തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടും വിരമിയ്ക്കല്‍ തീയ്യതി ഏകീകരിച്ചുകൊണ്ടുമുള്ള ബജറ്റ് പ്രഖ്യാപനം വന്‍രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പ്രഖ്യാപനം വന്ന ഉടന്‍ തന്നെ യുവ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ ഇറങ്ങി പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയാണ്. പ്രഖ്യാപനത്തെ ഭരണപക്ഷത്തെ എം.എല്‍.എമാരും എതിര്‍ക്കാനിടയുണ്ട്. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെയാണ് നയപരമായ ഈ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്.
അതേസമയം നിര്‍ണ്ണായകമായ ഈ ബജറ്റ് പ്രഖ്യാപനം മംഗളം ദിനപത്രം ചോര്‍ത്തിയത് വിവാദമായിരിക്കയാണ്. മംഗളത്തിലെ വി.വി അരുണ്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പത്രം ഇന്ന് ലീഡ് വാര്‍ത്തയായാണ് നല്‍കിയത്. ബജറ്റ് ചോര്‍ന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം ഇത് വീണ്ടും ശക്തമായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഏറെക്കാലമായി ചര്‍ച്ച ചെയ്യുകയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തതാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍. വന്‍ വിവാദമാകുന്ന തീരുമാനം മുന്നണിയില്‍പ്പോലും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പ്രഖ്യാപിച്ചത് വിമര്‍ശനത്തിനിടയാക്കും. തീരുമാനത്തിനെതിരെ യുവജന സംഘടനകളും ശക്തമായി രംഗത്തെത്തും.
അതേസമയം വിരമിക്കല്‍ തീയതി ഏകീകരിച്ചതിലൂടെ മുന്‍സര്‍ക്കാര്‍ ഫലത്തില്‍ പെന്‍ഷന്‍ പ്രായം 56 ആക്കി എന്നതാണു പുതിയ തീരുമാനത്തിനു ന്യായമായി മന്ത്രി കെ.എം. മാണി ബജറ്റില്‍ പറയുന്നത്. വിരമിക്കല്‍ ഏകീകരിച്ചതോടെ പല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 55 വയസ് പിന്നിട്ട് 11 മാസംവരെ സര്‍വീസ് ലഭിക്കുന്നുണ്ട.് അതേസമയം എല്ലാ ജീവനക്കാര്‍ക്കും ഇത്രയും കാലയളവ് സര്‍വീസ് ലഭിക്കുന്നുമില്ല. ഈ വിവേചനം ഒഴിവാക്കാനാണ് പ്രായപരിധി 56 ആക്കി ഉയര്‍ത്തുന്നതെന്നാണ് മാണിയുടെ വാദം.
കൂട്ടവിരമിക്കല്‍ പിന്‍വലിക്കുന്നതിനും ബജറ്റിലെ ന്യായവാദങ്ങളുണ്ട്. “ഏകീകരണനടപടി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പി.എസ്.സി. റാങ്ക് ജേതാക്കള്‍ക്കും ഒരുപോലെ അസൗകര്യം ഉളവാക്കുന്നതും അശാസ്ത്രീയവുമായിരുന്നു. കുറെ ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തോളം സേവനദൈര്‍ഘ്യം ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ഇത്തരമൊരു നടപടി കേന്ദ്രത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ളതായി അറിയില്ല. ഇടയ്ക്കിടെയുള്ള നിയമനത്തിന് തടസമാകുന്ന സാഹചര്യവും മാര്‍ച്ച് 31നു കൂട്ടവിരമിക്കല്‍മൂലം ഭരണസംവിധാനത്തിന്റെ താളംതെറ്റലും ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. പെന്‍ഷന്‍ പ്രായ ഏകീകരണം പിന്‍വലിക്കുകയാണു പ്രശ്‌നപരിഹാരത്തിനുള്ള ഏകപോംവഴി. അപ്രകാരം ചെയ്യുമ്പോള്‍ മുന്‍കാലത്തെപ്പോലെ വിരമിക്കല്‍ പ്രായം എത്തുന്ന മുറയ്ക്ക് ജീവനക്കാര്‍ പിരിഞ്ഞുപോകുകയും കൂട്ടവിരമിക്കല്‍ ഒഴിവാകുകയും ഏപ്രില്‍ മുതല്‍ വിരമിച്ചു തുടങ്ങുകയും തദനുസൃതമായി നിയമനം നടക്കുകയും ചെയ്യും.
പി.എസ്.സി. ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ അവസരങ്ങളെ ഒരു കാരണവശാലും ബാധിക്കരുതെന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക സംവിധാനമെന്ന നിലയ്ക്ക് ഈവര്‍ഷം മാര്‍ച്ച് 31നു വിരമിക്കുകയായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഒഴിവുകളെല്ലാം പി.എസ്.സിക്ക് അതേപടി റിപ്പോര്‍ട്ട് ചെയ്യും. ഉദ്യോഗാര്‍ഥി നിയമനത്തിന് എത്തുമ്പോള്‍ ഒഴിവില്ലെങ്കില്‍ ഒരുവര്‍ഷത്തില്‍ കുറഞ്ഞ കാലയളവിലേക്ക് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം ഒഴിവുണ്ടാകുമ്പോള്‍ അതിലേക്കു മാറ്റി നിയമിക്കുന്നതുമാണെന്നും മാണി ബജറ്റ് വ്യക്തമാക്കുന്നു.