ഹൂത്തികൾ പിടിച്ചെടുത്ത ഇസ്രഈലി കപ്പൽ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രം
സനാ: ഹൂത്തികൾ പിടിച്ചെടുത്ത ഇസ്രഈലി കപ്പൽ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രം. യമൻ തീരത്തോട് ചേർന്ന് ഹൂത്തികൾ പിടിച്ചെടുത്ത കപ്പലിൽ നിന്ന് ആളുകൾ സെൽഫി എടുക്കുകയും കപ്പൽ ചുറ്റിക്കാണുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കപ്പലിന്റെ കോണിപ്പടി കയറി ആളുകൾ കപ്പൽ കാണുന്നതും മോട്ടോർ ബോട്ടുകളിൽ കപ്പലിനടുത്തേക്ക് വരികയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഹമാസിന് പിന്തുണ അറിയിച്ചുകൊണ്ട് കപ്പലിന്റെ ഒരു ഭാഗത്ത് ഗ്രഫീറ്റി പെയിന്റിങ് ചെയ്തതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേയാണ് ഗാലക്‌സി ലീഡർ എന്ന കപ്പൽ നവംബർ 19ന് ഹൂത്തികൾ പിടിച്ചെടുത്തത്. ഇതിൽ 25 പേർ ഉള്ളതായാണ് റിപ്പോർട്ട്. ഇസ്രഈലി വ്യവസായിയും ശതകോടീശ്വരനുമായ റാമി അബ്രഹാം ഉൻഗറിന്റെ ഉടമസ്ഥതതയിൽ ഉള്ളതാണ് കപ്പൽ.
ഗസയിലെയും വെസ്റ്റ് ബാങ്കിലെയും തങ്ങളുടെ ഫലസ്തീൻ സഹോദരങ്ങൾക്കെതിരെ നടക്കുന്ന ഹീനമായ പ്രവർത്തികൾക്കുള്ള മറുപടിയായാണ് കപ്പൽ പിടിച്ചെടുത്തതെന്നായിരുന്നു ഹൂത്തി വക്താവ് യഹ്യ സാരി പറഞ്ഞത്.