്തിനുള്ളില്‍ മത്സരത്തിനിറങ്ങുന്നത്.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അതേ ടീമിനെതന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് ടീമിലും മാറ്റമില്ല.
കഴിഞ്ഞ മത്സരത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താതെയുള്ള ബാറ്റിങ്ങും റിവ്യൂവിനുള്ള മോശം തീരുമാനമങ്ങളും കാരണം പന്തിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹികമാധ്യമങ്ങളില്‍ നടന്നത്. ഇതോടെ സഞ്ജുവിനു നറുക്ക് വീഴുമെന്നു കരുതിയിരുന്നെങ്കിലും പന്തിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യക്കായി 100-ാം ട്വന്റി20 മത്സരത്തിലാണ് രോഹിത് ശര്‍മ ഇന്നിറങ്ങുന്നത്. ഏറ്റവുമധികം അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തോടെ മഹേന്ദ്ര സിങ് ധോനിയില്‍ നിന്ന് രോഹിത് സ്വന്തമാക്കിയിരുന്നു.
98 മത്സരമാണ് ധോനി ഇന്ത്യക്കായി ട്വന്റി20-യില്‍ ഇറങ്ങിയത്. വിരാട് കോഹ്‌ലിക്കു വിശ്രമം നല്‍കിയതോടെ രോഹിതാണ് ഇന്ത്യയെ ഈ പരമ്പരയില്‍ നയിക്കുന്നത്.
ആദ്യ മത്സരത്തില്‍ തോറ്റതോടെ ഈ മത്സരം ഇന്ത്യക്കു ജയിക്കേണ്ടത് അനിവാര്യമാണ്. മൂന്നു കളികളുടെ പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചാല്‍പ്പോലും അപരാജിത ലീഡ് സ്വന്തമാക്കാന്‍ ബംഗ്ലാദേശിനാകും.