ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനത്തില്‍ ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.
നിലവില്‍ ഇന്ത്യ വലിയ സമ്മര്‍ദ ഘട്ടത്തിലാണ്. ടോസ് നേടി ഓസീസിനെ ബാറ്റിങ്ങിന് അയച്ച മുതല്‍ ഇന്ത്യയ്ക്ക് കണ്ടക ശനിയാണ്. ഗാബയില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യുകയും പിന്നീട് പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാകുകയും ചെയ്യും. നിലവില്‍ ശേഷിക്കുന്ന ദിനം ഇന്ത്യ ഓള്‍ ഔട്ട് ആകാതെ ക്രീസില്‍ നിന്നാല്‍ മാത്രമേ സമനിലയെങ്കിലും പിടിക്കാന്‍ കഴിയൂ.
ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കള്‍ക്ക് വേണ്ടി ഗാബയില്‍ മിന്നും പ്രകടനമാണ് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും കാഴ്ചവെച്ചത്. ഇരുവരും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ബാക് ടു ബാക് സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയായത്.
160 പന്തില്‍ നിന്ന് 18 ഫോര്‍ ഉള്‍പ്പെടെ 152 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. സ്റ്റീവ് സ്മിത് 190 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം ടെസ്റ്റ് കരിയറില്‍ 12ാം ഫൈഫറും നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപ് നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: India Have Big Setback In First Innings Batting At Gabba