ഹൈദരബാദ്: രാജ്യം ശരിയായ നേതാവിനെയും ശരിയായ പാര്‍ട്ടിയെയും കാത്തിരിക്കുകയാണെന്ന് ബി.ആര്‍.എസ് പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു. രാജ്യം ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ അദ്ദേഹം പറഞ്ഞു.
‘രാജ്യം ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. അവസാനം സത്യവും നീതിയും തന്നെ ജയിക്കും.
തെലങ്കാന രാഷ്ട്ര സമിതിയെ ബി.ആര്‍.എസ് ആക്കി മാറ്റിയത് രാജ്യത്തെ രക്ഷിക്കാനാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്. എന്ത് വില കൊടുത്തും ഞങ്ങള്‍ ഈ രാജ്യത്തെ സംരക്ഷിക്കും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അവസാന തുള്ളി രക്തം വരെ ഞങ്ങള്‍ പോരാടും,’ ചന്ദ്രശേഖര റാവു പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ആര്‍ക്കും മാറ്റാന്‍ സാധിക്കില്ലെന്നും അങ്ങനെ ശ്രമിക്കുന്നവര്‍ പോകുമ്പോഴും രാജ്യം നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാനയുടെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള സംസ്ഥാനം തെലങ്കാനയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്.
കര്‍ഷക ആത്മഹത്യകള്‍ അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ആളോഹരി വൈദ്യുതോപയോഗം കൂടി. സംസ്ഥാനത്ത് നിന്ന് മറ്റ് ദേശങ്ങളില്‍ പോയവര്‍ തിരികെ തെലങ്കാനയിലേക്ക് വരുന്നുണ്ട്.
സംസ്ഥാനത്ത് കുടിവെള്ള പ്രശ്‌നമോ വൈദ്യുത സംബന്ധിയായ പ്രശ്‌നമോ ഇല്ല. ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. പക്ഷേ രാജ്യം വളരെ പിന്നിലാണ്.
കേന്ദ്രം തെലങ്കാനയ്ക്ക് തുല്യമായ പ്രകടനം നടത്തുകയാണെങ്കില്‍ നമ്മുടെ ജി.ഡി.പി 3-4 ലക്ഷം കോടി രൂപ കൂടുതലാകുമായിരുന്നു,’ ചന്ദ്രശേഖര റാവു പറഞ്ഞു.
ഒമ്പത് വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമത്തിനായി 12,000 കോടി രൂപ ചെലവഴിച്ചുവെന്നും കഴിഞ്ഞ 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ 1,180 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാരാഷ്ട്രയിലും പാര്‍ട്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അത് തന്റെ പ്രതീക്ഷയക്കപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: India is waiting for the right leader; Will fight for country till last drop of blood: Chandrasekhara Rao