ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. മത്സരം അവസാനിക്കാന്‍ ഒരു ദിവസത്തിലധികം മാത്രം ബാക്കി നില്‍ക്കവെയാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുന്നത്. നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ടീം നേടിയത്.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ആദ്യ ഓവര്‍ എറിഞ്ഞ ഹസന്‍ മഹ്‌മൂദിനെ അടിച്ചുതുടങ്ങിയ ഇന്ത്യ 18ാം പന്തില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 23 റണ്‍സിന് പുറത്താകുമ്പോള്‍ ഇന്ത്യ 55 റണ്‍സാണ് നേടിയത്. പിന്നീട് യശസ്വി ജയ്‌സ്വാളിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ കുതിക്കുകയായിരുന്നു. 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്.
അതിനിടയില്‍ ഇന്ത്യ 10.1 ഓവറിലാണ് 103 റണ്‍സ് നേടി മൂന്നക്കത്തില്‍ എത്തിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് നേടുന്ന ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. മാത്രമല്ല ബംഗ്ലാദേശ് 18.2 ഓവര്‍ എറിഞ്ഞപ്പോള്‍ ക്രീസിലുണ്ടായിരുന്ന വിരാട് ഒരു ബൗണ്ടറി നേടിയാണ് ഇന്ത്യയെ 151 റണ്‍സില്‍ എത്തിച്ചത്. ഇതോടെ മറ്റൊരു ഇടിവെട്ട് റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Fastest fifty – India.
Fastest Hundred – India.
Fastest 150 – India.India creating all new records in Test history 🇮🇳 pic.twitter.com/qsPw0lWZ3Q
— Johns. (@CricCrazyJohns) September 30, 2024
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്‍ 36 പന്തില്‍ നിന്ന് 39 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വെറും ഒമ്പത് റണ്‍സുമാണ് നേടിയത്. നിലവില്‍ വിരാട് കോഹ്‌ലി 41 റണ്‍സും കെ.എല്‍. രാഹുല്‍ 30 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.
ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹ്‌മൂദ് അഞ്ച് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. 38 റണ്‍സ് വഴങ്ങിയ മെഹ്ദി ഹസന്‍ മിറാസ് ഒരു വിക്കറ്റും ഏഴ് ഓവര്‍ എറിഞ്ഞ ഷാക്കിബ് അല്‍ ഹസന്‍ 51 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റും നേടി.
Content Highlight: India In Double Record Achievement In One Test