ബി.ജെ.പിയുടെ മാത്രം മൗത്ത് പീസാകരുത്; ഫേസ്ബുക്കിനും യൂട്യൂബിനും ഇന്ത്യയുടെ കത്ത്
ന്യൂദല്‍ഹി: ഭരണകക്ഷിയായ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കുന്നത്തിനായി കൂട്ടുനില്‍ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളുടെ തലവന്മാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ കത്ത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുടെ നിയന്ത്രണമുള്ള മെറ്റ മേധാവി സുക്കന്‍ ബര്‍ഗിനും യുട്യൂബ്, ഗൂഗിള്‍ നിയന്ത്രിക്കുന്ന ആല്‍ഫബെറ്റ് തലവന്‍ സുന്ദര്‍ പിച്ചേക്കുമാണ് കത്ത് നല്‍കിയിരിക്കുന്നത്
ഇന്ത്യയിലെ ജനാധിപത്യത്തില്‍ വിദേശ സ്വകാര്യ കമ്പനികള്‍ പക്ഷപാതപരമായാണ് ഇടപെടുന്നത്. ബി.ജെ.പിയുടെ അജണ്ടകള്‍ വളര്‍ത്തുന്നതിനായി സമൂഹ മാധ്യമങ്ങള്‍ അവരോടൊപ്പം നില്‍ക്കുന്നു. വാഷിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണത്തില്‍ നിന്നും
ഇന്ത്യന്‍ ജനതയില്‍ സൗഹാര്‍ദം തകര്‍ക്കുന്നതും വര്‍ഗീയത വളര്‍ത്തുന്നതുമായ ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് കൂട്ടിനില്‍ക്കുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ കത്ത്.
വിദ്വേഷം വളര്‍ത്തുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ കുറ്റക്കാര്‍ തന്നെയാണെന്ന് ഇന്ത്യ സഖ്യത്തിന്റെ കത്ത് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ആശയങ്ങളെ വികൃതമാക്കുന്ന രീതിയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കരുതെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചേയോട് മറ്റൊരു പോസ്റ്റിലൂടെ ഖാര്‍ഗെ പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ നിരന്തരമായി പ്രതിപക്ഷത്തെയും നിലപാടുകളെയും തുടച്ച് മാറ്റുന്നതിലൂടെ ബി.ജെ.പി നിലപാടുകള്‍ എല്ലാം ശരിയാണെന്ന് വിശ്വസിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ മുതിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞെടുപ്പില്‍ നിക്ഷപക്ഷമായി പ്രവര്‍ത്തിക്കണമെന്നാണ് ഇന്ത്യ സഖ്യം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നിലപാടുകളെ ഒതുക്കുന്ന അല്‍ഗോരിതം മോഡറേഷനും അടിച്ചമര്‍ത്തലിനുമുള്ള തെളിവുകള്‍ സഖ്യത്തിന്റെ കയ്യില്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു.
28 പാര്‍ട്ടികളുടെ സഖ്യമാണ് ഇന്ത്യ. 11 സംസ്ഥാനങ്ങളില്‍ ഭരിക്കുന്ന ഇന്ത്യ സഖ്യത്തിന് ഇന്ത്യയിലെ ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണയുണ്ട്. അതുകൊണ്ടു തന്നെ പ്രതിപക്ഷ സഖ്യത്തെ വിലകുറച്ചു കാണേണ്ടതില്ലെന്നും കത്തില്‍ കുറിക്കുന്നു. അഹിസംയുടെ നേതാവായ മഹാത്മാ ഗാന്ധിയുടെ ജന്മമാസത്തില്‍ ഇത്തരത്തില്‍ കത്ത് എഴുതേണ്ടി വരുന്നത് വിരോധാഭാസമാണെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കരുതെന്നും കത്തില്‍ സഖ്യം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്, ശിവസേന , എന്‍.സി.പി, ജെ.എം.എം, ഡി.എം.കെ, ആര്‍.ജെ.ഡി, സി.പി.ഐ.എം, പി.ഡി.പി തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടി നേതാക്കന്മാരെയും പ്രതിനിധീകരിച്ചുകൊണ്ടാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചത്.
Content Highlight: INDIA bloc writes to meta and Google to remain neutral