ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗാബയിലാണ് അരങ്ങേറുക. എന്ത് വിലകൊടുത്തും മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അഡ്ലെയ്ഡിലെ നിര്‍ണായക ഇന്നിങ്സില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡായിരുന്നു. 141 പന്തില്‍ നാല് സിക്സും 17 ഫോറും ഉള്‍പ്പെടെ 140 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്.
അഡ്ലെയ്ഡില്‍ ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോള്‍ താരത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ അവസരമാണ് വന്നു ചേര്‍ന്നത്. ഗാബയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഹെഡ് വലിയ വെല്ലുവിളി ഉയര്‍ത്തില്ല എന്നാണ് മുന്‍ കണക്കുകള്‍ പറയുന്നത്. ഗാബയിലെ കഴിഞ്ഞ മൂന്ന് ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് മൂന്ന് തവണയാണ് ഗോള്‍ഡന്‍ ഡെക്കില്‍ പുറത്തായത്.
സൗത്ത് ആഫ്രിക്കയോടുള്ള മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസിനോടുള്ള രണ്ട് ഇന്നിങ്‌സിലുമാണ് ഹെഡ് ഒരു ബോള്‍ നേരിട്ട് പൂജ്യം റണ്‍സിന് പുറത്താകുന്നത്. ഗാബയിലെ കഴിഞ്ഞ മത്സരങ്ങളില്‍ ഹെഡിന് നരകതുല്യമായ അവസ്ഥ തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ആശ്വാസിക്കാനുള്ള വകയുണ്ടാകും.
എന്നിരുന്നാലും റെഡ് ബോളില്‍ ട്രാവിസ് ഹെഡ് ഇന്ത്യയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് എന്നത് ബൗളര്‍മാര്‍ക്ക് ഏറെ വെല്ലുവിളി ഉണ്ടാക്കുന്നതാണ്.
പരമ്പരയില്‍ അവശേഷിക്കുന്ന മൂന്ന് മത്സരത്തിലെ രണ്ട് മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ ഉറപ്പിക്കാം. എന്നിരുന്നാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയുള്ളത് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. വരും ടെസ്റ്റില്‍ വിജയം മാത്രം ലക്ഷ്യം വെച്ചാകും ഇന്ത്യ ഇറങ്ങുന്നത്.
Content Highlight: India Does Not Worry About Travis Head In Third Test Against Australia