Advertisement
Sports News
ടി-20യില്‍ ചക്രവര്‍ത്തി മാത്രം, സച്ചിനൊപ്പം റെക്കോഡില്‍; തോറ്റ മത്സരത്തിലും താരമാകുന്ന തകര്‍പ്പന്‍ പ്രകടനം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 29, 04:01 am
Wednesday, 29th January 2025, 9:31 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്റെ മികച്ച വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുത്തത് ഇന്ത്യന്‍ സൂപ്പര്‍ താരം വരുണ്‍ ചക്രവര്‍ത്തിയെയാണ്. കരിയറിലെ രണ്ടാം ടി-20ഐ ഫൈഫറുമായി തിളങ്ങിയാണ് ചക്രവര്‍ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ ചക്രവര്‍ത്തി അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ പവലിയനിലേക്ക് തിരിച്ചയച്ചത്.

ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ പരാജയപ്പെട്ട മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ചക്രവര്‍ത്തി തന്റെ പേരിലെഴുതിച്ചേര്‍ത്തു.

ടെസ്റ്റ് ഫോര്‍മാറ്റിലും ഏകദിന ഫോര്‍മാറ്റിലും ഇന്ത്യ പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിന്റെ റെക്കോഡ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലാണ്. ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ട മൂന്ന് മാച്ചില്‍ സച്ചിന്‍ കളിയിലെ താരമായപ്പോള്‍ ഏകദിനത്തില്‍ ആറ് തവണയാണ് ഇത്തരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാസംണിന്റെ കൈകളിലെത്തിച്ചാണ് വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പന്തെറിഞ്ഞത് ചക്രവര്‍ത്തിയാണെങ്കിലും ഈ വിക്കറ്റിന്റെ ഫുള്‍ ക്രെഡിറ്റ് സഞ്ജുവിനുള്ളതായിരുന്നു.

പന്തെറിഞ്ഞ ചക്രവര്‍ത്തിക്ക് പോലും ഉറപ്പില്ലാതിരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധപൂര്‍വം ഡി.ആര്‍.എസ് എടുത്ത സഞ്ജു ബട്‌ലറിന് പവലിയനിലേക്ക് വഴിയൊരുക്കി.

വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിനെയും സൂപ്പര്‍ താരം ജെയ്മി ഓവര്‍ട്ടണിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ താരം ഹാട്രിക് നേടുമെന്ന് കരുതി. എന്നാല്‍ ക്രീസിലെത്തിയ ബ്രൈഡന്‍ കാര്‍സ് പന്ത് ഡിഫന്‍ഡ് ചെയ്ത് താരത്തിന് ഹാട്രിക് നിഷേധിച്ചു.

എന്നാല്‍ അധികം വൈകാതെ വരുണ്‍ ചക്രവര്‍ത്തിക്ക് തന്നെ വിക്കറ്റ് നല്‍കി കാര്‍സ് പുറത്തായി. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിനെ മടക്കിയാണ് ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ച സ്വയം തയ്യാറെടുത്ത വരുണ്‍ ചക്രവര്‍ത്തി പലതും പലര്‍ക്കും മുമ്പില്‍ തെളിയിച്ചാണ് കളിയിലെ താരമായി മടങ്ങിയത്.

വരും മത്സരങ്ങളിലും വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ നിരയില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. നാലാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും പരമ്പരയിലൊപ്പമെത്താന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ എം.സി.എയില്‍ തീ പാറുമെന്നുറപ്പാണ്.

 

 

Content Highlight: IND vs ENG: Varun Chakravarthy becomes the first T20I player to win Player Of The Match award in India in Lost matches