ട്രാഫിക് എന്ന ചിത്രത്തിലൂടെ നിർമാണരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. തുടർന്ന് ചാപ്പാ കുരിശ് എന്ന ചിത്രവും നിർമിച്ചു. ഈ രണ്ടു ചിത്രങ്ങളും 2011ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരുപാട് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു.
ഇപ്പോൾ എമ്പുരാൻ സിനിമയെപ്പറ്റിയും അതിനെതുടർന്നുള്ള വിവാദങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ.
ഒരു സിനിമ ഡയറക്ടറുടെ മാത്രല്ലെന്നും എല്ലാവരും ആ സിനിമയിൽ ഭാഗമാണെന്നും ലിസ്റ്റിൻ പറയുന്നു. സിനിമയിലെ നായകനോ, നായികയ്ക്കോ, നിർമാതാവിനോ കഥ കേട്ടപ്പോൾ നോ പറയാമായിരുന്നുവെന്നും സിനിമയ്ക്ക് കിട്ടുന്ന പൈസ പ്രൊഡ്യൂസറുടെ പോക്കറ്റിലേക്ക് തന്നെയല്ലേ പോകുന്നതെന്നും ലിസ്റ്റിൻ പറഞ്ഞു.
അപ്പോൾ ഒരാളെ മാത്രം ഒറ്റപ്പെടുത്തേണ്ട കാര്യമെന്താണെന്നും സിനിമയിൽ അഭിനയിച്ച എല്ലാവർക്കും സിനിമയുടെ കഥ അറിയില്ലേയെന്നും ലിസ്റ്റിൻ പറയുന്നു. വൺ ടു ടോക്സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ.
‘ഒരു സിനിമ ഡയറക്ടറുടെ മാത്രമല്ലല്ലോ… ബാക്കിയുള്ള എല്ലാവരുടെയും കൂടിയാണ്. ഈ സിനിമയിൽ മെയിൻ ആക്ടറുണ്ട്, നിർമാതാവ് ഉണ്ട്, അല്ലെങ്കിൽ നടിയുണ്ട്. ഈ കഥ കേട്ടപ്പോൾ ഇവർക്കൊക്കെ നോ പറയാമല്ലോ. പ്രേക്ഷകർ കാണുന്ന പൈസ മുഴുവൻ പ്രൊഡ്യൂസറുടെ പോക്കറ്റിലേക്ക് തന്നെയല്ലേ പോകുന്നത്.
അപ്പോൾ ഒരാളെ മാത്രം ഒറ്റപ്പെടുത്തേണ്ട കാര്യമെന്താണ്. മഞ്ജുവിന് സിനിമയുടെ കഥ അറിയത്തില്ലേ? അല്ലെങ്കിൽ ലാലേട്ടന് അറിയത്തില്ലേ? ആൻ്റണി ചേട്ടന് അറിയത്തില്ലേ?,’ ലിസ്റ്റിൻ പറയുന്നു.
വിവാദങ്ങൾക്കിടയിലും മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ എമ്പുരാൻ. ആഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്ന കാര്യം മോഹൻലാൽ തന്നെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് 100 കോടി തിയറ്റർ ഷെയർ ലഭിക്കുന്നത്.
Content Highlight: Listin Stephen Talking About Empuraan Controversy