Sports News
അഞ്ചാം മത്സരത്തില്‍ ഒരേ നേട്ടത്തിനൊപ്പം വ്യത്യസ്ത നേട്ടവും; ചരിത്രമെഴുതാന്‍ അശ്വിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 06, 03:00 pm
Wednesday, 6th March 2024, 8:30 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനാണ് ഇരു ടീമും ശ്രമിക്കുന്നത്.

ഇതിനോടകം പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ട് മുഖം രക്ഷിക്കാന്‍ കളത്തിലിറങ്ങുമ്പോള്‍ പരമ്പരയില്‍ ആധിപത്യമുറപ്പിക്കാന്‍ തന്നെയാണ് ആതിഥേയരും ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ പല റെക്കോഡുകളും കരിയര്‍ മൈല്‍ സ്‌റ്റോണുകളും പിറക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോക്കും ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. തങ്ങളുടെ കരിയറിലെ 100ാം ടെസ്റ്റിനാണ് ഇരുവരും ഇറങ്ങുന്നത്.

ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചതിനാല്‍ ബെയര്‍‌സ്റ്റോയുടെ നൂറാം മത്സരം ധര്‍മശാലയില്‍ സംഭവിക്കുമെന്നുറപ്പാണ്. അതേസമയം, അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

അതേസമയം, നൂറാം മത്സരം എന്ന കരിയര്‍ ഡിഫൈനിങ് മൊമെന്റിന് പുറമെ ചില എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ബെയര്‍‌സ്റ്റോക്കും അശ്വിനും അവസരമുണ്ട്.

നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് ബെയര്‍‌സ്റ്റോക്ക് അവസരമൊരുങ്ങുന്നത്. ധര്‍മശാലയില്‍ ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയാല്‍ ഈ ലിസ്റ്റില്‍ ബെയര്‍‌സ്റ്റോയും ഇടം പിടിക്കും.

നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

കോളിന്‍ കൗഡ്രി
ജാവേദ് മിയാന്‍ദാദ്
ഗോര്‍ഡന്‍ ഗ്രീനിഡ്ജ്
അലെക് സ്റ്റുവര്‍ട്ട്
ഇന്‍സമാം ഉള്‍ ഹഖ്
റിക്കി പോണ്ടിങ് (2)
ഗ്രെയം സ്മിത്
ഹാഷിം അംല
ജോ റൂട്ട്
ഡേവിഡ് വാര്‍ണര്‍

ഇതിന് പുറമെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേയൊരു താരം മാത്രം നേടിയ റെക്കോഡിലേക്കും ബെയര്‍സ്‌റ്റോക്ക് കാലെടുത്ത് വെക്കാം. നൂറാം ടസെ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ രണ്ടാം താരം എന്ന നേട്ടമാണ് ബെയര്‍‌സ്റ്റോക്ക് മുമ്പിലുള്ളത്.

ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് മാത്രമാണ് ഈ നേട്ടം ഇതുവരെ സ്വന്തമാക്കിയത്. 2006 ജനുവരി 2ന് സൗത്ത് ആഫ്രിക്കക്കെതിരെ സിഡ്‌നിയില്‍ നടന്ന മത്സരത്തിലാണ് പോണ്ടിങ് ‘ഇരട്ട സെഞ്ച്വറി’ നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ 120 റണ്‍സ് നേടിയ പോണ്ടിങ് രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 143 റണ്‍സും നേടി. താരത്തിന്റെ കരുത്തില്‍ ആതിഥേയര്‍ എട്ട് വിക്കറ്റിന് വിജയിച്ചു. കളിയിലെ താരവും പരമ്പരയിലെ താരവും പോണ്ടിങ് തന്നെയായിരുന്നു.

നൂറാം മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമനായി ഇടം നേടാനുള്ള അവസരമാണ് അശ്വിന് മുമ്പിലുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യന്‍ എന്ന നേട്ടവും അശ്വിന്റെ കയ്യകലത്തുണ്ട്.

നൂറാം ടെസ്റ്റില്‍ ഫൈഫര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 2002

അനില്‍ കുംബ്ലെ – ഇന്ത്യ – ശ്രീലങ്ക – 2005

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – ബംഗ്ലാദേശ് – 2006

ബെയര്‍‌സ്റ്റോക്കും അശ്വിനും പുറമെ മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് നായകന്‍ ടിം സൗത്തിക്കും മുന്‍ നായകനും ഫാബ് ഫോറിലെ കരുത്തനുമായ കെയ്ന്‍ വില്യംസണും ഈ നേട്ടങ്ങളില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചേക്കും.

 

Content Highlight: India vs England; Johnny Bairstow and R Ashwin can achieve different records