റാഞ്ചി: ഇന്ത്യാ സഖ്യം ബി.ജെ.പിയെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവുമായ ഹേമന്ദ് സോറൻ. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഹുൽ ദിവാസ് പരിപാടിയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ജയിൽ മോചിതനായതിൽ ബി.ജെ.പിക്ക് കടുത്ത അമർഷമുണ്ടെന്നും, തനിക്കെതിരെ ഗൂഢാലോചന നടത്താനാണ് അവർ ശ്രമിക്കുന്നതെന്നും ഹേമന്ദ് സോറൻ പറഞ്ഞു. സംസ്ഥാനം ധീരരായ ആളുകളുടെ നാടാണെന്നും ആരെയും പേടിക്കേണ്ടതില്ലെന്നും സോറൻ കൂട്ടിച്ചേർത്തു.
‘ധീരരായ ജനങ്ങളുടെ നാടാണ് ജാർഖണ്ഡ്. നമുക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് പേരുള്ള നാട്. ഇവിടെ ചിലർ നമ്മെ ഭയപ്പെടുത്താൻ ശ്രമിക്കും, പക്ഷേ അത് ക്ഷണികമാണ്, നമ്മൾ ഭയപ്പെടേണ്ടതില്ല. ബി.ജെ.പി ക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനമാണ് ഇനി നമ്മൾ കാണാൻ പോകുന്നത്.
ജാർഖണ്ഡിലെ ജനങ്ങൾ ബി.ജെ.പി യെ വെറുതെ വിടില്ല. അവർ ബി.ജെ.പി ക്കെതിരെ പ്രക്ഷോഭം നയിക്കും. ബി.ജെ.പിയുടെ ശവപ്പെട്ടിയിൽ നിന്നും അവസാന ആണിയും പുറത്തെടുക്കേണ്ട സമയം അതിക്രമിച്ചു. ബി.ജെ.പി അധികം വൈകാതെ ഇവിടെ നിന്നും തുടച്ചു നീക്കപ്പെടും.’ ഹേമന്ദ് സോറൻ പറഞ്ഞു.
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബി.ജെ.പി കയ്യടക്കി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവർക്ക് ശക്തമായ തിരിച്ചടി നൽകിയെന്നും ഹേമന്ദ് സോറൻ പറഞ്ഞു. അഞ്ച് മാസത്തിന് ശേഷം ജയിൽ മോചിതനായതിന് ശേഷം ഞാൻ ഭഗവാൻ ബിർസ മുണ്ടയെ വണങ്ങുകയായിരുന്നുവെന്നും സോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏറിയും കുറഞ്ഞും ആദിവാസികളും കർഷകരും ന്യൂനപക്ഷങ്ങളും നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ ഇന്നും സമാനമായ രീതിയിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.