പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു; അന്വേഷണത്തിന് ഉത്തരവിട്ടു
World News
പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു; അന്വേഷണത്തിന് ഉത്തരവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th October 2022, 2:01 pm

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പഞ്ചാബിലെ നിഷ്താര്‍ (Nishtar) ആശുപത്രിയുടെ മേല്‍ക്കൂരയിലാണ് ഡസനിലധികം മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ലാഹോര്‍ നഗരത്തില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ അകലെയുള്ള മുള്‍ട്ടാനിലാണ് ഈ ആശുപത്രി.

സംഭവം പുറത്തുവന്നയുടന്‍ പഞ്ചാബ് മുഖ്യമന്ത്രി ചൗധരി സമാന്‍ ഗുജ്ജാറിന്റെ (Chaudhry Zaman Gujjar) ഉപദേഷ്ടാവ് ആശുപത്രി സന്ദര്‍ശിക്കുകയും ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഉത്തരവിടുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണത്തിന് സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് സെക്രട്ടറി മുസാമില്‍ ബഷിറിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അതേസമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേല്‍ക്കൂരയില്‍ നിരവധി അഴുകിയ മൃതദേഹങ്ങള്‍ കിടക്കുന്നതായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ മൃതദേഹങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിയമങ്ങള്‍ക്കനുസൃതമായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചതെന്നും നിഷ്താര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മറിയം അഷര്‍ഫ് പ്രതികരിച്ചു.

”ഇത്തരം ശരീരങ്ങളില്‍ അഴുകല്‍ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അവ വിവിധ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി മേല്‍ക്കൂരയില്‍വെച്ചു. ഈ മൃതദേഹങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണ്.

ഇത് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ചെയ്യുന്നത്,” മറിയം അഷര്‍ഫ് പറഞ്ഞു.

Content Highlight: In Pakistan Punjab province several decomposed bodies found on hospital roof, probe ordered