ഗസ: ഇസ്രഈൽ ഉപരോധത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ കാറുകൾ നിരത്തിലിറക്കാൻ കഴിയാതെ യാത്രാക്ലേശം അനുഭവിക്കുകയാണ് ഗസ നിവാസികൾ. തുടർന്ന്, കഴുത വണ്ടിയും കുതിര വണ്ടിയും പോലുള്ള മൃഗങ്ങൾ വഹിക്കുന്ന വാഹനങ്ങളിൽ സഞ്ചരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഗസയിലെ ജനങ്ങൾ.
കുടിയിറക്കപ്പെട്ട ആളുകളെ ഉൾപ്പെടെ വഹിച്ച് മൃഗങ്ങൾ വഹിക്കുന്ന നിരവധി വാഹനങ്ങളാണ് മുമ്പ് ഗസയിലെ തിരക്കേറിയ തെരുവായിരുന്ന ദെയ്ർ അൽ ബലയിൽ കാണപ്പെടുന്നത്.
‘ഓരോ ദിവസം കഴിയും തോറും ഇന്ധനത്തിന്റെ അഭാവം രൂക്ഷമാകുകയാണ്. ഈ വണ്ടികളെല്ലാം മൃഗങ്ങൾ വഹിക്കുന്നതാണ്. ഇന്ധനം ആവശ്യമില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തെ അതിജീവിക്കാൻ ഇതൊരു പ്രധാന മാർഗമായിരിക്കുന്നു,’ കുതിരവണ്ടിയുടെ ഉടമയായ അബു മുഹമ്മദ് അസൈസ പറയുന്നു.
2009ലെയും 2014ലെയും ഇസ്രഈൽ യുദ്ധങ്ങളെ തുടർന്നുണ്ടായ ഇന്ധന ക്ഷാമത്തെ കുറിച്ചും അസൈസ പറഞ്ഞു. എന്നാൽ തെരുവിൽ ഒരു കാർ പോലും ഇല്ലാത്ത അവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.