ആരാണ് വി.ജി സിദ്ധാര്‍ത്ഥ? ഇന്ത്യയിലെമ്പാടുമായി 1423 കഫേകളുള്ള കഫേ കോഫി ഡേ ഉടമയുടെ തകര്‍ച്ചയ്ക്കു പിന്നിലെന്ത്?
മികച്ച സംരംഭകന്‍ എന്ന പട്ടം നല്‍കി ഒരുകാലത്ത് രാജ്യം വാഴ്ത്തിയ പേരുകളിലൊന്നായിരുന്നു കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടേത്. ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ച. 1996ല്‍ കഫേ കോഫി ഡേ തുടങ്ങി. ഇന്ന് 209 നഗരങ്ങളിലായി 1423 കഫേകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയിലൊന്നായി അത് മാറിയിരിക്കുകയാണ്. എന്നാല്‍ കാണാതാവുന്നതിന് തൊട്ടുമുമ്പ് എഴുതിയ കത്തില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് താനൊരു പരാജയപ്പെട്ട സംരംഭകനാണെന്നാണ്. പരാജയപ്പെടുത്തിയത് ആദായനികുതി വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നുമാണ്.
കര്‍ണാടകയിലെ ചിക്കമംഗലൂര്‍ ജില്ലയിലെ മലനാട് ഭാഗത്താണ് സിദ്ധാര്‍ത്ഥ ജനിച്ചത്. മാംഗലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകള്‍ മാളവികയാണ് ഭാര്യ.
1983-84 കാലഘട്ടത്തില്‍ 24ാം വയസിലാണ് സിദ്ധാര്‍ത്ഥയുടെ കരിയര്‍ ആരംഭിക്കുന്നത്. മുംബൈയിലെ ജെ.എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ അദ്ദേഹം മാനേജ്‌മെന്റ് ട്രെയിനിയായി പ്രവേശിച്ചു. രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം അദ്ദേഹം ബെംഗളുരുവിലേക്ക് തിരിച്ചുവരികയും സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു.
കോഫി ബിസിനസുമായി അദ്ദേഹത്തിന് കുട്ടിക്കാലം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥയുടെ അച്ഛന്‍ കോഫി പ്ലാന്റേഷന്‍ ഉടമയായിരുന്നു. 1993ലാണ് അദ്ദേഹം അമല്‍ഗമേറ്റ് ബീന്‍ കമ്പനി (എ.ബി.സി) എന്ന പേരില്‍ ഒരു കോഫി വില്‍പ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരില്‍ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളര്‍ന്നു. 28000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വര്‍ഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി അത് മാറി. ഏറ്റവും അധികം ഗ്രീന്‍ കോഫി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് എ.ബി.സി.
ശിവന്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം നിക്ഷേപ രംഗത്തും കടന്നുകയറി. ഈ കമ്പനിക്ക് മൂന്ന് ഉപ കമ്പനികളുണ്ട്. ചേതന്‍ വുഡ് പ്രോസസിങ് ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി ബിസിനസ് ബെയര്‍ഫൂട്ട് റിസോര്‍ട്ട്, ഡാര്‍ക്ക് ഫോറസ്റ്റ് ഫര്‍ണിച്ചല്‍ കമ്പനി .
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായാണ് സിദ്ധാര്‍ത്ഥ കടക്കെണിയിലായത്. സെപ്റ്റംബര്‍ 21ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് മുംബൈയിലും ചെന്നൈയിലും ബെംഗളുരുവിലും ചിക്കമംഗളുരുവിലുമുള്ള അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസുകളിലും മറ്റ് 20 ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പിന്നീട് ഐ.ടി സ്ഥാപനത്തിലുള്ള ഓഹരി വിറ്റതിലൂടെയും സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ജീവനക്കാര്‍ക്ക് ഒരു കത്തും എഴുതിവെച്ച് അദ്ദേഹം നേത്രാവതി പുഴയിലേക്ക് പോയെന്നാണ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കഫേ കോഫി ഡേ പതിയെ പതിയെ നഷ്ടത്തിലേക്ക് പോയതും ഓഹരി ഉടമകള്‍ ഓരോരുത്തരായി ഷെയര്‍ ചോദിച്ചു തുടങ്ങിയതും സിദ്ധാര്‍ത്ഥിനെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിട്ടെന്നും.
കഫേ കോഫി ഡേ ഓഹരികള്‍ കൊക്കക്കോളയ്ക്ക് വില്‍ക്കാനായി ചര്‍ച്ചകള്‍ നടക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാര്‍ത്ഥിന്റെ തിരോധാനം