സേവാഗിനെ കടത്തിവെട്ടി; കടുവ മര്‍ദകനായി സഞ്ജുവിന്റെ വലംകൈ
Sports News
സേവാഗിനെ കടത്തിവെട്ടി; കടുവ മര്‍ദകനായി സഞ്ജുവിന്റെ വലംകൈ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 3:18 pm

 

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ഏറെക്കുറെ സമനിലയില്‍ കലാശിക്കുമെന്ന് ഉറച്ച മത്സരത്തില്‍ റെക്കോഡുകള്‍ തകര്‍ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ബംഗ്ലാ ബൗളര്‍മാരെ അടിച്ചുകൂട്ടിയാണ് ഇന്ത്യ റെക്കോഡ് നേട്ടങ്ങള്‍ ഒന്നൊന്നായി തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ക്കുന്നത്. വേഗതയേറിയ ടീം ഫിഫ്റ്റിയുടെ നേട്ടമാണ് ഇതില്‍ ആദ്യം. 18ാം പന്തിലാണ് ഇന്ത്യ ടീം സ്‌കോര്‍ 50 കടത്തിയത്. ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട്ടില്‍ 2024ല്‍ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തമാക്കിയ 4.2 ഓവറില്‍ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

11ാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ നൂറും കടന്നു. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ സ്വന്തം റെക്കോഡ് തിരുത്തിയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും അടക്കം 72 റണ്‍സാണ് താരം നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ജെയ്‌സ്വാള്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയാണ് ജെയ്‌സ്വാള്‍ റെക്കോഡിട്ടത്. നേരിട്ട 31ാം പന്തിലായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം.

ഇന്ത്യന്‍ താരങ്ങളുടെ വേഗമേറിയ ടെസ്റ്റ് 50

(താരം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ശ്രീലങ്ക – 28 – 2022

കപില്‍ ദേവ് -പാകിസ്ഥാന്‍ – 30 – 1982

യശസ്വി ജെയ്‌സ്വാള്‍ – ബംഗ്ലാദേശ് – 31 – 2024*

ഷര്‍ദുല്‍ താക്കൂര്‍ – ഇംഗ്ലണ്ട് – 31 – 2021

വിരേന്ദര്‍ സേവാഗ് – ഇംഗ്ലണ്ട് – 32 – 2008

അതേസമയം, നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 141ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 35 പന്തില്‍ 39 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ആറ് പന്തില്‍ അഞ്ച് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം മോമിനുള്‍ ഹഖിന്റെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

194 പന്ത് നേരിട്ട് പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്. 17 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മോമിനുള്‍ ഹഖിന്റെ ഇന്നിങ്‌സ്.

57 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ടീമിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. ആകാശ് ദീപ്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

 

 

Content highlight: IND vs BAN: Yashasvi Jaiswal smashed 3rd fastest test century among Indians