ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി, ഇന്ത്യയില്‍ അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി; ഏകദിനവും ടെസ്റ്റും ഇവന് ഒരുപോലെ
Sports News
ഇന്ത്യന്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി, ഇന്ത്യയില്‍ അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി; ഏകദിനവും ടെസ്റ്റും ഇവന് ഒരുപോലെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 10:16 am

 

കരിയറിലെ അഞ്ചാം ടെസ്റ്റ് മത്സരത്തിനായാണ് യശശ്വി ജെയ്‌സ്വാള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലിറങ്ങിയത്. ഇന്ത്യന്‍ മണ്ണിലെ താരത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായാണ് ജെയ്‌സ്വാള്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ രണ്ട് മത്സരത്തിലും നിര്‍ണായകമായ ജെയ്‌സ്വാള്‍ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും സാന്നിധ്യമറിയിച്ചിരുന്നു. ശേഷം ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് യുവതാരത്തിന് സാധിച്ചത്.

 

അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജെയ്‌സ്വാള്‍ സ്വന്തം മണ്ണിലെ അരങ്ങേറ്റ മത്സരത്തിലും സെഞ്ച്വറി നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിക്കവെ വില്ലനായി മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ട് എത്തുകയായിരുന്നു.

രണ്ടാം ദിനം തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യക്ക് തിരിച്ചടിയായി റൂട്ട് ജെയ്‌സ്വാളിനെ മടക്കി. 74 പന്തില്‍ 80 റണ്‍സ് നേടിയാണ് താരം പുറത്തായത്. 24ാം ഓവറിലെ നാലാം പന്തില്‍ റിട്ടേണ്‍ ക്യാച്ചാാണ് ജെയ്്‌സവാള്‍ പുറത്തായത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വിന്‍ഡീസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 171 റണ്‍സ് നേടിയാണ് താരം റെക്കോഡിട്ടത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17ാമത് ഇന്ത്യന്‍ താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണര്‍, വിദേശ മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആറാമത് ഇന്ത്യന്‍ താരം തുടങ്ങി നിരവധി റെക്കോഡുകളും താരം നേടിയിരുന്നു.

ഇതിന് പുറമെ ആദ്യ ഇന്നിങ്‌സിലെ മികച്ച പ്രകടനത്തിന് പിന്നാലെയും ജെയ്‌സ്വാള്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയിരുന്നു.

ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം, രണ്ടാമത് ബാറ്റ് ചെയ്ത് ഉയര്‍ന്ന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ജെയ്‌സ്വാള്‍ തരംഗമാകുന്നത്.

2005ല്‍ സിംബാബ്‌വേക്കെതിരെ ഗംഭീര്‍ നേടിയ 85* ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 76 റണ്‍സ് നേടിയ രാഹുല്‍ പട്ടികയില്‍ ജെയ്‌സ്വാളിനൊപ്പം രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

അതേസമയം, ആദ്യ ഇന്നിങ്‌സ് 32 ഓവര്‍ പിന്നിടുമ്പോള്‍ 156 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 61 പന്തില്‍ 23 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 32 പന്തില്‍ 23 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

 

Content Highlight: India vs England:  Yashasvi Jaiswal scored half century in 1st innings