ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയുടെ ടോപ് ഓര്‍ഡറിന്റെ മുനയൊടിച്ചാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഏര്‍ളി അഡ്വാന്റേജ് സ്വന്തമാക്കിയിരിക്കുന്നത്.
സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെയും കഴിഞ്ഞ മത്സരത്തിലെ സൗത്ത് ആഫ്രിക്കയുടെ വിജയശില്‍പി ഡീന്‍ എല്‍ഗറിനെയും തുടക്കത്തിലേ മടക്കിയാണ് ഇന്ത്യ തുടങ്ങിയത്. ഇരുവരെയും ഒറ്റയക്കത്തിനാണ് പ്രോട്ടിയാസിന് നഷ്ടമായത്.
സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജാണ് ഇരുവരെയും പുറത്താക്കിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ മര്‍ക്രമിനെ ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ച് മടക്കിയ സിറാജ് പ്രോട്ടിയാസിന് ആദ്യ ഷോക്ക് നല്‍കി. പത്ത് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടി നില്‍ക്കവെയാണ് മര്‍ക്രം മടങ്ങുന്നത്.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ഡേവിഡ് ബെഡ്ഡിങ്ഹാമും 15 പന്തില്‍ രണ്ട് റണ്‍സുമായി ടോണി ഡി സോര്‍സിയുമാണ് ക്രീസില്‍.
ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. പരമ്പര തോല്‍ക്കാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിച്ചേ മതിയാകൂ. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ നാണക്കേട് മറക്കുക എന്ന ഉദ്ദേശവും രോഹിത്തിനും സംഘത്തിനും ഉണ്ടാകും.