ബാസ്‌ബോള്‍ യുഗത്തിലെ ആദ്യ 'ടെസ്റ്റ് സെഞ്ച്വറി'; ഉയര്‍ന്ന രണ്ട് സ്‌കോറും പിറന്നത് ഇതേ മാച്ചില്‍
Sports News
ബാസ്‌ബോള്‍ യുഗത്തിലെ ആദ്യ 'ടെസ്റ്റ് സെഞ്ച്വറി'; ഉയര്‍ന്ന രണ്ട് സ്‌കോറും പിറന്നത് ഇതേ മാച്ചില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 4:15 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരം റാഞ്ചിയിലെ ജി.എസ്.സി.എ സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയും ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സ് നേടുകയും ചെയ്തു.

സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ബെന്‍ സ്‌റ്റോക്‌സ് അടക്കമുള്ള ടീമിന്റെ വിശ്വസ്തര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരു വശത്ത് പാറ പോലെ ഉറച്ചുനിന്നാണ് റൂട്ട് ഇന്നിങ്‌സ് കെട്ടിപ്പടുത്തത്.

ടെസ്റ്റിലെ അറ്റാക്കിങ് ശൈലിയായ ബാസ്‌ബോളിന് പകരം തന്റെ ക്ലാസിക് ടെസ്റ്റ് പ്രകടനം പുറത്തെടുത്താണ് റൂട്ട് ഇംഗ്ലണ്ടിന്റെ രക്ഷകനായത്. 274 പന്ത് നേരിട്ട് പുറത്താകാതെ 122 റണ്‍സാണ് റൂട്ട് നേടിയത്. പത്ത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പക്കാ ടെസ്റ്റ് ഫോര്‍മാറ്റില്‍ ആങ്കറിങ് ഇന്നിങ്‌സ് കളിച്ച റൂട്ടിന്റെ പേരില്‍ ഒരു റെക്കോഡും ഇതോടെ കുറിക്കപ്പെട്ടിരിക്കുകയാണ്. ബാസ്‌ബോള്‍ യുഗത്തില്‍ 45ന് താഴെ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ താരം എന്ന നേട്ടമാണ് റൂട്ട് തന്റെ പേരിലാക്കിയത്.

ബാസ്‌ബോള്‍ യുഗത്തില്‍ 45ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇന്ത്യ – 122* (224) – 44.53 – 2024

ബെന്‍ ഫോക്‌സ് – ഇന്ത്യ – 47 (126) – 37.30 – 2024

സാക്ക് ക്രോളി – സൗത്ത് ആഫ്രിക്ക – 38 (101) – 37.62 – 2022

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നിലവില്‍ 60 ഓവര്‍ പിന്നിടുമ്പോള്‍ 195ന് ഏഴ് എന്ന നിലയിലാണ് ഇന്ത്യ.

26 പന്തില്‍ ഒമ്പത് റണ്‍സുമായി കുല്‍ദീപ് യാദവും 32 പന്തില്‍ 20 റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ യശസ്വി ജെയ്‌സ്വാളിന്റെ പ്രകടനം മാത്രമാണ് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 353 റണ്‍സാണ് നേടിയത്. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രണ്ട് നിര്‍ണായക കൂട്ടുകെട്ടിലൂടെ റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സിനൊപ്പവും എട്ടാം വിക്കറ്റില്‍ ഒല്ലി റോബിന്‍സണൊപ്പവും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്.

റൂട്ടിന് പുറമെ ഒല്ലി റോബിന്‍സണ്‍ (96 പന്തില്‍ 58), ബെന്‍ ഫോക്‌സ് (126 പന്തില്‍ 47), സാക്ക് ക്രോളി (42 പന്തില്‍ 42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.

 

Content Highlight: India vs England, Joe Root becomes the highest run getter with lowest strike rate in Bazball era