മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ; ശ്രീലങ്കക്കും നേപ്പാളിനും പിന്നില്‍
national news
മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ; ശ്രീലങ്കക്കും നേപ്പാളിനും പിന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2022, 5:30 pm

ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 150 ആയി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 142ാം സ്ഥാനമായിരുന്നു ഇന്ത്യയുടേത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വ്യാപകമായതോടെ രാജ്യദ്രോഹം, തീവ്രവാദം എന്നിവ ആരോപിച്ച് മാധ്യമപ്രവര്‍ത്തകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇന്ത്യന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നോര്‍വേ തന്നെയാണ് ഇത്തവണയും മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്നില്‍. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, എസ്റ്റോണിയ, ഫിന്‍ലന്‍ഡ് എന്നിവയാണ് യഥാക്രമം നോര്‍വേയ്ക്ക് പിന്നിലുള്ളത്. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും താഴെ. 177ാം സ്ഥാനത്തായിരുന്ന ചൈന 175ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തില്‍ വീഴ്ച സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 157ാം സ്ഥാനത്താണ് പാകിസ്ഥാന്‍.

ശ്രീലങ്ക 146, മ്യാന്‍മര്‍ 176, ബംഗ്ലാദേശ് 162 എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ ക്രമം. എന്നാല്‍ 106ാം സ്ഥാനത്തുണ്ടായിരുന്ന നേപ്പാള്‍ 30 പോയിന്റുകള്‍ നേടി 76ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പട്ടിക പ്രകാരം പാകിസ്ഥാന്‍ 145, ശ്രീലങ്ക 127, ബംഗ്ലാദേശ് 152, മ്യാന്‍മര്‍ 140 എന്നിങ്ങനെയായിരുന്നു സ്ഥാനം.

2021ലെ പട്ടികയില്‍ ഇന്ത്യയെ, മോശവും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമപ്രവര്‍ത്തനം നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മാധ്യമ സ്വാതന്ത്ര സൂചിക തയ്യാറാക്കുന്നത്. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.