ഇന്ത്യ തനിക്ക് മാതൃരാജ്യം പോലെയാണെന്ന് പ്രശസ്ത ബ്രസീലിയന്‍ ചലച്ചിത്രകാരി ഹെലേന ഇഗ്നസ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഇന്‍കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. []
ഇന്ത്യന്‍ സിനിമകളില്‍ സത്യജിത് റേയുടെ ചിത്രങ്ങള്‍ മാത്രമാണ് തനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളതെന്നും വിസ്മയിപ്പിക്കുന്ന ചലച്ചിത്രകാരനാണ് അദ്ദേഹമെന്നും ഇഗ്നസ് പറഞ്ഞു. ഇവിടുത്തെ ചിത്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടി, സംവിധായിക, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തയായ ഹെലേന, തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും വാചാലയായി.
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയായിരുന്ന ഒരു കാലഘട്ടത്തില്‍ അഭിനയം ജീവിതചര്യയായി തെരഞ്ഞെടുക്കുന്നതിന് ഒട്ടും ധൈര്യമില്ലായിരുന്നെന്നും അതൊക്കെ ആലോചിക്കുമ്പോള്‍ ശരിക്കും അത്ഭുതമാണെന്നും ഹെലേന പറഞ്ഞു.
ആദ്യകാല ചിത്രമായ ദ റെഡ് ലൈറ്റ് ബന്‍ഡിന്റെ സംവിധായകനും പില്‍ക്കാലത്ത് തന്റെ ഭര്‍ത്താവുമായ റോജേരിയോ സ്ഗാന്‍സര്‍ലയുമൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും അദേഹത്തിന്റെ വിയോഗമാണ് തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുഖകരമായ സംഭവമെന്നും ഹെലേന ഇഗ്നസ് പറഞ്ഞു.
നാടക രംഗത്തു നിന്നും സിനിമയിലേയ്‌ക്കെത്തിയ തന്റെ അഭിനയ പ്രക്രിയ രൂപപ്പെടുത്തിയത് പ്രശസ്ത നാടകപ്രവര്‍ത്തകരായ സ്റ്റാന്‍സ്ലാവ്‌സ്‌കിയുടെയും ബെര്‍റ്റോള്‍റ്റ് ബ്രഹത്തിന്റെയും സമ്പ്രദായങ്ങളാണെന്നും നാടകത്തെയും സിനിമയെയും താന്‍ ഒരു പോലെ ഇഷ്ടപ്പെടുന്നതായും അവര്‍ പറഞ്ഞു.
പട്ടാളഭരണത്തിന്റെ ദുരിതങ്ങള്‍ ധാരാളം അനുഭവിക്കേണ്ടി വന്ന ജനതയാണ് ബ്രസീലുകാര്‍. ബ്രസീലിയന്‍ ചലച്ചിത്രരംഗത്തെ നാശത്തിന്റെ വക്കിലേയ്ക്ക് തള്ളിവിട്ടത് പട്ടാളഭരണമാണ്. ബ്രസീലിയന്‍ ചലച്ചിത്രങ്ങള്‍ ഇപ്പോള്‍ കോളോണിയല്‍ ആധിപത്യത്തിലാണെന്ന് ഹെലേന ഇഗ്നസ് പറഞ്ഞു. ഹോളിവുഡിന്റെ ഇടപെടലുകള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ബ്രസീല്‍ ചിത്രങ്ങള്‍ക്ക് വരുത്തുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഹെലേന ഇഗ്നസിനോടുള്ള ബഹുമാനാര്‍ഥം ഇത്തവണത്തെ മേളയില്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അവരുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇത്തവണ മത്സര വിഭാഗത്തിലെ മികച്ച പ്രേക്ഷക ചിത്രം തെരഞ്ഞെടുക്കുന്നത് റേറ്റിങ് അടിസ്ഥാനത്തിലായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
www.iffk.inഎന്ന വെബ്‌സൈറ്റ് വഴിയാണ് റേറ്റിങ് നടത്തേണ്ടത്. സൈറ്റിലെ വോട്ട് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുമ്പോള്‍ മത്സരചിത്രങ്ങളുടെ പട്ടിക കാണാം. സ്‌ക്രീന്‍ ചെയ്ത സിനിമയാണെങ്കില്‍ “റേറ്റിങ്ങില്‍” ക്ലിക്ക് ചെയ്യുക. തുടര്‍ന്നുവരുന്ന പോപ്പ്-അപ്പില്‍ 1 മുതല്‍ 5 വരെ റേറ്റിങ്് കൊടുത്തിട്ടുണ്ട്. ഇതില്‍ പ്രേക്ഷകര്‍ നല്‍കാനുദ്ദേശിക്കുന്ന റേറ്റിങ്് ക്ലിക്ക് ചെയ്താല്‍ വോട്ട് രേഖപ്പെടുത്തിയതായി. എല്ലാ ചിത്രങ്ങള്‍ക്കും റേറ്റിങ് നല്‍കാം. എന്നാല്‍ ഒരു ചിത്രത്തിന് ഒരിക്കല്‍ മാത്രമേ റേറ്റിങ് പാടുള്ളു.
ഏറ്റവും മികച്ച റേറ്റിങ് ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകന് 2 ലക്ഷം രൂപയും രജതചകോരവും പുരസ്‌കാരമായി ലഭിക്കും.
കലാഭവന്‍, കൈരളി,ന്യൂ, അഞ്ജലി തിയറ്ററുകളില്‍ സജ്ജീകരിച്ചിട്ടുള്ള ബൂത്തുകളിലും വെബ്‌സൈറ്റില്‍ നേരിട്ട് പ്രവേശിച്ചും പ്രേക്ഷകര്‍ക്ക് റേറ്റിംഗ് നടത്താം. ഈ സംവിധാനം ഇന്നു നിലവില്‍ വരും. ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് അവസാനിക്കും.