ഞെട്ടിവിറച്ച് കങ്കാരുപ്പട; ഓസീസിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പടക്കുതിരകള്‍; നിര്‍ണായക ദിനം മൂന്നാം ടെസ്റ്റിന്റെ വിധിയെഴുതും!
Sports News
ഞെട്ടിവിറച്ച് കങ്കാരുപ്പട; ഓസീസിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പടക്കുതിരകള്‍; നിര്‍ണായക ദിനം മൂന്നാം ടെസ്റ്റിന്റെ വിധിയെഴുതും!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th December 2024, 10:08 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ പുരോഗമിക്കുകയാണ്. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ അവസാന ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ് ഓസീസ്. മത്സരം പുരോഗമിക്കുമ്പോള്‍ തകര്‍പ്പന്‍ മറുപടിയാണ് ഇന്ത്യ കങ്കാരുക്കള്‍ക്ക് നല്‍കിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇതോടെ 275 റണ്‍സിന്റെ ടാര്‍ഗറ്റാണ് ഇന്ത്യയ്ക്ക് മറികടക്കാനുള്ളത്. ദിനം അവസാനിക്കുന്നതിനുള്ളില്‍ (54 ഓവര്‍) ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായാല്‍ വിജയം സ്വന്തമാക്കാം. പക്ഷെ ഓള്‍ ഔട്ട് ആയാല്‍ കങ്കാരുപ്പട വിജയം സ്വന്തമാക്കി 2-1ന് മുന്നിലെത്തും.

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ എട്ട് റണ്‍സിന് ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് ബുംറയാണ്. ശേഷം ഇറങ്ങിയ മാര്‍നസ് ലബുഷാനെ ഒരു റണ്‍സിനും ബുംറ മടക്കി. ശേഷം പാറ്റ് കമ്മിന്‍സിനെ 22 റണ്‍സിന് കുരുക്കാനും താരത്തിന് സാധിച്ചു.

ബുംറയ്ക്ക് പുറമെ മിന്നും ബൗളിങ് കാഴ്ചവെച്ചത് ആകാശ് ദീപും സിറാജുമാണ്. നഥാന്‍ മെക്‌സ്വീനി (4), മിച്ചല്‍ മാര്‍ഷ് (2) എന്നിവരെ പുറത്താക്കിയത് ആകാശ് ആയിരുന്നു. സ്റ്റീവ് സ്മിത് (4), ട്രാവിസ് ഹെഡ് (17) എന്നിവരെ പറഞ്ഞയച്ച് മുഹമ്മദ് സിറാജും വിക്കറ്റ് ടേക്കിങ്ങില്‍ ജ്വലിച്ചു.

ഇന്ത്യന്‍ നിരയെ അടി മുടി തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുന്‍ നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും (139 പന്തില്‍ 84) ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയും (123 പന്തില്‍ 77) ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മിന്നും പ്രകടനമാണ് ഇരുവരും നടത്തിയത്.

അവസാനഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പിടിച്ചുനിന്നത് സ്റ്റാര്‍ ബൗളറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയും 11ാമന്‍ ആകാശ് ദീപുമാണ് നാലാം ദിനം വിക്കറ്റ് വിട്ടുകൊടുക്കാതെ ഫോളോ ഓണ്‍ ഒഴിവാക്കാനും താരങ്ങള്‍ക്ക് സാധിച്ചു.

 

Content Highlight: India Need 275 Runs In 54 Overs To Won In Third Test Against Australia