ഒമ്പത് വര്‍ഷത്തിനിടയ്ക്ക് കേവലം രണ്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍.
2013ല്‍ പുറത്തിറങ്ങിയ നേരവും 2015 ല്‍ പുറത്തിറങ്ങിയ പ്രേമവും കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ തരംഗമായതിന് പുറമേ പ്രേമം തമിഴ്‌നാട്ടില്‍ 100 ദിവസമാണ് ഓടിയത്.
നേരത്തിനും പ്രേമത്തിനും ശേഷം താന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണെന്ന് അല്‍ഫോന്‍സ് പുത്രന്‍ നേരത്തെ പറഞ്ഞിരുന്നു.
അതുപോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാമലയാള അക്ഷരം ‘ഋ’ എങ്ങനെ സ്വരാക്ഷരമായി എന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍.
അതുപോലെ ‘അം’എന്ന അക്ഷരവും സ്വരാക്ഷരത്തില്‍ അങ്ങനെ വന്നു എന്നും രണ്ടും നാക്ക് ഉപയോഗിക്കാതെ പറയാന്‍ പറ്റാത്തതിനാല്‍ അത് വ്യഞ്ജനാക്ഷരമായി മാറ്റേണ്ടതല്ലേയെന്നാണ് അല്‍ഫോന്‍സ് ചോദിക്കുന്നത്. തന്റെ ഈ സംശയം കൈതപ്രം തിരുമേനിയോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘മലയാളം ഭാഷയില്‍ ‘ഋ’ എന്ന അക്ഷരം സ്വരാക്ഷരങ്ങളില്‍ എങ്ങനെ വന്നു ? സ്വരാക്ഷരം എന്നാല്‍ നാക്കും ചുണ്ടും മുട്ടാതെ പറയേണ്ട വാക്കുകള്‍ അല്ലെ ? ‘ ഋ ‘ പറയുമ്പോള്‍ എങ്ങന നോക്കിയാലും നാക്കു ഉപയോഗിക്കാതെ പറയാന്‍ പറ്റില്ല. ഞാന്‍ ഇതിനെ കുറിച്ച് കൈതപ്രം തിരുമേനിയോട് ചോദിച്ചു.
അദ്ദേഹം പറഞ്ഞത് എന്റെ സംശയം ശെരിയാണ്. ‘ഋ ‘ സ്വരാക്ഷരത്തില്‍ ഉള്‍പെടുത്താന്‍ പാടുള്ളതല്ല.അതുപോലെ തന്നെ ‘അം’ ചുണ്ടു മുട്ടാതെ പറയാന്‍ പറ്റില്ല. അതും എങ്ങനെ സ്വരാക്ഷരത്തില്‍ വന്നു ? ഇത് രണ്ടും വ്യഞ്ജന അക്ഷരങ്ങളായി മാറ്റേണ്ടേ ? ഇല്ലെങ്കില്‍ തുടക്കം തന്നെ തെറ്റാവില്ലേ ഭാഷയില്‍,’ അല്‍ഫോണ്‍സ് പുത്രന്‍ എഴുതി.
നേരത്തെ സിനിമയുടെ എഡിറ്റിംഗിനെക്കുറിച്ച് അല്‍ഫോണ്‍സിന്റെ കാഴ്ചപ്പാടുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ എഡിറ്റ് ചെയ്യണമെങ്കില്‍ ജീവിതത്തില്‍ എറ്റവും ക്ഷമയുള്ള വ്യക്തിയാവണം എന്നാണ് അല്‍ഫോണ്‍സ് പറഞ്ഞിരുന്നത്.