ഫഹദുമായുള്ള ചിത്രം ഉറപ്പായും ഉണ്ടാകും, എന്നാണെന്ന് മാത്രം ചോദിക്കരുത്: വെളിപ്പെടുത്തി ബോളിവുഡ് ഹിറ്റ്‌മേക്കര്‍
Film News
ഫഹദുമായുള്ള ചിത്രം ഉറപ്പായും ഉണ്ടാകും, എന്നാണെന്ന് മാത്രം ചോദിക്കരുത്: വെളിപ്പെടുത്തി ബോളിവുഡ് ഹിറ്റ്‌മേക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 6:45 pm

കേരളത്തിന് പുറത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന മലയാളനടനാണ് ഫഹദ് ഫാസില്‍. കൊവിഡ് കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ജോജി മുതല്‍ക്കാണ് ഫഹദിന്റെ പേര് ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായത്. അന്യഭാഷയില്‍ നായകവേഷം ചെയ്യാതെ തന്നെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനാകാന്‍ ഫഹദിന് സാധിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ആവേശവും ഒ.ടി.ടി. റിലീസിന് ശേഷം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഫഹദ് ബോളിവുഡില്‍ അരങ്ങേറുന്നു എന്ന് ഈയിടെ ഒരുപാട് റൂമറുകള്‍ ഉയര്‍ന്നുവന്നിരുന്നു. ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും ഫഹദിന്റെ അരങ്ങേറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇംതിയാസ് അലി.

ഫഹദിനെ നായകനാക്കി താന്‍ സിനിമയൊരുക്കുന്നു എന്ന റൂമറുകള്‍ താനും കേട്ടിരുന്നുവെന്നും ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും ഇംതിയാസ് അലി പറഞ്ഞു. ഇന്‍ബോക്‌സില്‍ ഇക്കാര്യം പലരും ചോദിക്കുമ്പോള്‍ പോലും താന്‍ അത് മൈന്‍ഡ് ചെയ്യാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് പറ്റിയ സാഹചര്യമല്ലെന്നും ഇംതിയാസ് അലി കൂട്ടിച്ചേര്‍ത്തു. ഫഹദുമായി ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അത് ചിലപ്പോള്‍ താന്‍ സംവിധാനം ചെയ്‌തേക്കില്ലെന്നും ഇംതിയാസ് പറഞ്ഞു.

താനും ഫഹദും ഒരുമിച്ചുള്ള ചിത്രം ഉറപ്പായും ഉണ്ടാകുമെന്നും എന്നാല്‍ എത് എന്ന് തുടങ്ങുമെന്ന് പറയാന്‍ കഴിയില്ലെന്നും ഇംതിയാസ് അലി കൂട്ടിച്ചേര്‍ത്തു. അടുത്ത ചിത്രം എന്തായാലും ഫഹദുമായുള്ള ചിത്രമാകില്ലെന്നും ഇംതിയാസ് അലി പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ സംഘടിപ്പിച്ച റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ഇംതിയാസ് അലി.

ഫഹദിനെ നായകാനക്കി ഞാന്‍ സിനിമ ചെയ്യുന്നുവെന്ന റൂമറുകള്‍ കേട്ടിരുന്നു. അദ്ദേഹവുമായി വര്‍ക്ക് ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ആ സിനിമയെപ്പറ്റി പലരും ചോദിക്കുമ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഇപ്പോള്‍ എല്ലാവരും ചുറ്റിവളഞ്ഞതുകൊണ്ട് മറുപടി പറയാം. ഫഹദുമായി ഒരു സിനിമ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഞാനത് സംവിധാനം ചെയ്യില്ലെന്ന് വരാം. പക്ഷേ ഫഹദും ഞാനും തമ്മിലുള്ള സിനിമ തീര്‍ച്ചയായും ഉണ്ടാകും. അത് എന്തായാലും അടുത്ത സിനിമയാകില്ല,’ ഇംതിയാസ് അലി പറഞ്ഞു.

ജബ് വീ മെറ്റ്, റോക്ക്‌സ്റ്റാര്‍, ലവ് ആജ് കല്‍, ഹൈവേ, തമാശ, അമര്‍ സിങ് ചംകീല തുടങ്ങിയ മികച്ച ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സംവിധായകനാണ് ഇംതിയാസ് അലി. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം ഇംതിയാസില്‍ കൂടെയാകുമ്പോള്‍ മികച്ച സിനിമയില്‍ കുറഞ്ഞതൊന്നും സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്നില്ല. തൃപ്തി ദിംറിയാകും ചിത്രത്തിലെ നായികയെന്ന് സൂചനകളുണ്ട്.

Content Highlight: Imtiaz Ali confirms that he’ll do a film with Fahadh Faasil