Advertisement
national news
ലഡാക്കില്‍ ഇന്ത്യ-ചൈന സേനകള്‍ മുഖാമുഖം; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 08, 11:15 am
Tuesday, 8th September 2020, 4:45 pm

ന്യൂദല്‍ഹി: ലഡാക്കിലെ റെസാങ് ലേയില്‍ ഇന്ത്യ-ചൈന സേനകള്‍ മുഖാമുഖമെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സംഘര്‍മൊഴിവാക്കാന്‍ കരസേനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ഇന്ത്യ നിയന്ത്രണ രേഖ മറികടന്നുവെന്ന് ചൈനയും ചൈനീസ് സേന അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തിയെന്ന് ഇന്ത്യയും പറഞ്ഞു.

ചൈന നിയന്ത്രണ രേഖ മറികടന്ന് വെടിയുതിര്‍ത്തുവെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെ ഇന്ത്യ അതിര്‍ത്തിയില്‍ മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സഹോ ലിജാന്‍ പ്രതികരിച്ചു.

ഇന്ത്യ അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തതിനാല്‍ ചൈന പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഇന്ത്യയുടെ പ്രവൃത്തികള്‍ അതിര്‍ത്തിയിലെ സേനയെ പ്രകോപിപ്പിക്കുന്ന വിധത്തിലാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിക്കുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ നിന്ന് ഒരിഞ്ച് പിന്‍വാങ്ങില്ലെന്നാണ് ചൈനീസ് നിലപാട്.

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തതിന് പിന്നാലെ സെപ്തംബര്‍ ആദ്യവാരം വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇതുവരെയുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായി ചൈന പ്രവര്‍ത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന്
ചൈനയുടെ ഏത് കടന്നുകയറ്റ ശ്രമത്തെയും ശക്തമായി പ്രതിരോധിക്കാന്‍ വിദേശകാര്യ മന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും സേനാമേധാവികളും പങ്കെടുത്തിരുന്നു.

അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ കൂടുതല്‍ സേനയെ ഇന്ത്യ എത്തിച്ചിട്ടുണ്ട്. ഇതില്‍ ചൈനയ്ക്ക് അതൃപ്തിയുണ്ടായിട്ടുണ്ട്. എന്നാല്‍ സേനയെ പിന്‍വലിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെ ഇന്ത്യ ചൈനയില്‍ നിന്നുള്ള കൂടുതല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India China face  off at Ladakh