India China Boarder
അതിര്‍ത്തിയിലെ നീക്കത്തില്‍ തെറ്റുപറ്റിയില്ലെന്ന് വാദിച്ച് ചൈന; പരമാധികാരം സംരക്ഷിക്കുന്നത് തുടരുമെന്നും രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 07, 07:01 am
Tuesday, 7th July 2020, 12:31 pm

ബീജിംങ്: ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ ചൈന.

ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് നടത്തിയ ചര്‍ച്ചക്ക് പിന്നാലെ ചൈനയുടെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക പേജില്‍ നല്‍കിയ കുറിപ്പിലാണ് തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ല എന്ന സൂചന ചൈന നല്‍കിയിരിക്കുന്നത്.

ഭീഷണി ഉയര്‍ത്തുന്നതിനുപകരം ഇരു രാജ്യങ്ങളും പരസ്പരം വികസനത്തിനുള്ള അവസരങ്ങള്‍ നല്‍കുന്നുവെന്ന തന്ത്രപരമായ വിലയിരുത്തല്‍ ഇരുപക്ഷവും പാലിക്കണമെന്നും ചൈന-ഇന്ത്യ ഉഭയകക്ഷി ബന്ധം അഭിമുഖീകരിക്കുന്ന നിലവിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഇരുപക്ഷവും വലിയ ശ്രദ്ധ ചെലുത്തി എത്രയും വേഗം അതിനെ മറികടന്ന് പ്രവര്‍ത്തിക്കണമെന്നും പറയുന്ന ചൈന അതേസമയം തന്നെ തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലാ എന്ന നിലപാടാണ് ചൈന ആവര്‍ത്തിക്കുന്നത്.

ചൈന -ഇന്ത്യ അതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ ശരിയും തെറ്റും വളരെ വ്യക്തമാണെന്നാണ് ചൈന ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്. ഇരുസൈന്യങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട കാര്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല.

” ചൈന-ഇന്ത്യ അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഗല്‍വാന്‍ താഴ്വരയില്‍ അടുത്തിടെ സംഭവിച്ചതിന്റെ ശരിയും തെറ്റും വളരെ വ്യക്തമാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും നമ്മുടെ പ്രാദേശിക പരമാധികാരവും സംരക്ഷിക്കുന്നത് ചൈന കര്‍ശനമായി തുടുരും”, കുറിപ്പില്‍ പറയുന്നു.

അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയും തമ്മില്‍ ജൂലൈ അഞ്ചിനാണ് ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയത്.

അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ സമവായമുണ്ടായതായി ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ