തോല്‍വിയും ഒപ്പം നാണക്കേടിന്റെ അങ്ങേയറ്റവും; തല കുനിച്ച് ഇന്ത്യ
Sports News
തോല്‍വിയും ഒപ്പം നാണക്കേടിന്റെ അങ്ങേയറ്റവും; തല കുനിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th January 2023, 5:29 pm

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനിയച്ച ഇന്ത്യക്ക് പിഴക്കുകയായിരുന്നു. ലങ്കന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ടിന് മുമ്പില്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യക്ക് സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 190 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ ബാറ്റിങ്ങിനിറങ്ങും മുമ്പ് തന്നെ ഒരു മോശം റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു മത്സരത്തില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന ഫുള്‍ മെമ്പര്‍ നേഷന്‍ എന്ന മോശം റെക്കോഡാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്.

ഏഴ് നോ ബോള്‍ ആണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ എറിഞ്ഞത്. അതില്‍ അഞ്ചെണ്ണം അര്‍ഷ്ദീപ് സിങ്ങും രണ്ടെണ്ണം ഉമ്രാന്‍ മാലിക്കുമായിരുന്നു എറിഞ്ഞത്.

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, അയര്‍ലാന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഈ മോശം റെക്കോഡിനുടമയായിരിക്കുന്നത്.

എന്നാല്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം നോ ബോള്‍ എറിഞ്ഞതിന്റെ റെക്കോഡ് ഘാനയുടെ പേരിലാണ്. ഉഗാണ്ടക്കെതിരായ മത്സരത്തില്‍ പത്ത് നോ ബോള്‍ എറിഞ്ഞാണ് ഘാന മോശം റെക്കോഡിന് ഉടമകളായത്.

കഴിഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാ ഇനത്തില്‍ 12 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ വിട്ടുനല്‍കിയത്. ഏഴ് നോ ബോളിനൊപ്പം നാല് വൈഡും ഇന്ത്യ എറിഞ്ഞിരുന്നു. ഒരു റണ്‍സ് ലെഗ് ബൈ ആയാണ് ലങ്കയുടെ അക്കൗണ്ടിലെത്തിയത്.

അര്‍ഷ്ദീപ് ആകെയെറിഞ്ഞ രണ്ട് ഓവറില്‍ നിന്നുമാണ് അഞ്ച് നോ ബോള്‍ എറിഞ്ഞത്. ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നോ ബോള്‍ എറിഞ്ഞ അര്‍ഷ്ദീപ് തുടര്‍ച്ചയായി ഏറ്റവുമധികം നോ ബോള്‍ എറിയുന്ന താരം എന്ന അനാവശ്യ റെക്കോഡും തന്റെ പേരിലാക്കിയിരുന്നു.

രണ്ട് ഓവറില്‍ നിന്നും വിക്കറ്റൊന്നും നേടാതെ 37 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. 18.50 ആയിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇടംകയ്യന്‍ പേസറുടെ എക്കോണമി.

രണ്ടാം മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ 1-1ന് മുമ്പിലെത്താനും ലങ്കക്കായി. ജനുവരി ഏഴ് ശനിയാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

 

Content highlight: India creates an unwanted record in India vs Sri Lanka second T20