ഇന്നലെ 4,000, ഇന്ന് 9,000; ആരുണ്ട് രോഹിത്തിനെ പിടിച്ചുകെട്ടാന്‍; വീണ്ടും റണ്ണടിച്ച് റെക്കോഡിട്ട് ഹിറ്റ്മാന്‍
Sports News
ഇന്നലെ 4,000, ഇന്ന് 9,000; ആരുണ്ട് രോഹിത്തിനെ പിടിച്ചുകെട്ടാന്‍; വീണ്ടും റണ്ണടിച്ച് റെക്കോഡിട്ട് ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th February 2024, 10:18 am

 

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 9,000 റണ്‍സ് കരിയര്‍ മൈല്‍ സ്റ്റോണ്‍ താണ്ടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലാണ് രോഹിത് കരിയറിലെ ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്.

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് രോഹിത് ഈ റെക്കോഡ് നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

 

രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ 4,000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടിരുന്നു.

ആഭ്യന്തര തലത്തില്‍ മുംബൈക്ക് വേണ്ടിയാണ് രോഹിത് ബാറ്റേന്തിയത്. 118 മത്സരത്തിലെ 189 ഇന്നിങ്‌സില്‍ നിന്നും 52.72 എന് മികച്ച ശരാശരിയിലും 61.23 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ റണ്ണടിച്ചുകൂട്ടിയത്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 28 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും നേടിയ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 309* ആണ് (ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്‌സിന് മുമ്പുള്ള കണക്കുകള്‍).

അതേസമയം, രണ്ടാം ഇന്നിങ്‌സ് 15 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 71 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 51 പന്തില്‍ 42 റണ്‍സുമായി രോഹിത് ശര്‍മയും 39 പന്തില്‍ 29 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍. 121 റണ്‍സ് കൂടി കണ്ടെത്തിയാല്‍ ഇന്ത്യക്ക് മത്സരവും പരമ്പരയും സ്വന്തമാക്കാം.

ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡുമായി കളത്തിലിറങ്ങിയ ത്രീ ലയണ്‍സിനെ ഇന്ത്യന്‍ സ്പിന്‍ നിര ഒരു ദാക്ഷിണ്യവുമില്ലാതെ എറിഞ്ഞിടുകയായിരുന്നു. അശ്വിന്‍ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞാടിയപ്പോള്‍ നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തന്റെ റോള്‍ ഗംഭീരമാക്കി. ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

 

ബെന്‍ ഡക്കറ്റ് , ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ ഫോക്സ്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ സാക്ക് ക്രോളി, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍ എന്നിവരെ യാദവും പുറത്താക്കി. ജഡേജയാണ് ജോണി ബയര്‍സ്റ്റോയെ പുറത്താക്കിയത്.

 

Content Highlight: India vs England 4th Test; Rohit Sharma completes 9,000 first class runs